ചെറുപ്പം മുതൽ അമ്മമ്മയുടെ വീട്ടിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു അവന് കാരണം , അവിടെ അവൾ ഉണ്ടാകും കൺമഷി എഴുതിയ കണ്ണുകളും… തത്ത കൂടു പോലത്തെ കമ്മലും ഇട്ട്, നിറയെ മുത്തുകൾ പിടിപ്പിച്ച് കൊലുസും കിലുക്കി നടക്കുന്ന ഒരു കൊച്ചു സുന്ദരി !..അവന്റെ ചെറിയ മാമൻറെ മോള് ദയ…
നാല അമ്മാവൻ മാർക്ക് കൂടി 7 പെൺമക്കൾ അതിൽ നാല് പേർ തനിക്ക് തരക്കാരാണ് പക്ഷേ കൂട്ടത്തിൽ ഇളയവളായ ഈ പൊടിക്കയോട് മാത്രം എന്താണ് തനിക്ക് ഇത്ര പ്രിയം അവനു തന്നെ അറിയില്ല അന്നും.. ഇന്നും..!.
കുഞ്ഞിലെ അമ്മയുടെ കൂടെ ആശുപത്രിയിൽ പോയ ഒരു ആറു വയസ്സുകാരൻ കണ്ടു വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന ഒരു പൊടിക്കുട്ടിയെ… കൗതുകത്തോടെ നോക്കിയിരുന്നു കുറെ നേരം അവളുടെ കയ്യനങ്ങുന്നതും ,കരയുന്നതും, ചുണ്ടങ്ങുന്നതും, ഒക്കെ ഒടുവിൽ കൊതി സഹിക്കവയ്യാതെ ആരും കാണാതെ ആ ചുവന്ന തുടുത്ത കവിളിൽ ഒന്ന് തൊട്ടുനോക്കി, പഞ്ഞി പോലെ എന്തോ ഒന്നിൽ തൊട്ടതു പോലെയാണ് തോന്നിയത്… അന്ന് അവളുടെ കുഞ്ഞി ചുണ്ടിൽ വിരിഞ്ഞു നേർത്ത ഒരു പുഞ്ചിരി അവന്റെ കുഞ്ഞു മനസ്സിൽ ആണ് പതിഞ്ഞത്…
അച്ഛൻറെ വീട്ടിൽ ആയിരുന്നതിനാൽ വല്ലപ്പോഴും മാത്രമേ അവനെ അമ്മ വീട്ടിൽ കൊണ്ടുപോയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവളുടെ ഓരോ വളർച്ചയും അവനൊരു കൗതുകമായി, മറ്റാരോടും ഇല്ലാത്ത ഒരു ഇഷ്ടകൂടുതൽ അവളോട് മാത്രം ഉണ്ടായി, എന്നിട്ടും എല്ലാവരോടും കളിച്ചു ചിരിച്ചു നടക്കുമ്പോഴും അവളോട് മാത്രം കൂട്ടുകൂടാൻ അവന് സാധിച്ചില്ല…
അപൂർവമായി മാത്രം തൻറെ വീട്ടിൽ വരുന്ന തന്നെ കാണുമ്പോൾ മുഖത്ത് ഗൗരവം നിറയ്ക്കുന്ന അവനോട് അടുക്കാൻ ആ കുഞ്ഞു പെണ്ണിനും സാധിച്ചില്ല…
ബാല്യം രണ്ടാളുടെയും പരസ്പരം നിശബ്ദമായ മൗനത്തോടുകൂടി കടന്നുപോയി….
പൊടിമീശ വെച്ച കൗമാരക്കാരൻ ആയപ്പോഴാണ് അവന് മനസ്സിലായത് അവളോടുള്ള പേരറിയാത്ത ആ ഇഷ്ടക്കൂടുതലിന്റെ പേരാണ് പ്രണയം എന്ന മാന്ത്രികത അത് അവൻ തിരിച്ചറിഞ്ഞു…
അതെ ഞാൻ അവളെ പ്രണയിക്കുന്നു… മറ്റെന്തിനെക്കാളും തീവ്രമായി അവൻറെ ഹൃദയം ആർത്തലറി വിളിച്ചുകൊണ്ടിരുന്നു .
പക്ഷേ അത് മറ്റാർക്കും കേൾക്കാനാകാത്ത ഹൃദയത്തിന്റെ ഉള്ളറകളിൽ മാത്രം തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു…
അവളെ കാണുമ്പോൾ ക്രമം തെറ്റിക്കുന്ന ഹൃദയവും, തൻറെ തലവട്ടം കാണുമ്പോഴേ ആരുടെയെങ്കിലും പുറകിൽ ഒളിക്കുന്ന അവളുടെ സ്വഭാവവും, മനസ് അവളോട് തുറന്നു കാട്ടുന്നതിൽ നിന്ന് അവനെ വിലക്കി , ഒരിക്കലെങ്കിലും അവൾ തന്നെ ശ്രദ്ധിച്ചിരുന്നു എന്ന് അവനും സംശയമായിരുന്നു…
അതുകൊണ്ടുതന്നെ ഋതുമതിയായി എന്നറിഞ്ഞപ്പോൾ കൂട്ടുകാരുടെ കൂടെ ധനുഷ്കോടിയിൽ പോകാൻ കൂട്ടിവച്ചിരുന്ന പൈസ കൊടുത്ത് അവൾക്കായി വാങ്ങിയ മുത്തുകൾ നിറഞ്ഞ ഒരു ജോഡി വെള്ളിക്കൊലുസ്സ് അവൻ വേദനയോടെ അതിലേറെ പ്രണയത്തോടെ സൂക്ഷിച്ചുവച്ചു…
അവളുടെ ഓരോ വളർച്ചയും നോക്കിക്കൊണ്ട് പഠനത്തിൽ ഓരോ വിജയത്തിലും അവളെ കൂടുതൽ സന്തോഷിച്ചു. കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ അവൾക്കായി വാങ്ങി സൂക്ഷിച്ച് കാണാമറയത്ത് ഇരുന്നവൻ അവളെ പ്രണയിച്ചു കൊണ്ടിരുന്നു…
ഒരിക്കലും തൻറെ പ്രണയം അവളുടെ മുന്നിൽ തുറന്നുകാണിക്കാൻ സാധിക്കില്ലെന്ന് എന്നോ അവൻ സ്വയം മനസ്സിലാക്കി, ഒരു നല്ല ജോലി വാങ്ങി മുതിർന്നവരുടെ അനുഗ്രഹത്താൽ അവളെ താലികെട്ടി സ്വന്തമാക്കാനുള്ള ഉപദേശം കൂട്ടുകാരൻ പകർന്നു കൊടുത്തപ്പോൾ കുന്നോളം മോഹങ്ങളുമായി അവൻ അച്ഛൻറെ കൂടെ കടലു കടന്നുപോയി… തൻറെ രാജകുമാരിയെ സ്വന്തമാക്കാൻ മുത്തും പവിഴവും തേടി…
രണ്ടു വർഷങ്ങൾക്കിപ്പുറം നാട്ടിലെത്തി കുടുംബ ക്ഷേത്രത്തിൽ വച്ചവളെ കാണുമ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു വളർന്നു സുന്ദരിയായ ഒരു ഒറ്റ പെണ്ണായിരിക്കുന്നു തൻറെ ദയ…. അപ്പോഴും ഓറത്തുനിന്നവന്റെ കണ്ണുകൾ തന്നെ തേടി വരുന്നതവൾ അറിഞ്ഞിരുന്നു എന്ന് അറിയില്ല ആ അവധിക്കാലവും ദൂരെ മാറി നിന്നവൻ അവളെ കണ്ടു കൊതി തീർത്തു…
പിന്നെയും വിരഹത്തിന്റെ വേദന സഹിച്ചുകൊണ്ട് അവൻ വിമാനം കയറി അടുത്ത വരവിന് തൻറെ പെണ്ണിനെ സ്വന്തമാക്കാൻ… ആവർത്തനവിരസത നിറഞ്ഞ മടിപ്പിക്കുന്ന ദിനങ്ങൾ കടന്നുപോകുന്നത് എണ്ണിയവൻ കാത്തിരുന്നു തിരികെ നാട്ടിലെത്താൻ…
ഒരിക്കൽ ചെറിയച്ഛന്റെ മോൻ വാട്സപ്പ് ഫാമിലി ഗ്രൂപ്പിലേക്ക് അവനെയും കൂടി ചേർത്തപ്പോൾ അതിൽ അവളും ഉണ്ടെന്നറിഞ്ഞ് മതിമറന്ന് സന്തോഷിച്ചവൻ , അവിടെയും പരസ്പരം എല്ലാവരും വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർ രണ്ടാളും മാത്രം ശീത സമരം തുടർന്നു…
പക്ഷേ ഇപ്പോൾ ആ മൗനത്തെയും അവൻ പ്രണയിച്ചു തുടങ്ങിയിരുന്നു ദയയുടെ ഋഷിക്ക് അതേ പറ്റുമായിരുന്നുള്ളൂ…
“”””എനിക്ക് നിന്നെ ഇഷ്ടമായിരുന്നു പെണ്ണെ…. നീ ജനിച്ച നാൾമുതൽ പ്രണയം എന്തെന്നറിയാത്ത പ്രായം മുതൽ ഈ ഹൃദയം തുടിച്ചു എൻറെ ജീവൻ നിലനിർത്തിയിരുന്നത് നിനക്ക് വേണ്ടിയായിരുന്നു ദയ….”””
ഒരിക്കൽ ഒരുനാൾ ഇതവളുടെ കാതോരം മൊഴിയുമ്പോൾ അവളുടെ മുഖത്ത് ഞെട്ടൽ നേരിട്ട് കാണാൻ അവൻ അവൻറെ പ്രണയത്തെ മൗനത്താൽ പൊതിഞ്ഞു ഭദ്രമായി സൂക്ഷിച്ചുവച്ചു…. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇടയ്ക്ക് എത്തുന്ന പുതിയതുൾപ്പെടെയുള്ള അവളുടെ നൂറായിരം പടങ്ങളിൽ നോക്കിയവൻ തന്റെ പ്രണയം പങ്കുവെച്ചു, കൊഞ്ചിച്ചും ലാളിച്ചും ഇണങ്ങിയും പിണങ്ങിയും പരിഭവം പറഞ്ഞു രണ്ടു വർഷങ്ങൾ തള്ളിനീക്കി…
ഒടുവിൽ അവൾക്കായി കുന്നോളം സമ്മാനങ്ങളുമായി നാട്ടിലെത്തുമ്പോൾ അവളെ ഒന്ന് കാണാൻ അവന്റെ ഉള്ളം തുടികൊട്ടുകയായിരുന്നു… പക്ഷേ അവനെ കാത്തിരുന്നത് കാണാൻ പോകേണ്ട പെൺകുട്ടികളുടെ കണക്കുമായിരിക്കുന്ന വീട്ടുകാരെയാണ് അന്ന് ആദ്യമായി തന്റെ പ്രണയം ആരോടെങ്കിലും ഒന്ന് തുറന്നു പറയാത്തതിൽ അവന് കുറ്റബോധം തോന്നി….
വീട്ടിൽ വഴക്കുണ്ടാക്കി ഇറങ്ങി അമ്മമ്മയെ കാണാൻ എന്ന് വ്യാജ അവളെ കാണാൻ ചെല്ലുമ്പോൾ കാണുന്നത് തൻറെ വിവാഹം കൂടാൻ കാത്തിരിക്കുന്നു എന്ന് ചിരിയോടെ പറയുന്ന ആ പെണ്ണിനെയാണ്…
ഹൃദയം നിറഞ്ഞ വേദനയോടെ അവളുടെ ആ ചിരിയിൽ അവനും പങ്കുചേർന്നു… ഒടുവിൽ നിർബന്ധങ്ങൾക്ക് വഴങ്ങി പെണ്ണുകാണലിനായി ഒരുങ്ങിയിറങ്ങി പക്ഷേ പല കാരണങ്ങൾ പറഞ്ഞ് ഓരോന്നും മുടക്കി മടുത്തിരുന്നു കുറഞ്ഞ നാളുകൾ കൊണ്ട് അവനും…
ഒടുവിൽ…
“” ഋഷി… നിനക്ക് നമ്മുടെ ദയ ആലോചിച്ചാലോ , സമ്മതമാണോ നിനക്ക്?…” അമ്മയുടെ ചോദ്യത്തിന് ഈറൻ മൂടിയ കണ്ണുകളുടെ സമ്മതം അറിയിക്കുമ്പോൾ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു അവനും തൻറെ പെണ്ണിൻറെ കൂടെയുള്ള ജീവിതം…
അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചവൻ നന്ദി പറഞ്ഞു വർഷങ്ങളായുള്ള തൻറെ തപസ്സിൽ സംതൃപ്തരായി ഇഷ്ടവരം നൽകി അനുഗ്രഹിച്ചതിൽ… പെണ്ണുകാണൽ ഒഴിവാക്കി കാരണവന്മാർ പരസ്പരം വാക്ക് നൽകി വിവാഹം ഉറപ്പിക്കുമ്പോൾ അവളോട് ഒന്ന് സംസാരിക്കാൻ അവനും അവസരം കിട്ടിയിരുന്നില്ല . ഒടുവിൽ തങ്ങൾക്കായുള്ള പൂജയിൽ പങ്കെടുത്ത കുടുംബ ക്ഷേത്രത്തിൽ ഒന്നിച്ചു തൊഴുതു നിൽക്കുമ്പോൾ കണ്ണുകൾ അവളിൽ പ്രതിഷ്ഠിച്ചു ഒരു സ്വപ്നലോകത്തായിരുന്നു അവൻ…
” ഈ വിവാഹം ഉറപ്പിച്ചൊ?..” അവളുടെ ചോദ്യമാണ് അവനെ ബോധമണ്ഡലത്തിലേക്ക് എത്തിച്ചത്.
സമ്മതിച്ച് തലയാട്ടുമ്പോൾ അവൾ ആകെ അസ്വസ്ഥയാക്കുന്നത് കണ്ടവനും അമ്പരന്ന് അവളെ നോക്കി.
തിരിച്ചുള്ള യാത്രയിൽ തനിക്ക് നേരെ ഒരു നോട്ടം കൊണ്ടു പോലും കടാക്ഷിക്കത്തവളെ പരിഭവത്തോടെ നോക്കിയിരുന്നു അവൻ, വീട് ഇറങ്ങി അകത്തേക്ക് പോകാതെ നിൽക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല തന്റെ ഹൃദയം കുത്തിക്കയറാൻ പാകത്തിന് ഒരു ആയുധവും ആയിട്ടാണ് അവൾ നിൽക്കുന്നതെന്ന്…
” രാവിലെ അമ്പലത്തിൽ നിൽക്കുമ്പോഴാണ് ഞാൻ നമ്മുടെ വിവാഹം ഉറപ്പിച്ചതെന്ന് അറിയുന്നത്.. അതാ ഞാൻ അപ്പോൾ തന്നെ ചോദിച്ചത്. എനിക്ക് ഋഷിയേട്ടനെ വിവാഹം കഴിക്കാൻ സാധിക്കില്ല ! കോളേജിൽ എൻറെ സീനിയർ ആയി പഠിച്ച ഒരാളുമായി കഴിഞ്ഞ ആറുമാസമായി ഇഷ്ടത്തിലാണ്… അവനെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല ഋഷിയേട്ടൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറണം, എന്നെ മനസ്സിലാക്കണം പ്ലീസ്…” ഒരു നിമിഷം ശ്വാസം നിലച്ചുപോയ പോലെ തോന്നി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കിയിരുന്നു…
എങ്കിലും എൻറെ പെണ്ണേ… നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന എന്നോട് തന്നെ നീ പറഞ്ഞല്ലോ, ഇതിനേക്കാൾ നല്ലത് നിനക്ക് എന്നെ കൊല്ലാമായിരുന്നു… വർഷങ്ങളായി നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്ന എന്നോട് നീ നിൻറെ ആറുമാസത്തെ പ്രണയത്തെ വാഴ്ത്തി പറയല്ലേടീ… മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ നീ…”
ഹൃദയം വായപൂട്ടി നിലവിളിച്ചു കൊണ്ടിരുന്നു നിറയാൻ തുടങ്ങിയ കണ്ണുകളെ ഇറക്കി അടച്ച് അവനവൊളിപ്പിക്കാൻ ശ്രമിച്ചു … പക്ഷേ ആദ്യമായി ആ കലങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിച്ചു പക്ഷേ, അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ അവൾ ശ്രമിച്ചില്ല…
വിവാഹം വേണ്ട എന്ന് പറയണമെന്ന് അവൻ ഉപദേശം കൊടുക്കുമ്പോഴും അന്യജാതിക്കാരനായ കാമുകന് സ്വന്തമാക്കാൻ സഹായിക്കണമെന്ന് ഒരു അപേക്ഷയും അവൻറെ മുൻപിൽ സമർപ്പിച്ചവൾ…
അവൾക്കുവേണ്ടി എന്ത് കാര്യത്തിനും കൂടെ നിൽക്കാമെന്ന് വാക്ക് നൽകുമ്പോൾ എന്നും അവളുടെ സന്തോഷം മാത്രമേ അവനും ആഗ്രഹിച്ചുള്ളൂ…. പ്രണയം പിടിച്ചുവാങ്ങാൻ കഴിയില്ല എന്ന സത്യം ആ നിമിഷം അവൻ തിരിച്ചറിഞ്ഞു. തന്റെ പ്രണയം ഇനിയൊരിക്കലും അവൾ അറിയരുതെന്ന് ഒരു പ്രാർത്ഥന മാത്രമേ ആ സമയത്ത് അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…. പ്രണയം നൽകിയ വിരഹം മാത്രമല്ല , അത് നൽകുന്ന മരണവേദനയും അനുഭവിച്ച അവളുടെ അടുത്ത് നിന്ന് നടന്നു നീങ്ങി…
തനിക്ക് അവളെ ഒരിക്കലും തന്റെ ഭാര്യയായി കാണാൻ കഴിയില്ലെന്ന് കാരണം പറഞ്ഞു ആ പ്രതിസന്ധിയിൽ നിന്ന് അവളെ അവൻ മോചിപ്പിച്ചു… കൊടുത്തു വർഷങ്ങൾ കൊണ്ട് ഹൃദയം മുഴുവൻ പടർന്നു പന്തലിച്ച പ്രണയം ഇന്നവനെ വരിഞ്ഞു മുറുക്കി കൊല്ലാതെ കൊന്നു . നഷ്ട പ്രണയം നൽകുന്ന വേദനയുടെ ചൂടുംചൂരും ഓരോ നിമിഷവും അവനെ പൊള്ളിച്ചു..
ആരോടും ഒന്നും പറയാൻ ആകാതെ തൻറെ മുറിയിൽ ഒതുങ്ങി കൂടിയ ഹൃദയത്തിൽ അവളോടുള്ള പ്രണയത്തിന് ഒരു സമാധാനമുണ്ട് തീർക്കാൻ ശ്രമിച്ചുകൊണ്ട്.. നാളുകൾക്കു ശേഷം അവളുടെ ഫോൺ കോൾ തേടി വരുമ്പോൾ അവൻ ആ പഴയ കാമുകനായി ഒരു നിമിഷം പക്ഷേ തൻറെ പ്രണയം വീട്ടിലറിഞ്ഞതും അന്യജാതിയിൽ പെട്ട ഒരുത്തന്റെ കൂടെ മകളെ പറഞ്ഞയക്കില്ലെന്ന് അച്ഛൻറെ വാക്കും തന്നെ ചെന്നൈയിലുള്ള കാമുകൻ ആദർശിൻ്റെ അടുത്ത എത്തിക്കാനുള്ള മാർഗവും അന്വേഷിച്ചായിരുന്നു അവൾ അവനെ തേടി വന്നത്…. അവളിൽ നിന്ന് ഫോൺ നമ്പർ വാങ്ങി ആദർശിനെ നമ്പറിലേക്ക് വിളിക്കുമ്പോൾ പ്രതീക്ഷിച്ച പ്രതികരണം അല്ല അവനിൽ നിന്ന് കിട്ടിയത് ടൈം പാസ്സായി കണ്ട് പ്രണയിച്ച സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞവനെ തിരക്കി ചെന്നൈയിൽ ചെന്ന് തന്നെ മറുപടി കൊടുത്തു….
തന്നെപ്പോലെ പ്രണയത്താൽ മുറിവേറ്റവളെ ചേർത്തു പിടിക്കുമ്പോൾ അവനിൽ വാത്സല്യം മാത്രമായിരുന്നു നിറഞ്ഞുനിന്നത്…. പലതും പറഞ്ഞ് തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമ്പോൾ അതെല്ലാം അവൻ സ്വന്തം മനസ്സിനെ കൂടെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു…
ലീവ് തീർന്നു വീണ്ടും ആ നാടുവിട്ടു പോകുമ്പോൾ ഇത്തവണ അവനു കൂട്ടായ അവളുടെ സൗഹൃദം കൂടിയുണ്ടായിരുന്നു…. പിന്നെ അവരുടെ നാളുകളായിരുന്നു, പരസ്പരം താങ്ങും തണലുമായി നിന്നു ഇഷ്ടങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞു. കുട്ടിക്കാലം മുതൽ പറയാതെ സൂക്ഷിച്ച വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെച്ചു, ആ കുറഞ്ഞ കാലയളവിൽ ദൃഢമായ ഒരു ആത്മബന്ധം അവർ തമ്മിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു…
വീണ്ടുമൊരു അവധിക്കാലം അനുവദിച്ചുകിട്ടി നാട്ടിലെത്തുമ്പോൾ അവളും കാത്തിരിക്കുകയായിരുന്നു അച്ഛമ്മയുടെ അടുത്തിരുന്നവൻ വിശേഷങ്ങൾ പറയുമ്പോൾ അവളും അടുത്തുണ്ടായിരുന്നു കേൾവിക്കാരിയായി ആ കൂട്ടത്തിൽ മുടങ്ങിപ്പോയ പഴയ വിവാഹാലോചന അച്ഛമ്മ പൊടിതട്ടി എടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ സന്തോഷം മറച്ചുപിടിച്ച് ഇത്തവണ അവളുടെ മുഖത്തേക്കാണ് നോക്കിയത് ആമുഖത്തെ നാണപൂക്കൾ അവനുള്ള മറുപടി നൽകുമ്പോൾ ആ പഴയ കാമുകനിലേക്ക് ദയയുടെ മാത്രം റഷ്യയായി പുനർജനിക്കുകയായിരുന്നു അവനും….
ആരും കാണാതെ അവളുടെ സമ്മതം നേരിട്ട് പറയുമ്പോൾ തന്നോട് ചേർത്തുനിർത്തി നെറ്റിയിൽ തന്റെ ചുണ്ടിൽ മുദ്ര പതിപ്പിച്ചാണ് ഋഷി അവന്റെ സന്തോഷം പ്രകടിപ്പിച്ചത്… നാണത്തോടെ അവളും ആ സ്നേഹ ചുംബനം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു…
ഒടുവിൽ ഒരു മഴ രാവിൽ തൻറെ താലിയും സിന്ദൂരവും അണിഞ്ഞ ഒരു ഗ്ലാസ് പാലുമായി തൻറെ മുറിയിൽ എത്തിയ അവളെ ചേർത്തുപിടിക്കുമ്പോൾ നാണം കൊണ്ട് ചുവന്ന തൻറെ മുഖം അവൾ അവൻറെ നെഞ്ചിൽ ഒളിപ്പിച്ചു….
“” എനിക്ക് നിന്നെ ഇഷ്ടമായിരുന്നു പെണ്ണേ… നീ ജനിച്ചനാൾ മുതൽ പ്രണയം എന്തെന്നറിയാത്ത പ്രായം മുതൽ ഈ ഹൃദയം തുടിച്ചു എൻറെ ജീവൻ നിലനിർത്തിയിരുന്നത് നിനക്ക് വേണ്ടിയാണ് ദയ…””
ഒടുവിൽ എല്ലാ അർത്ഥത്തിലും ഋഷികേശിന്റെ സ്വന്തം വിയർപ്പ് പൊടിഞ്ഞ നെഞ്ചിൽ ചേർന്ന് തളർന്നു കിടക്കുന്നവളുടെ കാതിൽ പതിയെ മൊഴിയുമ്പോൾ ഞെട്ടി കണ്ണ്മിഴിച്ച് കിടക്കുകയായിരുന്നു അവളും… വർഷങ്ങൾ കാത്തിരുന്ന സഫലമായ ആദ്യ കാഴ്ചയുടെ നിർവൃതിയിൽ അവനും… അപ്പോഴവൻ്റെ വിരലുകൾ അവളുടെ കാലിൽ കിടക്കുന്ന ആദ്യമായി വാങ്ങിയ ആ കൊലുസിന്റെ മണികളിൽ താളം പിടിച്ചു തുടങ്ങിയിരുന്നു….
ശുഭം
