പെൺകുട്ടികളെ അച്ഛൻ വേണം കൈപിടിച്ച് കൊടുക്കാൻ!! എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വൃന്ദയുടെ കല്യാണത്തിന് നീ പോയി അച്ഛനെ….

“” പെൺകുട്ടികളെ അച്ഛൻ വേണം കൈപിടിച്ച് കൊടുക്കാൻ!!

എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വൃന്ദയുടെ കല്യാണത്തിന് നീ പോയി അച്ഛനെ വിളിക്കണം!!! “”

 

​വകയിൽ ഒരു അമ്മാവൻ പറഞ്ഞത് കേട്ട് വിനീതിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങി.

അവൻ വൃന്ദയെ നോക്കി. ഭയത്തോടെ ഒന്നും പറയരുത് എന്ന് അവൾ മുഖം കൊണ്ട് കാണിച്ചു.

അവൾക്ക് വേണ്ടി മാത്രം വിനീത് മിണ്ടാതെ ഇരുന്നു.

​”” എന്താ നീ ഒന്നും മിണ്ടാത്തത് ദുബായിൽ പോയി കുറച്ചു കാശുണ്ടാക്കി എന്നുള്ളതിന്റെ അഹങ്കാരം ആണോ?? “”

​അയാൾക്ക് വിടാൻ ഭാവം ഉണ്ടായിരുന്നില്ല. ഇത്തവണ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു വിനീതിന്.

 

​”” എനിക്കും ഇവൾക്കും തന്ത ഇല്ല!

അയാളെ ഞങ്ങൾ അച്ഛനായി അംഗീകരിക്കുന്നതും ഇല്ല!! എന്റെ മോളുടെ സ്ഥാനത്ത് ആണ് ഞാൻ ഇവിടെ കാണുന്നത്.

ഇവളുടെ കൈ പിടിച്ചു കൊടുക്കാൻ ഞാൻ മതി!!!

ഇക്കണ്ട കാലം ഞങ്ങളുടെ കാര്യം ഓർത്ത് സങ്കടപ്പെട്ട് ആരും ഇതുവഴി വന്നിട്ടില്ലല്ലോ.

ഇനിയും അങ്ങനെ തന്നെ മതി.. ഇതുപോലെ അഭിപ്രായം പറയാൻ മാത്രം ആരും ഈ പടി കയറണം എന്നില്ല! “”

 

​വിനീത് കിതച്ചുകൊണ്ട് പറഞ്ഞപ്പോൾ വന്നവർക്ക് അത് വലിയ അപമാനം ആയി.

അവർ അവനെ കുറ്റം പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിപ്പോയി.

​അവർ പോയതിന് ശേഷം വിനീത് വൃന്ദയുടെ അരികിലേക്ക് ചെന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു:

​”” മോൾക്ക് അച്ഛൻ നിന്റെ കല്യാണത്തിന് വരണം എന്നുണ്ടോ?? “”

 

​”” ഇല്ല ഏട്ടാ, എന്റെ അച്ഛന്റെ സ്ഥാനത്ത് എനിക്ക് എന്റെ ഏട്ടൻ മാത്രം മതി!! “”

 

​അത് പറഞ്ഞപ്പോഴേക്ക് വിനീത് വൃന്ദയെ തന്നോട് ചേർത്തു പിടിച്ചിരുന്നു.

അവളുടെ കണ്ണീർ അവന്റെ തോളിൽ വീണു നനഞ്ഞു.

അനിയത്തിയെ നെഞ്ചോട് ചേർക്കുമ്പോൾ വിനീതിന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓരോന്നായി കടന്നുവന്നു.

 

​ലക്ഷ്മി എന്നായിരുന്നു അവരുടെ അമ്മയുടെ പേര്. പേര് പോലെ തന്നെ മഹാലക്ഷ്മി ആയിരുന്നു അവർ.

ശാന്തമായ സ്വഭാവം, എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും.

അച്ഛൻ സതീശന് ടൗണിൽ തന്നെ നല്ല രീതിയിൽ നടക്കുന്ന ഒരു ഹോട്ടൽ ഉണ്ടായിരുന്നു.

അതുകൊണ്ട് സാമ്പത്തികമായി അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

വളരെ സന്തോഷപ്രദമായിരുന്നു അവരുടെ ബാല്യം.

വിനീതും വൃന്ദയും ചോദിക്കുന്നതെല്ലാം വാങ്ങി നൽകാൻ അച്ഛന് വലിയ ഇഷ്ടമായിരുന്നു.

എന്നാൽ ഒരു നിമിഷം കൊണ്ട് അവരുടെ കുടുംബജീവിതം ആകെ മാറ്റിമറിക്കപ്പെട്ടു.

​തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന ആള് ആയിരുന്നു അവരുടെ അച്ഛൻ.

എന്നാൽ അമ്മയ്ക്ക് ഒരു മാരകമായ അസുഖം വന്നു എന്ന് കേട്ടപ്പോൾ ആദ്യം അവർ എല്ലാവരും സങ്കടപ്പെട്ടു.

കാൻസർ ആയിരുന്നു അമ്മയ്ക്ക്. നല്ല ചികിത്സ നൽകിയെങ്കിലും രോഗം മാറുന്ന ലക്ഷണമൊന്നും കണ്ടില്ല.

ദിവസം ചെയ്യുംതോറും ലക്ഷ്മി ആകെ കോലം കെട്ടു മെലിഞ്ഞു. കീമോതെറാപ്പി ചെയ്തത് കൊണ്ട് തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോയി.

പഴയ ഭംഗി ഒക്കെ പൂർണ്ണമായും നഷ്ടപ്പെട്ടു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി അമ്മ

​ഈ സമയത്താണ് ഹോട്ടലിൽ പുതുതായി റാണി എന്നൊരു സ്ത്രീ ജോലിക്ക് വരുന്നത്.

കാണാൻ നല്ല മിടുക്കിയും സുന്ദരിയും ആയിരുന്ന അവർ വളരെ പെട്ടെന്ന് തന്നെ സതീശനെ മയക്കി എടുത്തു.

വീട്ടിൽ രോഗിയായ ഭാര്യയുടെ അസുഖത്തിലും സങ്കടങ്ങളിലും അസ്വസ്ഥനായി കഴിയുന്ന ആള് റാണിയുടെ വലയിൽ വീണു.

 

പിന്നെ അയാൾ അവരുടെ വീട്ടിലേക്ക് തന്നെ വരാതെ ആയി. ഹോട്ടലിലെ വരുമാനം മുഴുവൻ റാണി സ്വന്തമാക്കി.

 

​ഭാര്യയെയും മക്കളെയും സതീശൻ പൂർണ്ണമായും മറന്നു.

റാണി പറഞ്ഞതിന് അപ്പുറം ഒരു വാക്ക് പോലും അയാൾ കേൾക്കാതെയായി. വീട്ടിൽ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിനീത് ബുദ്ധിമുട്ടി.

അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പണമില്ലാതെ വിനീത് പലതവണ അച്ഛന്റെ കാലു പിടിക്കാൻ ഹോട്ടലിലേക്ക് ചെന്നു.

 

എന്നാൽ അപ്പോഴെല്ലാം റാണി അവനെ ആട്ടി പറഞ്ഞയച്ചു.

“ഇങ്ങോട്ട് ഇനി മേലാൽ വരാൻ പാടില്ല” എന്ന് പറഞ്ഞ് സതീശനും അവനെ വഴക്ക് പറഞ്ഞു

. സ്വന്തം ചോരയിൽ ജനിച്ച മക്കളെക്കാൾ അയാൾക്ക് വലുത് റാണിയായിരുന്നു.

ഒടുവിൽ അമ്മ മരിച്ചപ്പോൾ അച്ഛൻ എന്നത് മനസ്സിൽ ഏറ്റവും വെറുക്കുന്ന ഒരു ആളായി മാറിയിട്ടുണ്ടായിരുന്നു വിനീതിന്.

ആ മരണസമയത്ത് പോലും സതീശൻ വന്നിരുന്നില്ല.

 

​അമ്മയുടെ മരണശേഷം വിനീതിന്റെയും വൃന്ദയുടെയും ജീവിതം കടുത്ത ദാരിദ്ര്യത്തിലായി.

അന്ന് വൃന്ദയ്ക്ക് വെറും എട്ടു വയസ്സായിരുന്നു പ്രായം. അവൻ സ്കൂളിൽ പോകുന്നതിനോടൊപ്പം ചെറിയ ചെറിയ പാർട്ട് ടൈം ജോലികളും ചെയ്തു തുടങ്ങി.

ഹോട്ടലുകളിൽ പാത്രം കഴുകാനും കടകളിൽ സാധനങ്ങൾ ചുമക്കാനും അവൻ പോയി.

കുട്ടികൾ ഒറ്റയ്ക്കായ വിവരം അറിഞ്ഞ് അവരുടെ അമ്മൂമ്മ അവരുടെ കൂടെ വന്നു നിന്നു.

 

അമ്മൂമ്മയുടെ സാന്നിധ്യം അവർക്ക് വലിയൊരു ആശ്വാസമായിരുന്നു.

 

​പ്ലസ് ടു കഴിഞ്ഞപ്പോൾ അവന്റെ കഷ്ടപ്പാട് ഓർത്ത് വീടിനടുത്തുള്ള ഒരു ചേട്ടൻ അവനെ അയാളുടെ കൂടെ ഗൾഫിലേക്ക് കൊണ്ടുപോയി.

അത് അവരുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.

അവിടെ ചെന്ന് കഠിനമായി അധ്വാനിച്ചതിന്റെ ഫലമായി ഭാഗ്യത്തിന് നല്ല ഒരു ജോലി തന്നെ അവന് കിട്ടി.

ഒരു വലിയ കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലി വിനീതിന് ലഭിച്ചു..

​അതോടെ കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി. അവർക്ക് സ്വന്തമായി നല്ലൊരു വീടുണ്ടായി.

വൃന്ദയെ നല്ല കോളേജിൽ ചേർത്ത് പഠിപ്പിച്ചു. പ്

അതുവരെ ഈ രണ്ടു കുട്ടികൾ തങ്ങളുടെ തലയിൽ ആകും എന്ന് കരുതി ഒളിച്ചോടി മാറിനിന്ന ബന്ധുക്കൾ ഒക്കെ ഇപ്പോൾ പതുക്കെ അടുത്തുകൂടാൻ തുടങ്ങി.

ഫോൺ വിളികളും സന്ദർശനങ്ങളും കൂടി.

​എന്നാൽ എല്ലാവരെയും നന്നായി മനസ്സിലാക്കിയ വിനീതിന് ആരോടും ഒരു സോഫ്റ്റ് കോർണറും തോന്നിയില്ല.

കഷ്ടപ്പാടിന്റെ കാലത്ത് തങ്ങളെ തിരിഞ്ഞുനോക്കാത്തവരാണ് ഇവരൊക്കെ എന്ന് അവന് നന്നായി അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ എല്ലാവരെയും അർഹിക്കുന്ന രീതിയിൽ അവൻ അകറ്റി നിർത്തി.

 

ആരോടും അനാവശ്യ കൂട്ടുകെട്ടിന് അവൻ പോയില്ല.

​വൃന്ദ ആയിരുന്നു അവന്റെ ജീവിതം തന്നെ. അവൾക്ക് വേണ്ടി മാത്രമാണ് അവൻ ജീവിച്ചത്.

വിദേശത്തിരുന്ന് അവൻ അധ്വാനിച്ചതെല്ലാം അനിയത്തിയുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു.

വൃന്ദ പഠിക്കാൻ മിടുക്കിയായിരുന്നു. ഒരിക്കൽ വൃന്ദയുടെ കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു സാറ് അവളെ കണ്ട് ഇഷ്ടപ്പെട്ടു.

മാന്യനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹം നേരിട്ട് വൃന്ദയോട് കാര്യങ്ങൾ സംസാരിച്ചില്ല, പകരം വിനീതിന്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി അവനോട് നേരിട്ട് കാര്യം പറഞ്ഞു.

 

​പ്രേമിച്ചു നടക്കാതെ തന്നോട് തന്നെ നേരിട്ട് അവളെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ സാറിനെ വിനീതിനും ഒരുപാട് ഇഷ്ടമായി.

 

ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയാണ് അതെന്ന് അവന് മനസ്സിലായി. അവൻ അവന്റെ കുടുംബത്തിന്റെ അവസ്ഥ മുഴുവൻ സാറിനോട് തുറന്നു പറഞ്ഞു.

അമ്മയുടെ മരണവും അച്ഛൻ ഉപേക്ഷിച്ചു പോയതുമായ എല്ലാ കാര്യങ്ങളും അവൻ വ്യക്തമാക്കി.

എല്ലാം അറിഞ്ഞിട്ടും അവളെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ അയാൾ തയ്യാറായിരുന്നു.

തനിക്ക് പണമോ ആൾബലമോ അല്ല, നല്ലൊരു പെൺകുട്ടിയെ ആണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

 

​അത് മതിയായിരുന്നു അവന്. അനിയത്തിക്ക് ഏറ്റവും അനുയോജ്യനായ പങ്കാളിയെ തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്ന് വിനീത് ഉറപ്പിച്ചു.

 

അടുത്ത ലീവിന് നാട്ടിൽ വരുമ്പോൾ ഉറപ്പായും വിവാഹം നടത്താമെന്ന് അവൻ സാറിന് ഉറപ്പ് കൊടുത്തു.

 

​അങ്ങനെ കല്യാണം ഉറപ്പിച്ച് അവൻ നാട്ടിൽ വന്നപ്പോഴാണ് വലിയ ഉപദേശവുമായി ബന്ധുക്കൾ അവന്റെ അരികിലേക്ക് എത്തിയത്.

കല്യാണം അച്ഛനെ അറിയിക്കണമെന്നും, അച്ഛൻ വന്ന് കൈപിടിച്ചു കൊടുക്കണമെന്നും അവർ നിർബന്ധം പിടിച്ചു.

 

എന്നാൽ അങ്ങനെ ഒരു തന്ത തങ്ങൾക്ക് ഇല്ല എന്ന് മുഖം കറുപ്പിച്ചു തന്നെ വിനീത് എല്ലാവരോടും പറഞ്ഞു.

അതോടെ നാട്ടുകാരും ബന്ധുക്കളും വിനീത് അഹങ്കാരിയായി മാറിയെന്ന് പറഞ്ഞു നടക്കാൻ തുടങ്ങി.

പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ബന്ധുക്കളെ പുച്ഛിക്കുന്നവനായി അവൻ മാറിയെന്ന് അവർ കുറ്റപ്പെടുത്തി.

 

​എന്നാൽ ഈ പറയുന്ന ബന്ധുക്കൾ അവരുടെ കഷ്ടകാല സമയത്ത് അവരുടെ അരികിൽ പോലും ചെന്നിരുന്നില്ല എന്നതായിരുന്നു സത്യം.

അമ്മ മരിച്ചു കിടന്നപ്പോൾ ഒരു നേരം ആഹാരം തരാൻ പോലും ഈ പറയുന്ന ഒരാളും ഉണ്ടായിരുന്നില്ല.

 

അതെല്ലാം വിനീത് നന്നായി ഓർക്കുന്നുണ്ടായിരുന്നു.
​വിവാഹദിവസം എത്തിച്ചേർന്നു.

ബന്ധുക്കളുടെ ശാപവചനങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് കല്യാണം ഭംഗിയായി നടന്നു.

അച്ഛന്റെ സ്ഥാനത്തുനിന്ന് വിനീത് തന്നെ വൃന്ദയെ കൈപിടിച്ച് നൽകി.

അവൾക്കും അച്ഛൻ വിനീത് തന്നെ ആയിരുന്നു.

അച്ഛന്റെ സ്നേഹവും അമ്മയുടെ കരുതലും ഒരുപോലെ നൽകി വളർത്തിയത് ഈ ഏട്ടനാണ്.

 

​താലിചാർത്തിക്കഴിഞ്ഞു ആ നെഞ്ചിൽ വീണ് യാത്ര പറയുമ്പോൾ അവൾക്ക് നന്നായി അറിയാമായിരുന്നു, ആ നെഞ്ചിലെ തുടിപ്പ് നിൽക്കുന്നത് വരെ തനിക്ക് വേണ്ടി ഈ ഏട്ടൻ എന്നും കൂടെ ഉണ്ടാകും എന്ന്.

കണ്ണീരോടെ അവൾ ഏട്ടനെ കെട്ടിപ്പിടിച്ചു. വിനീതിന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞു തുവുന്നുണ്ടായിരുന്നു,

തന്റെ കടമ പൂർത്തിയാക്കിയ ഒരു അച്ഛന്റെ സംതൃപ്തിയോടെ അവൻ അനിയത്തിയെ പുതിയ ജീവിതത്തിലേക്ക് യാത്രയാക്കി..

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *