” സർ… ഒറ്റ നോട്ടത്തിൽ ഇത് കൊലപാതകമാണ്.. റേപ്പ് അറ്റംപ്റ്റും നടന്നിട്ടുണ്ട്.. കഴുത്തിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് ടൈറ്റ് ചെയ്ത് ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തിട്ടുള്ളത്..”
എസ് ഐ ശരത്തിന്റെ വിവരണം കേട്ട് ഒരു നിമിഷം ബോഡിയിലേക്ക് ഒന്ന് നോക്കി സി ഐ സഞ്ജീവ്.
മുപ്പത് വയസിനകത്ത് പ്രായമുള്ള പെൺകുട്ടി. വിവാഹിതയാണെന്ന് നെറ്റിയിലെ പാതി മാഞ്ഞു ഒലിച്ചിറങ്ങിയ സിന്ദൂരം കണ്ട് മനസിലാക്കാം.. ബീച്ച് റോഡിനരികിൽ ആളൊഴിഞ്ഞ ഒരു പുരയിടത്തിലെ ചെറിയ കുറ്റിക്കാടിനിടയിൽ നിന്നുമാണ് ബോഡി കണ്ടെടുത്തത്. മദ്യപിക്കുവാനായി പോയ പ്രദേശവാസികളായ ചെറുപ്പക്കാരാണ് പോലീസിനെ വിവരം അറിയിച്ചതും..
” ശരത്തെ… ബോഡി ആദ്യം കണ്ടവരുടെ മൊഴിയെടുത്തു വിട്ടേക്ക്.. അവന്മാർക്ക് ഇതിൽ റോൾ ഉള്ളതായി
തോന്നുന്നില്ല… ഫോറെൻസിക് ടീം പരിശോധന കഴിയുമ്പോൾ വിളിക്ക് ഞാൻ ജീപ്പിൽ കാണും.. ”
അവൻ തിരികെ നടക്കുമ്പോൾ അല്പസമയം നോക്കി നിന്ന ശേഷം വീണ്ടും നടപടികളുടെ പിന്നാലെ പോയി ശരത്ത്..
” ചെറുകോണിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കണ്ടെത്തി. പ്രദേശ വാസികളായ യുവാക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. ഒറ്റ നോട്ടത്തിൽ റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുള്ളതായി പോലീസ് നിഗമനം. പെൺകുട്ടി ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല…”
മീഡിയാസ് രാവിലെ തന്നെ വാർത്ത സംപ്രേഷണം ചെയ്തു.
” സാറേ… ഫോറെൻസിക് ടീമിന്റെ പരിശോധന കഴിഞ്ഞു.. പ്രത്യേകിച്ച് ഒന്നും തന്നെയില്ല.. വെൽ പ്ലാൻഡ് മർഡർ.. ഇന്നലെ രാത്രി നല്ല മഴയായിരുന്നല്ലോ.. പിന്നെ ആ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട് പേര് സന്ധ്യ. ഇവിടെ അടുത്ത് തന്നെയാണ് വീട്.. അവരുടെ ഭർത്താവ് എത്തിയിട്ടുണ്ട്….ശ്യാം… ”
ജീപ്പിനരികിൽ എത്തി ശരത്ത് അറിയിക്കുമ്പോൾ പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി സഞ്ജീവ്.
” ഇത് നമ്മടെ തലക്ക് തന്നെടോ.. ഒരു തെളിവും ഇല്ലാണ്ട് എവിടുന്ന് തുടങ്ങാൻ ആണ്.. പേരിനു പോലും ഒരു സിസിടീവി ക്യാമറ ഇവിടെങ്ങും ഇല്ല. ഇപ്പോ തുടങ്ങും മുകളിൽ നിന്നും ഏമാൻ മാരുടെ വിളി.. അവളുടെ ഭർത്താവിനെ ഒന്ന് കുടഞ്ഞേക്ക്.. ഇനി അവനെങ്ങാനും ചാമ്പിയത് ആണേലോ”
ഏറെ അസ്വസ്ഥതയോടെ പറഞ്ഞു സഞ്ജീവ്.
” സാർ… അന്വേഷിക്കാം ഇവിടെ ഇപ്പോ നമ്മുടെ പരിപാടിയൊക്കെ കഴിഞ്ഞു.. ഇനീപ്പോ ബോഡി പോസ്റ്റുമോർട്ടത്തിനു വിട്ടാലോ.. സാർ വേണേൽ പൊയ്ക്കോ ഇവിടുത്തെ കേസ് കാര്യങ്ങൾ ആക്കി ഞാൻ അറിയിക്കാം ”
” മ്മ്… ശെരി .. നീ ഹോസ്പിറ്റലിലേക്ക് പോ.. ഞാൻ വന്നേക്കാം.”
അത്രയും പറഞ്ഞു ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സഞ്ജീവ്. വൈകാതെ തന്നെ ആ ജീപ്പ് അവിടെ നിന്നും പോയി.
” സർ.. ഒരു നിമിഷം ഒന്ന് വന്നേ… ”
ഫോറെൻസിക് ഉദ്യോഗസ്ഥരിൽ ഒരാൾ പിന്നിൽ നിന്നും വിളിക്കവേ സംശയത്തോടെ അവിടേക്ക് പോയി ശരത്തും.
വാർത്ത ചാനലുകളിൽ നിറഞ്ഞതോടെ പോലീസ് പ്രതിസന്ധിയിലായി. എത്രയും വേഗം പ്രതിയേ പിടിക്കണം എന്ന നിർദ്ദേശം ആഭ്യന്തര വകുപ്പിൽ നിന്നും എത്തി. സഞ്ജീവ് ആകട്ടെ നേരെ വീട്ടിലേക്ക് ആണ് പോയത്. ശരത്ത് ചെറിയ തോതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വൈകുന്നേരം ഡി വൈ എസ് പി അൻവറിന്റെ ഓഫീസിൽ സഞ്ജീവും ശരത്തും എത്തിയിരുന്നു..
” സഞ്ജീവ്.. എവിടെയാണ് തുടങ്ങേണ്ടത്.. എന്തെങ്കിലും ഹിന്റ്സ് ”
അൻവർ പ്രതീക്ഷയിൽ സഞ്ജീവിന്റെ മുഖത്തേക്ക് നോക്കി
” സാർ.. റേപ്പ് അറ്റെപ്റ്റ് തന്നെയാണ്. ബോഡിയിൽ അതിന്റെ പാടുകൾ ഉണ്ട്.. ബട്ട് പെൺകുട്ടി നല്ല രീതിയിൽ പ്രതിരോധിച്ചത് കൊണ്ടാകണം കഴുത്തിൽ ഷോൾ മുറുക്കി കൊല നടത്തി. സംഭവം നടന്നിട്ടുള്ളത് അവിടെ വച്ചാകണമെന്നില്ല.. ബോഡി അവിടെ കൊണ്ടിട്ടതാകാം… ആളൊഴിഞ്ഞ പറമ്പാണ് പിന്നേ ആ ഭാഗത്ത് എവിടെയും സിസി ടീവിയും ഇല്ല.. ”
“വെൽ പ്ലാൻഡ് മർഡർ… അല്ലെ…. ”
നിരാശയിൽ നോക്കി അൻവർ.
” യെസ് സർ… എക്സാറ്റ്ലി.. ഒരു തെളിവ് പോലും ഇല്ല…”
മറുപടി പറയുമ്പോൾ സഞ്ജീവും നിരാശനായി.
ഒപ്പമിരുന്ന ശരത്ത് അപ്പോഴും മൗനമായിരുന്നു അത് ശ്രദ്ധിച്ചു അൻവർ
” എന്താ ശരത്ത്. സൈലന്റ് ആണല്ലോ എന്താ നിന്റെ നിഗമനം.. ”
” ഒന്നുമില്ല സർ.. സഞ്ജീവ് സാർ എല്ലാം കൃത്യമായി വിവരിക്കുന്നുണ്ടല്ലോ.. പിന്നേ ഞാൻ എന്ത് പറയാൻ ആണ്. പക്ഷെ എന്റെ സംശയം മറ്റൊന്നാണ് ”
ഒന്ന് നിർത്തി സഞ്ജീവിന് നേരെ തിരിഞ്ഞു അവൻ
” എന്റെ സാറേ.. നിങ്ങള് രാവിലേ ആ ബോഡി ഒന്ന് കാണാൻ വന്നു. ജസ്റ്റ് ഒന്ന് നോക്കിയ ശേഷം തിരികെ ജീപ്പിൽ പോയിരുന്നു. ഡീറ്റെയിൽസ് എല്ലാം കൃത്യമായി വന്ന് പറഞ്ഞത് ഞാൻ ആണ്.. ശേഷം സർ നേരെ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി.. ഉച്ച കഴിഞ്ഞു മോർച്ചറിയിൽ വന്നു പിന്നേ അവിടുന്ന് നേരെ ഇവിടേക്കും… ഇതിനിടക്ക് ഞാൻ പറയാത്ത ഡീറ്റെയിൽസ് വരെ സാറിന് കിട്ടി. അതെങ്ങിനെയാണ്.. സാറേ കിട്ടിയത്.. ”
ആ ചോദ്യം കേട്ട പാടെ ഒന്ന് പരുങ്ങി സഞ്ജീവ്. അൻവറും ഒരു നിമിഷം നെറ്റി ചുളിച്ചു.
” എന്താ.. എന്താ നീ പറയുന്നേ.. എന്ത് ഡീറ്റെയിൽസ്.. ”
പരുങ്ങൽ അവന്റെ വാക്കുകളിൽ പ്രതിഫലിച്ചു.
” സാറേ കൊലപാതകം നടന്നത് അവിടെ വച്ചാണോ അല്ലയോ എന്ന് ഫോറെൻസിക്കിനും കൃത്യമായി പറയാൻ കഴിയുന്നില്ല കാരണം ഇന്നലെ രാത്രി നല്ല മഴയുണ്ടായിരുന്നു. തെളിവുകളായി ഒന്നും തന്നെ ബാക്കിയില്ല. പിന്നേ പരിസരത്തു സിസിടീവി ഉണ്ടോ ഇല്ലയോ എന്നതും സാറ് പോകുന്നത് വരെ കൃത്യമായ ഒരു അന്വേഷണം നടത്തിയിട്ടില്ല.. ഞാൻ സ്പോട്ടിൽ നിന്ന് നേരെ മോർച്ചറിയിലേക്ക് ആണ് പോയത് പിന്നേ അടുത്ത് ആ യൂ പി സ്കൂളിലെ ബസ് ആക്‌സിഡന്റ് ആയപ്പോ ബാക്കി ഫോഴ്സ് അവിടേക്കും പോയി… സാർ ആണേൽ രാവിലെ തൊട്ട് ഉച്ച വരെയും വീട്ടിലും ആയിരുന്നു. പിന്നേ ഇതൊക്കെ എങ്ങിനെ അറിഞ്ഞു. ആരെങ്കിലും അന്വേഷിച്ചു പറഞ്ഞതാണോ ”
ഇത്തവണ ഒരു കുരുക്ക് തന്നിലേക്ക് വീണതായി മനസിലാക്കി സഞ്ജീവ്.
‘നാവൊന്ന് പിഴച്ചുവോ..’
ഒരു നിമിഷം ശങ്കിച്ചു അവൻ. ഒക്കെയും കേട്ട അൻവർ ഒന്നും മനസിലാകാതെ രണ്ട് പേരെയും പരസ്പരം നോക്കി.
” എന്താ ടോ.. നീ എന്താ പറഞ്ഞു വരുന്നേ. ഞാൻ…. എന്റെ സ്റ്റേഷൻ പരിധിയിൽ അല്ലെ ആ സ്ഥലം സിസിടീവി ടെ കാര്യം ഒക്കെ എനിക്ക് അറിയാം പിന്നേ ആ പറമ്പ് കണ്ടിട്ട് അവിടെ വച്ച് ഒരു കൊലപാതകം ഒന്നും ചെയ്യാൻ പറ്റില്ല.. ഇതൊക്കെ ഒരു പോലീസ്കാരന് ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ കഴിയും..”
പരുങ്ങൽ മറച്ചു തിരിച്ചടിച്ചു സഞ്ജീവ്
” എന്താ സാറേ പറ്റാത്തത്… ആ ഒരു പറമ്പിൽ ഈസി ആയി ആരും കാണാതെ ഒരു കൊലപാതകം നടത്താൻ പറ്റും.. പ്രത്യേകിച്ച് ഇന്നലത്തെ പോലെ മഴയുള്ള സമയം.. ”
വിട്ടു കൊടുത്തില്ല ശരത്ത്. ഒക്കെയും കേട്ട് ഭ്രാന്ത് കയറി അൻവറിനും
” ഒന്ന് നിർത്തു നിങ്ങൾ രണ്ടാളും.എന്താണ് ശരത്ത് എന്താണ് നിനക്ക് പറയാൻ ഉള്ളത് എന്തായാലും തെളിച്ചു പറയ് ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിക്കാതെ ”
അയാളുടെ ഒച്ച കടുത്തു അതോടെ തന്റെ കണ്ടെത്തൽ തുറന്ന് പറഞ്ഞു ശരത്ത്.
” സാറെ.. ഈ കൊലപാതകത്തിൽ ഈ സഞ്ജീവ് സാറിനു എന്തോ പങ്ക് ഉണ്ട്…… വെറുതേ പറയുവല്ല സംശയം തോന്നി വ്യക്തമായി അന്വേഷിച്ചു കണ്ട് പിടിച്ചതാണ് ”
ഇത്തവണ ഞെട്ടി സഞ്ജീവ് അവൻ മാത്രമല്ല അൻവറും
” ടാ തോന്ന്യവാസം പറയരുത്.. എന്റെ സ്വഭാവം നീ അറിയും… ”
കലിയിൽ ചാടി എഴുന്നേറ്റു സഞ്ജീവ്. അതേ വീറോടെ തന്നെ ശരത്തും എഴുന്നേറ്റു.
” ഇരിക്ക് രണ്ടാളും.. ശരത്തെ.. എന്താണ് എന്താണ് സഞ്ജീവിനെതിരെ നിനക്ക് കിട്ടിയ തെളിവ് ”
അൻവർ അവർക്കിടയിലേക്ക് കയറി..
” തെളിവ് മാങ്ങാത്തൊലി.. ഇവന് വെളിവില്ല സാറേ.. ”
വീണ്ടും അടങ്ങാത്ത കലിയിൽ അലറി സഞ്ജീവ്..
” ഉണ്ട് സാറേ.. തെളിവ് ഉണ്ട്…. ആ പെങ്കൊച്ചിന്റെ വായ്ക്കുള്ളിൽ ഉണ്ടായിരുന്നു നിങ്ങടെ കയ്യിൽ കിടന്ന സിംഹ മുദ്രയുള്ള മോതിരം… ഇപ്പോ സാറിന്റെ കയ്യിൽ ഇല്ലല്ലോ മോതിരം ഉണ്ടേൽ ഒന്ന് കാണിച്ചേ ”
ആ ഒരു ചോദ്യത്തിൽ ആകെ മൗനമായി പോയി സഞ്ജീവ്. പിടി വീണ് തുടങ്ങിയോ എന്നൊരു ഭയം അവനെ അലട്ടി.
” സഞ്ജീവ്.. ഇതെന്താണ്.. ശരത്ത് പറയുന്നത് സത്യാണോ.. നിന്റെ റിങ് മിസ്സിംഗ് ആണോ… ”
അൻവറുടെ ചോദ്യത്തിനും വ്യക്തമായ മറുപടി നൽകുവാൻ കഴിഞ്ഞില്ല സഞ്ജീവിന്.
” സർ.. അത്… അത് അവിടെ വീട്ടിൽ കാ… കാണും ”
ആ പരുങ്ങൽ കണ്ട് അൻവറും നെറ്റി ചുളിച്ചു
” സാറേ.. അവിടെ സിസിടീവി ഇല്ലായിരുന്നു ഇന്നലെ വൈകിട്ട് വരെ. അടുത്തുള്ള ഒരു തെങ്ങിൻ തോപ്പിൽ കളവ് സ്ഥിരം ആയപ്പോ ഒരു വയർലെസ്സ് ക്യാമറ വച്ചു ഇന്നലെ വൈകിട്ട്. മെമ്മറി കാർഡ് സ്റ്റോറേജ് ഉള്ളത്.. അതൊന്നും ഈ സഞ്ജീവ് സാർ അറിഞ്ഞില്ല. നിങ്ങടെ റെഡ് സ്വിഫ്റ്റ് കാർ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ആ വഴി കടന്നു പോയിട്ടുണ്ട്. നമ്പർ സഹിതം വ്യക്തമാണ്. ആ മോതിരം കണ്ടതോടെ ഒരു സംശയം തോന്നി എനിക്ക്. സാറിനെ മനഃപൂർവം സ്പോട്ടിൽ നിന്നും പറഞ്ഞു വിട്ട ശേഷം നടത്തിയ അന്വേഷണത്തിൽ എല്ലാം വ്യക്തമായി. ”
ശരത്ത് പറഞ്ഞു നിർത്തുമ്പോൾ ആകെ ഞെട്ടലിൽ ആയിരുന്നു സഞ്ജീവ്. താൻ പിടിക്കപ്പെട്ടു എന്ന് പൂർണ്ണമായും ഉറപ്പിച്ചു അവൻ.
” സഞ്ജീവ് പ്ലീസ് റിപ്ലൈ.. ഇതിൽ എന്താണ് നിനക്ക് പങ്ക്.. നീ ആണോ ആ പെൺകുട്ടിയെ.. ”
അൻവറിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല അവൻ. ആ മൗനം ഒരു സമ്മതമായിരുന്നു.
” സർ.. നിങ്ങൾ വെൽ പ്ലാൻഡ് ആയിരുന്നു പക്ഷെ ആ മോതിരം ആ പെൺകുട്ടിയുടെ വായിൽ നിന്നും കിട്ടിയതാണ് എന്നെ നിങ്ങളിലേക്ക് എത്തിച്ചത്. ഒന്നുകിൽ ബലം പിടിച്ചസമയത്ത് അറിയാതെ അത് അവളുടെ വായിൽ കുടുങ്ങി അല്ലെങ്കിൽ മനഃപൂർവം നിങ്ങളെ കുടുക്കാൻ തീരുമാനിച്ചു അവൾ അത് ഹൈഡ് ചെയ്തു. പിന്നേ ആ കാർ കൂടി ക്യാമെറയിൽ പെട്ടത്തോടെ നിങ്ങൾക്കുള്ള പണി വീണു സർ..
ശരത്ത് പറഞ്ഞു നിർത്തുമ്പോൾ കുറ്റം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു സഞ്ജീവിന്.
മീഡിയാസ് ആ വാർത്ത ആഘോഷമാക്കി.
” ചെറുകോൺ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് സ്ഥലം സി ഐ സഞ്ജീവിനെ കൊലക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്‌തതായി റിപ്പോർട്ട്. കൊല്ലപ്പെട്ട പെൺകുട്ടി സി ഐ യുടെ മുൻ കാമുകി ആയിരുന്നെന്നു അവരുമായി ബന്ധം തുടരവേ… കുടുംബം വീട്ടിൽ ഇല്ലായിരുന്ന ഇന്നലെ അവരെ വീട്ടിലേക്ക് വിളിക്കുകയും അവിടെ വച്ചുണ്ടായ വാക്ക് തർക്കത്തിൽ പ്രകോപിതനായി ചെയ്തു പോയയാണെന്നും സഞ്ജീവ് മൊഴി നൽകിയിട്ടുണ്ട്. ”
വാർത്ത വൈറൽ ആയതോടെ കേരളാ പോലീസിന്റെ ക്രിയാത്മകതയേ പൊതു ജനം വാഴ്ത്തി.
” ശരത്ത്.. കൺഗ്രാറ്റ്സ്… രണ്ട് കാര്യങ്ങൾ ഉണ്ട്… ഒന്ന് വളരെ വേഗത്തിൽ ഈ കേസ് സോൾവ് ചെയ്തതിനു മറ്റൊന്ന് പുതിയ എസ് എച്ച് ഒ ആയി പ്രമോഷൻ കിട്ടിയതിനു. ”
അനുമോദിച്ചത് എസ് പി ആണ്. എന്നാൽ ആ കേട്ടത് ഏറെ സന്തോഷം നൽകി ശരത്തിനു.
” യൂ ഡിഡ് ഇറ്റ് മാൻ… ആം സോ പ്രൌഫ് ഓഫ് യൂ… ”
അൻവറും ഏറെ സന്തോഷത്തിലായിരുന്നു.
”നിയമമറിയുന്നവർ തന്നെ പഴുതുകളടച്ചു കുറ്റം ചെയ്യുകയെന്നാൽ അത് വളരെ ഭീകരമായ ഒരു സിറ്റുവേഷൻ അല്ലെ സി എം ”
പ്രെസ്സ് മീറ്റിൽ മാധ്യമ പ്രവർത്തകന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു മുഖ്യൻ.
” നിയമമറിയുന്നവൻ പഴുതുകളടച്ചു നടത്തിയ ഒരു കൊലപാതകം അതേ നിയമം അറിയാവുന്ന മറ്റൊരുവൻ വളരെ നിഷ്പ്രയാസം പൊളിച്ചു കയ്യിൽ കൊടുത്തില്ലേ.. അപ്പോ ഭീകരതയൊന്നുമില്ല.. തെറ്റ് ചെയ്താൽ ഇനി എവിടേ പോയി ഒളിച്ചാലും പൊക്കും കേരളാ പോലീസ്… ”
വളരെ അഭിമാനത്തോടെയാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞവസാനിപ്പിച്ചത്.
ആ സമയം ഒറ്റ ദിവസം കൊണ്ട് തന്നെ ശരത്ത് ഒരു ഹീറോയായി മാറിയിരുന്നു ..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
