പെണ്ണ് കെട്ടിയതോടെ സകല സമാധാനവും നഷ്ടപ്പെട്ട ഒരു പുരുഷനാണ് ഞാൻ…
ഭാര്യ, സാരംഗിയെ എനിക്കൊരു തരത്തിലും
അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.
സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടമവൾ പറയുമെങ്കിലും, അവളുടെ സകല കാര്യങ്ങളും ഞാൻ വേണം നടത്തി കൊടുക്കാൻ.
ഭാര്യയെ നോക്കേണ്ടയുത്തരവാദിത്തം ഭർത്താവിനാണെന്ന് അവളെപ്പോഴും പറയും.
ഭർത്താവിനെ നോക്കേണ്ടത് ഭാര്യയുടെയും കടമയല്ലേ എന്ന് തിരിച്ചു ചോദിച്ചാൽ അവൾക്ക് മറുപടിയില്ല….
ഞങ്ങളുടെ വിവാഹം കഴിഞ്ഞ രണ്ടാമത്തെ ആഴ്ച തന്നെ, ഞങ്ങൾ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം മാറിയിരുന്നു.
വിവാഹം കഴിഞ്ഞാൽ ദമ്പതികൾ മാറി താമസിക്കണമെന്നാണ് അവളുടെ പക്ഷം. അതാണ് ശരിയെന്ന് എനിക്കും തോന്നിയിരുന്നു.
ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ പങ്കാളികൾ മാത്രം മതിയല്ലോ..
കാലവും കാലത്തിനൊത്തു മനുഷ്യരും മാറിയ സാഹചര്യത്തിൽ ഞാൻ മാത്രം പഴയ ചിന്തകളെയും കെട്ടിപ്പിടിച്ചിരിക്കുന്നത് ശരിയല്ലല്ലോ..
ഞങ്ങൾ രണ്ടാളും കൃത്യമായി ജോലിക്ക് പോകുന്നുണ്ട്..
ഭക്ഷണം കൂടുതലും പുറത്ത് നിന്നും ഓർഡർ ചെയ്യുകയാണ് പതിവ്.
ഭക്ഷണം തയ്യാറാക്കാനായി വെറുതെ സമയം പാഴാക്കേണ്ടതില്ലെന്നാണ് അവൾ പറയുന്നത്. ആ സമയംകൊണ്ട് മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്യാം…ജോലിചെയ്ത് പണമുണ്ടാക്കുന്നത് തന്നെ സുഖകരമായി ജീവിക്കാൻ വേണ്ടിയല്ലേയെന്ന്….
ശരിയായിരിക്കാമത്
പക്ഷെ മറ്റൊന്നുണ്ട്. ഇതിനെല്ലാം പണം ചെലവാക്കേണ്ടത് എന്റെ കീശയിൽ നിന്നാണ്.
അവളുടെ സാലറിയിൽ നിന്നും ഒരു രൂപ പോലും അവൾ ചെലവാക്കില്ല.
അതിപ്പോൾ വീടിന്റെ വാടകയോ, ഭക്ഷണത്തിന്റെ കാശോ, ഇനി അവൾക്കുള്ള വസ്ത്രങ്ങളോ മേക്കപ് സാധനങ്ങളോ എന്തുമാകട്ടെ ഞാൻ പണം മുടക്കണം..
അവളുടെ സാലറി അവൾക്ക് സേവ് ചെയ്യാനുള്ളതാണ്.
നിനക്കും കൂടെ പണം ചിലവാക്കിക്കൂടെ എന്ന് ചോദിച്ചാൽ ഒരൊറ്റ മറുപടി മാത്രം,
പിന്നെന്തിനാണ് എന്നെ വിവാഹം കഴിച്ചത്?? എന്നെ നോക്കാൻ കഴിയില്ലെങ്കിൽ വിവാഹം കഴിക്കേണ്ടിയിരുന്നില്ലല്ലോ എന്ന്.
ഈ നവയുഗത്തിലും ഭാര്യയെ പോറ്റേണ്ടത് ഭർത്താവ് മാത്രമാണെന്നും,
അല്ലെങ്കിൽ ഭർത്താവിന്റെ ശാ.രീ.രിക ആവശ്യത്തിനുവേണ്ടി മാത്രമാണ് പെണ്ണ് കെട്ടുന്നത് എന്നുമുള്ള ചിന്താഗതിക്ക് മാത്രം ഇപ്പോഴും മാറ്റമില്ല.
സ്ത്രീകൾക്ക് ഈ പറയുന്ന ആവശ്യങ്ങൾ ഒന്നുമില്ലേയെന്ന് ഞാനിടയ്ക്ക് ആലോചിക്കാറുണ്ട്….
ഏത് ബന്ധത്തിലായാലും സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, പിന്നതിനെന്താണ് മൂല്യമെന്ന് ഞാൻ കുറേയായി ആലോചിക്കുന്നു….
എനിക്ക് വേണ്ടത് , എനിക്ക് നോക്കി പരിപാലിക്കാനുള്ള ഒരാളെ ആയിരുന്നില്ല…
എല്ലാ അർഥത്തിലും ഒരു പങ്കാളിയെ ആയിരുന്നു…
ചാഞ്ഞു പോകുന്ന വാഴയ്ക്ക് ഊന്നുവടിയെന്നോണമാവണം ഓരോ ബന്ധങ്ങളുമെന്ന് എനിക്ക് തോന്നുന്നു…
നിലം പതിക്കാനനുവദിക്കാതെ താങ്ങാവണം ബന്ധങ്ങൾ, അല്ലായെങ്കിൽ എന്തിന് മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കണം??
ഒറ്റയ്ക്ക് എല്ലാ സ്വാതന്ത്രത്തോടെയും ജീവിച്ചാൽ മതിയാകുമല്ലോ.
ആളുകൾ എന്ത് പറയുമെന്നോർത്തോ, സമൂഹമെങ്ങനെ നോക്കിക്കാണുമെന്നോർത്തോ,
ഇങ്ങനെയൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എനിക്കാവില്ലെന്നു തോന്നിയ നിമിഷം. ഞാൻ അവളിൽ നിന്നും എന്നേക്കുമായി ഇറങ്ങിനടന്നു….
ഉള്ളത് പറയാമല്ലോ എനിക്കിപ്പോൾ സമാധാനമുണ്ട്, സന്തോഷമുണ്ട്. മിച്ചം വയ്ക്കാൻ കീശയിൽ കാശുമുണ്ട്.
ലോകത്തിന് സ്ത്രീകളുടെ കണ്ണുനീരിനെയും അവരുടെ പ്രശ്നങ്ങളെയും കാണാൻ കണ്ണുകളുണ്ട്, എന്നെപ്പോലെയുള്ള പുരുഷന്മാരുടെ വിഷമങ്ങൾ ആരറിയുന്നു?? ആർക്കാണ് അതിന് നേരം??
ദാമ്പത്യമെന്നത്, അപൂർണതകളുള്ള രണ്ട് മനുഷ്യർ, പരസ്പരമുള്ള കുറവുകളെ അംഗീകരിച്ചും, മനസ്സിലാക്കിയും പടുത്തുയർത്തേണ്ടയൊന്നല്ലേ??
ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും, എല്ലാ തർക്കങ്ങൾക്കും ശേഷം വീണ്ടും കൈകോർക്കാൻ പങ്കാളികൾക്ക് കഴിയേണ്ടേ…??
അങ്ങനെയൊന്നുമല്ലാത്ത, ശ്വാസം മുട്ടിക്കുന്ന ഏത് ബന്ധത്തിൽ നിന്നും ഇറങ്ങിപോകാനാണ് മനുഷ്യർ ആദ്യം പഠിക്കേണ്ടതെന്ന് എനിക്കിപ്പോൾ തോന്നുന്നു….
✍️Anju Thankachan
