കെട്ടിച്ചു വിട്ട പെൺക്കുട്ടികൾക്ക് അവരുടെസ്വന്തം വീട്ടിലേക്ക് ഇടയ്ക്കെല്ലാം വിരുന്നു വരുമ്പോൾ കിട്ടുന്നൊരു സന്തോഷവും….

“കെട്ടിച്ചു വിട്ട പെൺക്കുട്ടികൾക്ക് അവരുടെസ്വന്തം വീട്ടിലേക്ക് ഇടയ്ക്കെല്ലാം വിരുന്നു വരുമ്പോൾ കിട്ടുന്നൊരു സന്തോഷവും സമാധാനവും എത്രയാണെന്ന് ഞാൻ പറഞ്ഞിട്ടു വേണ്ടല്ലോ മീനു നിനക്കറിയാൻ…?
ഇവിടെ ഇത്രയെല്ലാം സുഖത്തിലും സന്തോഷത്തിലും ജീവിച്ചിട്ടും നീ ഇടയ്ക്ക് നിൻ്റെ വീട്ടിൽ പോയ് നിൽക്കുന്നത് ആ സന്തോഷവും സുഖവും ആവോളം അറിയാനല്ലേ… അതനുഭവിയ്ക്കുന്നവളല്ലേ നീയ്യും….?

വേവ് പാകമായ അരിയൂറ്റി തടയിടുമ്പോൾ അരികിൽ വന്നു നിന്ന് വാ തോരാതെ സംസാരിയ്ക്കുന്ന ഭർത്താവിന്റെ അമ്മയെ മീനാക്ഷി തല ചെരിച്ചൊന്ന് നോക്കി…. അവരുടെ സംസാരത്തിന്റെ ഗതിയറിയാനെന്നോണം….

പച്ചക്കറി പാത്രത്തിലെന്തോ കാര്യമായിട്ട് തിരഞ്ഞുകൊണ്ടാണവരുടെ ഈ സംസാരം….

“കല്യാണം കഴിഞ്ഞ് വല്ലപ്പോഴും സ്വന്തം വീട്ടിൽ വിരുന്നു വരുന്ന പെൺകുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കുന്നതും അവരത് വയറു നിറയെ കഴിക്കുന്നത് കാണുന്നതുമെല്ലാം ഞങ്ങൾ അമ്മമാർക്കു വലിയ സന്തോഷമാണ് …. ഇപ്പോ തന്നെ ഇത്ര വയ്യാഞ്ഞിട്ടും ഞാൻ രാവിലെ മീൻക്കാരനെ കാത്തുനിന്നീ മീൻ മേടിച്ചത്
ഇന്നവളും കൊച്ചുങ്ങളുംഇങ്ങോട്ടു വരുവല്ലോന്ന് കരുതിയാണ്… അവർക്കിതെല്ലാം വലിയ ഇഷ്ടാണെന്ന് നിനക്കും അറിയാന്ന് ഞാൻ മറന്നു പോയെ ടീ… നീയല്ലേ അവളും പിള്ളേരും വരുമ്പോൾ ഇതെല്ലാം അവളുടെ ഇഷ്ടത്തിന് ചെയ്ത് കൊടുക്കുന്നത്…. ഞാനത് ഓർത്തില്ലാന്നേ… ആകെ മറവിയാ ഇപ്പോ…. ”

പച്ചക്കറി പാത്രത്തിൽ നിന്നെടുത്ത ഉള്ളിയും ഇഞ്ചിയുമെല്ലാം മേശപ്പുറത്ത് വെച്ച് ചിരിയോടവർ പറഞ്ഞിട്ടും മുഖത്ത് യാതൊരു വിധ ഭാവമാറ്റങ്ങളുമില്ലാതെ അവരെ കേട്ടു നിന്നു മീനാക്ഷി….

“ചോറൂറ്റി കഴിഞ്ഞെങ്കിൽ നീയ്യീ മീനെടുത്ത് വെട്ടി കഴുകിക്കോ മീനു … ഞാൻ അവരെത്താറായോ എന്നൊന്ന് വിളിച്ചു നോക്കട്ടെ… ”

വലിയൊരു കവർ നിറയെ വാങ്ങി വെച്ച പൊടിമീൻ ചട്ടി മീനാക്ഷി കാണും വിധം അവൾക്കരികിലേക്ക് നീക്കിവെച്ച് അവളെയൊന്നു നോക്കുക കൂടി ചെയ്യാതെ ആ അടുക്കള വിട്ടിറങ്ങി ഉമ്മറത്തേയ്ക്ക് നടന്നു അമ്മ

അങ്ങനൊരു നീക്കം അവരിൽ നിന്ന് പ്രതീക്ഷിച്ചു നിന്നതു കൊണ്ടു തന്നെ കാര്യമായ ഭാവമാറ്റങ്ങളൊന്നും ഇല്ലാതെ താൻ ചെയ്തു കൊണ്ടിരുന്ന പണി തുടർന്നു മീനാക്ഷിയും…

മാളൂവമ്മ എവിടെ മീനൂ… ?
ഇത്തിരി കുഴമ്പ് വാങ്ങാനാണ്… അവിടെ ഏട്ടന് കൈ വല്ലാത്തൊരു കടച്ചിലും വേദനയും… ആശുപത്രിയിൽ പോവാന്ന് പറഞ്ഞിട്ട് കേൾക്കാതെ അവിടങ്ങനെ ഇരിപ്പുണ്ട് മൂപ്പര്… ഇവിടെ മാളുവമ്മയുടെ കയ്യിൽ കുഴമ്പും മുറിവെണ്ണയുമെല്ലാം സ്റ്റേക്കല്ലേ… ഇത്തിരി വാങ്ങായിരുന്നു… എവിടെ പുള്ളി….?

ആദ്യം മീനാക്ഷിയോട് ചോദിക്കുന്നതിനൊപ്പം നാലു ചുറ്റുമൊന്ന് കണ്ണോടിച്ചു സുമ….

മീനാക്ഷിയുടെ അയൽവക്കവും സുഹൃത്തും ഒക്കെയാണ് സുമ….

“അമ്മ നിഷ ചേച്ചിയെ ഫോൺ വിളിക്കാൻ പോയിട്ടുണ്ട്… അവര് വിട്ടിൽ നിന്ന് ഇറങ്ങിയോ ഇവിടെ എത്താറായോ എന്നെല്ലാം തിരക്കിയറിയാൻ…”

സുമയോട് വിശദീകരിച്ചു പറയുമ്പോൾ മീനാക്ഷിയുടെ ശബ്ദത്തിൽ ആർക്കും മനസ്സിലാവും വിധത്തിലൊരു കളിയാക്കലുണ്ട്….

“എന്റെടിയേ…. നിന്റെ അമ്മായി അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ… ആഴ്ചയിൽ ഏഴു ദിവസവും താമസം ഇവിടെ എന്നു പറയുമ്പോലെയുള്ള ഇവിടുന്ന് നാലു വീട് മാറി അപ്പുറത്ത് താമസിയ്ക്കുന്ന നിഷയെ ആണോ അവര് വിവരം തിരക്കി ഫോൺ വിളിക്കാൻ പോവുന്നത്….?
എന്തൊക്കെ പ്രഹസനങ്ങളാണ് മീനുവേ ഇവിടെയീ നടക്കുന്നത്….?

കവിളത്ത് കൈ ചേർത്ത് അതിശയ ഭാവത്തിൽ സുമ ചോദിയ്ക്കുന്നത് കേട്ട് ചിരിച്ചു പോയ് മീനാക്ഷി

നീ ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല മീനു ഞാൻ… ഇതൊക്കെ ഇപ്പോ തുടങ്ങിയ ഓരോ പുതിയ ശീലങ്ങളാണല്ലോ എന്നോർത്ത് ചോദിച്ചു പോയതാണ് ഞാൻ… ഈ നിഷയെ അവള് സ്നേഹിക്കുന്നവനൊപ്പം കെട്ടിച്ചയച്ചിട്ട് വർഷം കുറച്ചായല്ലോ…. അന്നൊന്നും അവൾക്കീ ദിവസേനയുള്ള വീട്ടിൽ വരവും ഉണ്ടായിരുന്നില്ല… ഇന്നത്തെ പോലെ മാളുവമ്മ അവൾക്ക് വേണ്ടി വിരുന്നൊരുക്കലും കാത്ത് നിൽക്കലും ഒന്നുമുണ്ടായിട്ടില്ല… സുരേഷ് ഗൾഫിൽ പോയതിനു ശേഷമുള്ള അമ്മയുടെയും മകളുടെയും പുതിയ പുതിയ പരിഷ്കരണങ്ങളാവും ഇതൊക്കെ അല്ലേ മീനു…?

ഒട്ടും മറച്ചു പിടിയ്ക്കാതെ വെട്ടിത്തുറന്ന് സുമ ചോദിക്കുന്നതു കേട്ട് മീനു അവളെ അമ്പരന്ന് നോക്കി

തന്റെ ചോദ്യം കേട്ട് തന്നെ മിഴിച്ചു നോക്കുന്നവളെ സുമയും ചോദ്യഭാവത്തിൽ നോക്കി…

എന്താടീ മീനു…. ഞാൻ ചോദിച്ചതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…?അതാണോ നീയിങ്ങനെ നോക്കുന്നത്…?
പണ്ടൊന്നും ഈ വീട്ടിൽ കാണാത്ത കാര്യങ്ങൾ ആ ചെക്കൻ ആരുടെയൊക്കയോ കാലു പിടിച്ച് ഗൾഫിലെത്തി കഴിഞ്ഞതിന് ശേഷം ഇവിടെ കാണുന്നതു കൊണ്ട് പറഞ്ഞതാണ് ഞാൻ….

താൻ ചോദിച്ചതും പറഞ്ഞതുമൊന്നും മീനുവിന് ഇഷ്ടമായില്ലേ എന്നൊരു വല്ലായ്മ നിറഞ്ഞു നിൽപ്പുണ്ട് സുമയുടെ സംസാരത്തിൽ…

“ചേച്ചി ചോദിച്ചതിലും പറഞ്ഞതിലൊന്നും ഒരു തെറ്റുമില്ല ചേച്ചി… ഞാൻ നോക്കിയതും അതിനല്ല.. ചേച്ചി ഇപ്പോൾ പറഞ്ഞില്ലേ ഇവിടുത്തെ മാറ്റങ്ങളൊക്കെ സുരേഷട്ടൽ അക്കര പോയതിന്റെ ആണെന്ന്… അതു സത്യമായതുകൊണ്ട് ചേച്ചിയെ നോക്കി പോയതാണ് ഞാൻ… ഈ മാറ്റങ്ങളും പരിഷ്ക്കാരങ്ങളുമെല്ലാം സുരേഷട്ടന്റ ഗൾഫ് പണം അമ്മയ്ക്ക് വന്നു തുടങ്ങിയതിന്റെയാ…. ”

പുഞ്ചിരി മായാതെ ഒരു കണ്ണിറുക്കലോടെ മീനാക്ഷി പറഞ്ഞു നിർത്തുമ്പോൾ സുമ ചിന്തിച്ചത് മീനാക്ഷിയ്ക്കെങ്ങനെ ഇതെല്ലാം ഇത്ര ഈസിയായ് പറയാൻ സാധിക്കുന്നുവെന്നാണ്…. അഞ്ചുമാസം ഗർഭിണിയാണ് മീനാക്ഷി… മീനാക്ഷിയുടെയും സുരേഷിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷത്തോളമായ്… സുരേഷ് ഗൾഫിലെത്തി ആഴ്ച്ചയൊന്നു കഴിഞ്ഞതിനു ശേഷമാണ് മീനു ഗർഭിണിയാണന്നറിയുന്നത്… കാത്തിരുന്ന കൺമണി വയറ്റിൽ വരവറിയിക്കുമ്പോൾ ഏതൊരു പെണ്ണും ആ കുഞ്ഞിന്റെ അച്ഛന്റെ സാമീപ്യം അത്രയേറെ ആഗഹിയ്ക്കും… അത്തരം ആഗ്രഹങ്ങൾ മനസ്സിലൊതുക്കി പരാതിയും പരിഭവവും ഒന്നുമില്ലാതെ പുഞ്ചിരിയോടെ വീട്ടുകാര്യങ്ങൾ നോക്കുന്ന മീനാക്ഷി സുമയ്ക്കെന്നും അത്ഭുതമാണ്…

ആഡംബരവും അത്യാർത്തിയും കൂടുതലുള്ള കൂട്ടത്തിലാണ് സുരേഷിന്റെ സഹോദരി നിഷ… മകളുടെ താളത്തിന് തുള്ളി അവളുടെ ആഗ്രഹങ്ങൾ ഏതുവിധേനെയും നടത്തിക്കൊടുക്കുന്ന അമ്മയാണ് മാളുവമ്മ…

നാട്ടിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത വിധം കടം സുമേഷിനു വരാൻ തന്നെ കാരണം സഹോദരിയും അമ്മയും അവരുടെ ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളുമാണ്….

മകൻ കഷ്ടപ്പെട്ടാലും മരുമകൾ വേദനിച്ചാലും കുഴപ്പമില്ല മാളുവമ്മയ്ക്ക് … മകൾ സന്തോഷിച്ചാൽ മതി… അവരുടെ ആഗ്രഹങ്ങൾ നടന്നാൽ മതി….

“ആ സുമേ… നീയുണ്ടായിരുന്നോ ഇവിടെ… വെറുതെ വന്നതാണോ നീ…?

ഒരു ചോദ്യത്തോടെ അങ്ങോട്ടു വന്ന മാളുവമ്മയുടെ നോട്ടം ആദ്യം ചെന്നത് ഇനിയും വെട്ടി കഴുകി വയ്ക്കാത്ത മീനിലേക്കാണ്…

“ഞാനിത്തിരി കുഴമ്പ് ഇവിടെ ഉണ്ടാന്നറിയാൻ വന്നതാണ്… ഏട്ടന്റെ കാലിനൊരു വേദന… ”

സുമ ആവശ്യം പറഞ്ഞു തീർക്കും മുമ്പ് തന്നെ ഫ്രിഡ്ജിനു മുകളിൽ നിന്ന് കുഴമ്പ് കുപ്പിയെടുത്ത് അവൾക്കു നേരെ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ നീട്ടി മാളുവമ്മ….

അവരുടെ ആ പ്രവർത്തിയിലൂടെ താനവിടെ നിന്ന് എത്രയും വേഗം പോകാനാണ് മാളുവമ്മ ആഗ്രഹിയ്ക്കുന്നത് എന്നറിഞ്ഞു സുമ…

മീനാക്ഷിയെ ഒന്നു പാളി നോക്കി കുഴമ്പിന്റെ കുപ്പിയും കയ്യിൽ വാങ്ങി വേഗത്തിൽ മടങ്ങി സുമയും….

“ആ പെണ്ണും പിള്ളേരും ഇപ്പോഴെത്തും ഇവിടെ… എന്നിട്ടും നീയ്യീ മീനൊന്നും വെട്ടിത്തുടങ്ങിയില്ലേ…?

സുമയങ്ങ് പോയെന്നുറപ്പിച്ചതും മീൻ ചട്ടികയ്യിലെടുത്ത് ദേഷ്യത്തിൽ മാളുവമ്മ ചോദിക്കുമ്പോൾ ചോറൂറ്റിയ കയ്യിൽ സിങ്കിലെ വെള്ളത്തിലേക്കിട്ട് അടുപ്പിന് ചുറ്റും വീണു പോയ ചോറു വറ്റുകൾ പെറുക്കി വെള്ളത്തിലിട്ടു മിണ്ടാതെ നിന്നു മീനു…

“ചുമ്മാ അവളോട് സംസാരിച്ചു നിന്ന സമയം മതിയല്ലോ മീനു നിനക്കിത് വെട്ടിക്കഴുകാൻ… അല്ലെങ്കിലുമതേ എന്റെ ചെക്കനങ്ങ് ഗൾഫിൽ ചെന്നതുമുതലുണ്ട് നിനക്ക് ഞാനെന്തു പറഞ്ഞാലും അതിനുസരിക്കാൻ ഒരു മടിയും ക്ഷീണവും… ഇപ്പോ അതിന്റെ കൂടെ പറയാനൊരു ഗർഭ ക്ഷീണവും… എന്ന് വെച്ചാൽ ലോകത്തിലാദ്യമായ് പ്രസവിക്കുന്ന സ്ത്രീ നീയ്യാണല്ലോ…. മേലനങ്ങി വല്ല പണിയും എടുത്താൽ അധികം കഷ്ടപ്പെടാതെ സുഖപ്രസവം കഴിഞ്ഞു പോവുമല്ലോ എന്നോർത്താണ് ബാക്കിയുള്ളവര് ഒരോ ചെറിയ ജോലി ഏല്പിക്കുന്നത്… അതു കൂടി ചെയ്യാൻ വയ്യെങ്കിൽ കാണിച്ച അഹങ്കാരത്തിന് ആശുപത്രിക്കാര് കീറി മുറിയ്ക്കുമ്പോൾ പഠിച്ചോളും നീ..”

താൻ പറഞ്ഞത് മീനു കേൾക്കാത്തതിന്റെയും മറുപടിയൊന്നും തിരികെ പറയാത്തതിന്റെയും ദേഷ്യം മുഴുവനുണ്ട് മാളുവമ്മയുടെ സ്വരത്തിൽ

“അമ്മയുടെ മകള് ഇവിടേയ്ക്ക് ദിവസേനെ വിരുന്നു പാർക്കാൻ വരുന്നത് അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനല്ലേ…. അതാണ് അവരുടെ സന്തോഷം… അവരിഷ്ടപ്പെടുന്ന ഭക്ഷണം അവർക്കിഷ്ടമാവുന്ന രീതിയിൽ ഉണ്ടാക്കി കഴിപ്പിയ്ക്കുന്നതാണ് അമ്മയുടെ സന്തോഷം… ഇതിനിടയിലെന്തിനാണമ്മേ ഞാൻ…..?
മാത്രവുമല്ല എന്റെ ഇപ്പോഴത്തെ ഒരവസ്ഥ വെച്ച് ഈ രണ്ടു കിലോ പൊടിമീനൊന്നും പറമ്പിൽ കുത്തിയിരുന്ന് കൊതുക് കടിയുംകൊണ്ടു നേരാക്കിയെടുക്കാൻ വയ്യ എനിയ്ക്ക്… അതിന്റെ പേരിലിനി എനിയ്ക്ക് സുഖ പ്രസവം നടന്നില്ലെങ്കിൽ നടക്കണ്ട… കീറി മുറിച്ചോട്ടേ ആശുപത്രിക്കാര്… ഞാൻ സഹിച്ചോളാം വേദന… എന്നാലും ഇനിയങ്ങോട്ട് ദിവസേനെ അമ്മയുടെ മകൾക്കു വിരുന്നൊരുക്കി കഷ്ടപ്പെടാൻ വയ്യെനിയ്ക്ക്…

‘മിണ്ടാതെ നിന്നാലും വായിൽ കോലിട്ട് മിണ്ടിയ്ക്കും എന്ന് കേട്ടിട്ടേയുള്ളു ഇപ്പോ കണ്ടു ഞാനത്…

ഒരു കുടുംബമാണ് നമ്മളെന്നും നമ്മൾക്കിടയിലൊരു തർക്കവും വഴക്കും ഉണ്ടായിട്ടത് മറ്റുള്ളവർക്ക് പറഞ്ഞു നടക്കാൻ അവസരം ആവരുതെന്നും കരുതി ഞാനൊഴിഞ്ഞുമാറി പോവുമ്പോൾ അമ്മയായെന്നെ വഴക്കിന് നിർബന്ധിക്കരുത്… എനിയ്ക്ക് ഈ അവസ്ഥയിൽ ചെയ്യാവുന്ന എല്ലാ ജോലികളും ഞാനിവിടെ നിങ്ങളമ്മയ്ക്കും മകൾക്കുമായിട്ട് ചെയ്യുന്നുണ്ട്… അതിൽ കൂടുതലൊന്നും എന്റെ അടുത്ത്ന്ന് അമ്മ പ്രതീക്ഷിക്കരുത്…. ഞാൻ ചെയ്യില്ല… ”

ദേഷ്യം കൊണ്ടു വിറയ്ക്കുന്ന മീനാക്ഷിയേയും അവളിൽ നിന്നുയർന്നു കേട്ട വാക്കുകളുടെയും ഞെട്ടലിൽ ആകെ ഭയന്നും പതറിയും നിന്നുപോയ് മാളുവമ്മ…

കഴിഞ്ഞു പോയ വർഷങ്ങളിലെല്ലാം തന്നെ അനുസരിച്ച് തന്റെ ചൊല്പടിയ്ക്ക് നിന്നവളിൽ നിന്നു കേട്ട വാക്കുകളുടെ ഞെട്ടൽ… അതൊന്നു പിടിച്ചുകുലുക്കിയവരെ….

“ഇത്രക്കാലവും എന്റെ നേരെ ഉയർത്താത്ത നിന്റെ നാവ് ഇപ്പോഴെന്റെ നേരെ ഉയർന്നത് എന്തുകൊണ്ടാണെന്നെനിക്കറിയാം… അതെന്റെ മോനെ കണ്ടും അവന്റെ പണം കണ്ടും ആണെന്നറിയാമെനിയ്ക്ക്….. അവനെന്റെ മോനാണ്… അവനെ കണ്ടഹങ്കരിക്കണ്ട നീ…. അവന് പെറ്റമ്മയായ ഞാനും കൂടെ പിറന്ന നിഷയേയും കഴിഞ്ഞിട്ടേയുള്ളു ഇന്നലെ വന്ന നീ… അതോർത്തോ നീ….. ”

മീനുവിനെ എങ്ങനെയും ജയിക്കണമെന്ന ചിന്തയിൽ മനസ്സിലുള്ളതെല്ലാം മാളുവമ്മ വിളിച്ചു പറഞ്ഞെങ്കിലും അതിനൊരു മറുപടിയും അവർക്കായ് നൽക്കാതെ മീനാക്ഷി മുറിയ്ക്കുള്ളിലേക്ക് മടങ്ങി പോയതും തന്റെ ഭീഷണിയിൽ മീനാക്ഷി ഭയന്നെന്ന് കരുതി സന്തോഷിച്ചു മാളുവമ്മ

ആ സന്തോഷമതു പോലെ തന്നെയവർ മകൾ വന്നപ്പോൾ പങ്കിട്ടതും മീനാക്ഷി അവർക്കന്ന് പറഞ്ഞു രസിക്കാനുള്ള ഒരു തമാശ മാത്രമായി…

“നീയെന്തിനാ സുരേഷേ ഒരു മുന്നറിയിപ്പുമില്ലാതെ ഗൾഫിലെ പണിയും കളഞ്ഞ് വന്നത്…. നീയവിടെയുള്ള സമാധാനത്തിലാണ് നിഷ അവളുടെ പുതിയ വീടിന്റെ പണി തുടങ്ങാൻ തറയിട്ടതെന്ന് മറന്നോ നീ….?

മീനാക്ഷിയുമായുള്ള വാക്കുതർക്കം കഴിഞ്ഞ് കൃത്യം രണ്ടാമത്തെ ആഴ്ച യാതൊരു മുന്നറിയിപ്പുമില്ലാതെ ഗൾഫിലെ ജോലി മതിയാക്കി സുരേഷ് പെട്ടന്ന് നാട്ടിലെത്തിയതിന്റെ ഞെട്ടലിലാണ് മാളുവമ്മ….

“അവൾക്ക് വീടും കുടിയുമെല്ലാം വേണമെങ്കിലത് അവളും അവളുടെ കെട്ടിയവനും ചേർന്നാണമ്മേ ഉണ്ടാക്കേണ്ടത്… ഇത്രക്കാലം ഞാൻ കൊടുത്തും ഞാനറിയാതെ എന്നെ ഊറ്റിയുമെല്ലാം കുറെ വാങ്ങിയെടുത്തില്ലേ അവള്… അതൊക്കെ മതി… എനിയ്ക്കിപ്പോ വലുത് എന്റെ ഭാര്യയും അവളുടെ വയറ്റിലുള്ള ഞങ്ങളുടെ കുഞ്ഞുമാണ്… ഞങ്ങൾക്ക് ജീവിക്കാൻ ഈ നാടും ഇവിടെയുള്ള ജോലിയും മതിയമ്മേ… കെട്ടിയവൻ ഗൾഫുക്കാരനാവണമെന്ന മോഹമൊന്നും എന്റെ മീനുവിനില്ല…. ”

സുരേഷിന്റെ മറുപടി….. പകച്ചവനെ നോക്കിയ മാളുവമ്മ ഞെട്ടിയതു പക്ഷെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന മീനാക്ഷിയെ കണ്ടാണ്… ഞാനവളോടു അന്ന് പറഞ്ഞതിനുള്ള മറുപടി ഗൾഫിലുള്ള മകനെ നാട്ടിൽ വിളിച്ചു വരുത്തിയവൾ അവനെ കൊണ്ട് തന്നോടു പറയിപ്പിച്ചിരിയ്ക്കുന്നു….

ഇനിയൊന്നും പറയാനോ ചോദിക്കാനോ ഇല്ലാതെ മാളുവമ്മ നിൽക്കും നേരം സുരേഷിന്റെ നെഞ്ചോടു ചേർന്ന് ചുണ്ടിലെ ചിരി മായാതെ മുറിയ്ക്കുള്ളിലേക്ക് നടന്നിരുന്നു മീനാക്ഷി…… തന്റെ വിജയം ഉറപ്പിച്ച്….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *