സാറെ… പോസ്‌കോ ആണ് കേസ്.. അഞ്ചു വയസുള്ള പെങ്കൊച്ചിനോടാണ് ആ നാറി ഈ വൃത്തികേട് കാണിച്ചേക്കുന്നത്.. ദയവ് ചെയ്തു….

“സാറെ… പോസ്‌കോ ആണ് കേസ്.. അഞ്ചു വയസുള്ള പെങ്കൊച്ചിനോടാണ് ആ നാറി ഈ വൃത്തികേട് കാണിച്ചേക്കുന്നത്.. ദയവ് ചെയ്തു നിങ്ങൾ ഇതിൽ ഇടപെടരുത്..”

എസ് ഐ അലക്സ് പറയുന്നത് കേട്ട് ഒരു നിമിഷം മൗനമായി രാജേന്ദ്രൻ.

“എടോ… ഇടപെടാൻ ഇഷ്ടമുണ്ടായിട്ടല്ല.. പക്ഷെ നിങ്ങൾ ഈ പറഞ്ഞ പ്രതി മുകുന്ദൻ നമ്മുടെ പാർട്ടി ടെ വേണ്ടപ്പെട്ട ആളാണ്‌.. എം എൽ എ ആയിരിക്കുമ്പോൾ ഞാൻ ഇതിൽ ഇടപെടാതിരുന്നാൽ അതും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ആയേക്കും.”

“എന്ന് കരുതി.. സർ പാർട്ടി പ്രവർത്തകൻ എന്ത് വൃത്തികേട് കാണിച്ചാലും നിങ്ങൾ നേതാക്കന്മാര് അതിനെ സപ്പോർട്ട് ചെയ്യാൻ വരോ.. ഈ നാട്ടിലെ ജനാധിപത്യം ഇതേത് വഴിക്കാണ് സാറേ പോണത്.. എനിക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല….”

പുച്ഛത്തോടെയാണ് അലക്സ് അത് ചോദിച്ചത്. എന്നാൽ ആ ചോദ്യം രാജേന്ദ്രനെ ചൊടിപ്പിച്ചു….

” എടോ അലക്സേ.. താൻ കാട് കേറി പോണ്ട കേട്ടോ.. കേസ് രെജിസ്റ്റർ ചെയ്തിട്ടില്ലല്ലോ… തത്കാലം അങ്ങിനെ ഇരിക്കട്ടെ.. ആ കൊച്ചിന്റെ തന്തേനേം തള്ളേനേം കണ്ട് എന്തേലും കൊടുത്ത് ഒതുക്കി കേസ് ഞാൻ ഒഴിവാക്കി തരാം.. ”

“അവര് കേട്ടില്ലെങ്കിൽ… കേട്ടില്ലെങ്കിൽ എന്ത് ചെയ്യും സാറേ.. ”

മറു ചോദ്യവുമായി അലക്സ് തുറിച്ചു നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു രാജേന്ദ്രൻ.

” കേട്ടില്ലേൽ കേൾപ്പിക്കും.. അത് ഏത് വഴിക്കും… എന്ത് വന്നാലും പാർട്ടിടെ ഇമേജ് കളയാൻ പറ്റില്ലെടോ.. താൻ പറയുന്നത് കേട്ടാൽ മതി.. ”

അത്രയും പറഞ്ഞു പുറത്തേക്ക് നടക്കുവാനായി തിരിഞ്ഞു രാജേന്ദ്രൻ.

” സാർ അപ്പോൾ പുറത്ത് തടിച്ചു കൂടിയ നാട്ടുകാരോട് എന്ത് പറയും… അവരെല്ലാവരും ഈ മുകുന്ദന് എതിരാണ്.. നടപടിയുണ്ടായില്ലേൽ വലിയ പ്രശ്നങ്ങൾ ആയേക്കും. ”

പിന്നാലെ ചെന്ന് അലക്സ് വീണ്ടും ഓർമിപ്പിച്ചു.

” പിന്നേ.. നാട്ടുകാര് പട്ടികള്.. അടുത്ത കേസ് വരുമ്പോ അവറ്റകൾ താനേ അതിന്റെ പിന്നാലെ പൊയ്ക്കോളും.. പിന്നേ കൊച്ചിന്റെ തന്തയും തള്ളയും കേസില്ലെന്ന് കുറച്ചു കഴിയുമ്പോ വിളിച്ചു പറയും.. അവരെ കൊണ്ടത് പറയിപ്പിക്കുവാൻ വേണ്ടി കുറച്ചു പേരെ ഞാൻ അങ്ങട് വിട്ടിട്ടുണ്ട്.. ആ കോൾ വന്ന് കഴിഞ്ഞാൽ താൻ ഈ കൂടി നിൽക്കുന്നവർക്ക് നേരെ വേണേൽ ലാത്തി വീശിക്കോ… എന്തേലും പ്രശ്നം വന്നാലും ഞാൻ നോക്കിക്കോളാം..”

പറഞ്ഞവസാനിപ്പിച്ചു പുച്ഛത്തോടെ പുറത്തേക്ക് നടന്നു പോയി രാജേന്ദ്രൻ

” പക്കാ.. ക്രിമിനലാണ് ഇയാൾ.. ബ്ലഡി…. ”

പല്ലിറുമ്മി രോഷം കടിച്ചമർത്തുവാൻ മാത്രമേ കഴിഞ്ഞുള്ളു അലക്സിനു.

” സാറെ.. ഇതെന്ത് സിസ്റ്റമാണ്.. ഇവിടെ നിയമ വ്യവസ്ഥകൾക്ക് മുകളിൽ ആണോ പാർട്ടി നേതാക്കൾ.. എന്ത് ക്രൂരത ചെയ്താലും സപ്പോർട്ട് ചെയ്യാനും പുല്ല് പോലെ ഇറക്കിക്കൊണ്ട് പോകാനും നേതാക്കന്മാരുണ്ട്.. പിന്നെന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്.. ”

വനിതാ കോൺസ്റ്റബിൾ ഇന്ദുവിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി അലക്സിന്റെ പക്കലും ഇല്ലായിരുന്നു.

” എനിക്ക് സഹികെട്ടു തുടങ്ങീട്ടുണ്ട്… ഈ അഡ്ജസ്റ്റ്മെന്റ് ജോലി ഒരു തരത്തിലും എനിക്ക് പറ്റാത്ത കാര്യമാണ് ”

പല്ലിറുമ്മി കൊണ്ടവൻ തിരികെ ക്യാബിനിലേക്ക് പോകുമ്പോൾ നിസ്സഹായരായി നോക്കി നിന്നു മറ്റു പോലീസുകാർ. പുറത്ത് അപ്പോഴും വലിയ പ്രതിഷേധ പ്രകടങ്ങൾ നടക്കുകയായിരുന്നു.

എം എൽ എ രാജേന്ദ്രൻ പറഞ്ഞത് വെറും വാക്കായില്ല… ഒരു മണിക്കൂർ കഴിയവേ അലക്സിന്റെ ഫോണിലേക്ക് കുട്ടിയുടെ അച്ഛന്റെ കോൾ വന്നു തങ്ങൾക്ക് കേസില്ല എന്നും പരാതി പിൻവലിക്കുന്നു എന്നും അയാൾ അറിയിച്ചു. പറഞ്ഞത് കേൾക്കുകയല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല അലക്സ്. കാരണം ഭീഷണിയുടെ പേടിയിലാണ് അങ്ങനൊരു കോൾ വന്നത് എന്ന് അയാളുടെ പതർച്ചയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സമയം പിന്നെയും നീങ്ങി. പുറത്ത് ഈ നടന്നത് ഒന്നും അറിയാതെ അപ്പോഴും നാട്ടുകാർ ബഹളം വച്ചു തന്നെ നിന്നു.

” അമ്മേ.. എനിക്ക് മടുത്തു… അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോട് ക്രൂരത ചെയ്തവനെ പോലും ഒന്നും ചെയ്യുവാൻ കഴിയാതെ നോക്കി നിൽക്കേണ്ട അവസ്ഥ… അടിമപ്പണി… ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു ”

അമ്മയെ ഫോൺ ചെയ്ത് സംസാരിക്കുമ്പോൾ ആകെ നിരാശനായിരുന്നു അലക്സ്.

” മോനെ… നീ ആഗ്രഹിച്ചു നേടിയ ജോലി അല്ലെ.. അത് ആത്മാർത്ഥമായി തന്നങ്ങ് ചെയ്യണം.. സത്യത്തിനൊപ്പം നിൽക്കണം… നീതി നടപ്പിലാക്കണം. അതിന്റെ പേരിൽ ഈ തൊപ്പി അങ്ങ് തെറിക്കുവാണേൽ അന്തസായി തിരിച്ചു വാ.. ഒരായുസ്സ് മുഴുവൻ നിനക്കും നിന്റെ തലമുറയ്ക്കും ജീവിക്കാനുള്ള സമ്പാദ്യം നമുക്കുണ്ട് എന്ന് അറിയാലോ നിനക്ക്… പക്ഷെ നിനക്ക് ഒരിക്കലും നിരാശ തോന്നില്ല… കാരണം നീതി നടപ്പിലാക്കിയതിന്റെ പേരിലാണ് അതൊക്കെ സംഭവിച്ചത് എന്ന് ആശ്വസിക്കാം നിനക്ക് “.

അമ്മയുടെ ആ വാക്കുകൾ വല്ലാത്ത ഊർജ്ജമായി അലക്സിന്.

“അതേ അമ്മേ… അമ്മ പറഞ്ഞതാണ് ശെരി.. ഇതിപ്പോ കുറെ ആയി വായ് മൂടികെട്ടുന്നു.. ഇനി വയ്യ.. ജോലി ചെയ്യുന്നേൽ അന്തസ്സുള്ള പോലീസുകാരനായിട്ട് അല്ലേൽ പിന്നേ തൊപ്പി ഊരി വച്ച് പടിയിറങ്ങും ഞാൻ.. ”

വാശിയോടെ കോൾ കട്ട്‌ ചെയ്ത് ഓഫീസ് മുറി വിട്ട് പുറത്തേക്കിറങ്ങി അവൻ.

” നോക്ക് എല്ലാരോടുമായി ഒരു കാര്യം പറയുവാ.. ഈ തോന്ന്യവാസത്തിനു മുന്നിൽ തലകുമ്പിട്ടു നിൽക്കുവാൻ എനിക്ക് കഴിയില്ല.. ഞാൻ ആ മുകുന്ദനെ അറസ്റ്റ് ചെയ്യുവാൻ പോകുവാണ്. അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും നേരിടാൻ ഞാൻ തയ്യാറാണ്. ധൈര്യസമേതം ആർക്കെങ്കിലും എനിക്കൊപ്പം വരാൻ കഴിയുമെങ്കിൽ മാത്രം വരാം.. കാരണം ഇറങ്ങി തിരിച്ചാൽ ഭവിഷ്യത്ത് ഏത് വിധമാകുമെന്ന് അറിയില്ല.. ”

അലക്സ് പറഞ്ഞു നിർത്തുമ്പോൾ ആദ്യം ചാടി എഴുന്നേറ്റത് ഇന്ദുവാണ്.

” ഞാൻ ഉണ്ട് സർ.. ഈ ചെയ്യുന്നതിന്റെ പേരിൽ തൊപ്പി പോണേ പോട്ടെ പുല്ല്.. ”

അവൾ മാത്രമല്ല മറ്റു രണ്ട് കോൺസ്റ്റബിൾമാരും കൂടി ഒപ്പം കൂടി.

” രാഘവേട്ടാ കുട്ടിയുടെ പേരെന്റ്സിന്റെ റിട്ടൺ കംപ്ലയിന്റ് ഉണ്ടല്ലോ.. പരാതി ഒഫീഷ്യലി പിൻവലിച്ചിട്ടില്ല.. സോ എഫ് ഐ ആർ ഇട്ട് സിസ്റ്റത്തിൽ കേറ്റ് അവനെ കൊണ്ട് വരുമ്പോൾ പ്രൊസീജിയേഴ്സ് എല്ലാം തീർന്നിരിക്കണം. ”

സീനിയർ പോലീസ് ഓഫീസർക്ക് നിർദ്ദേശം നൽകി അലക്സ് പുറത്തേക്ക് നടന്നു. പിന്നാലെ മറ്റുള്ളവരും.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു അറസ്റ്റ് വലിയ വാർത്തയായി. പല പല ഫോൺ കോൾസ് വന്നെങ്കിലും ഒന്നും അറ്റന്റ് ചെയ്തില്ല അലക്സ്. പക്ഷെ ഒരു മുൻകരുതൽ അവൻ പ്ലാൻ ചെയ്തിരുന്നു. തിരികെ സ്റ്റേഷനിലേക്കുള്ള യാത്രയിൽ സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വീഡിയോ ഇട്ടു അവൻ.. പരാതി കിട്ടിയത് മുതൽ സ്റ്റേഷന് മുന്നിലെ പ്രശ്നങ്ങളും എം എൽ എ യുടെ ഇടപെടലും ശേഷം പരാതി പിൻവലിക്കുവാൻ പറഞ്ഞു കൊണ്ട് വന്ന കോളും കുട്ടിയുടെ അച്ഛന്റെ പതർച്ചയും എല്ലാം വ്യക്തമായി വിഡിയോയിൽ വിവരിച്ചു അലക്സ്. ഒപ്പം അവസാനം കുറച്ചു വാചകങ്ങൾ കൂടി പറഞ്ഞു അവൻ

” ഇങ്ങനൊരു വീഡിയോ ചെയ്തതിലൂടെ ചിലപ്പോൾ എനിക്കും ഒപ്പമുള്ളവർക്കും ജോലി നഷ്ടമായേക്കാം.. അല്ലെങ്കിൽ എന്നെ അപായപ്പെടുത്തിയേക്കാം… ഞാൻ ഭയക്കുന്നില്ല കാരണം എന്ത് സംഭവിച്ചാലും അതൊരു കൊച്ചു കുഞ്ഞിന് നീതി വാങ്ങി കൊടുക്കുവാൻ വേണ്ടിയായിരുന്നു എന്നുള്ള സംതൃപ്തി മാത്രം മതി എനിക്ക്.. സ്ത്രീകളെ ഉപദ്രവിച്ചു ഇപ്പോൾ ചെന്ന് നിൽക്കുന്നത് കൊച്ചു കുഞ്ഞുങ്ങളിലാണ്.. ഇനി അനുവദിച്ചു കൊടുക്കുവാൻ വയ്യ… ഇത്തരം ദുഷിച്ച ചിന്തകളുള്ള മുകുന്ദന്മാർ ഇനിയുമുണ്ടാകാം. എല്ലാവർക്കും ഈ മുകുന്ദന്റെ വിധി ഒരു പാഠമാകണം ”

വീഡിയോ കട്ട്‌ ചെയ്യുമ്പോൾ ഉള്ളിൽ വല്ലാത്ത ആശ്വാസം തോന്നി അലക്സിന്. എന്നാൽ ജീപ്പ് സ്റ്റേഷനിൽ എത്തുമ്പോൾ അന്ധാളിച്ചു പോയി അവൻ. മീഡിയാസ് ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു അവിടെ . കാരണം ആ ലൈവ് വീഡിയോ അതിനോടകം തന്നെ വൈറൽ ആയിരുന്നു.

” കലക്കി സാറേ.. നിങ്ങളാണ് യഥാർത്ഥ പോലീസുകാരൻ.. ഞങ്ങൾ എല്ലാം ഉണ്ട് സാറിന്റെ ഒപ്പം ”

ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ടിവിയിലൂടെ നിറകണ്ണുകളോടെയാണ് ആ കുട്ടിയുടെ അച്ഛനും അമ്മയും ആ വാർത്ത കണ്ടത്. ഒരു നിമിഷം മനസുകൊണ്ട് അലക്സിനു നന്ദി പറഞ്ഞു അവർ.

പ്രശ്നം വൈറലായതോടെ കുരുക്കിലായത് എം എൽ എ രാജേന്ദ്രനാണ്..

പ്രശ്നത്തിൽ ഇടപെട്ട സമയം കാര്യത്തിന്റെ ഗൗരവം താൻ വ്യക്തമായി അറിഞ്ഞിരുന്നില്ല എന്നും നീതി ഉറപ്പായും നടപ്പിലാക്കപ്പെടണമെന്നും വാദിച്ചു കൊണ്ടയാൾ ഒരു വിധം പിടിച്ചു നിന്നു. പൊതുജനം അലക്സിനൊപ്പം നിലയുറപ്പിച്ചതോടെ മറ്റു പ്രതികാര നടപടികളും തത്കാലത്തേക്ക് ഉണ്ടാകില്ല എന്ന കാര്യത്തിൽ ഉറപ്പായി. മുകുന്ദനെ റിമാൻഡ് ചെയ്തു കൊണ്ട് കോടതി ഉത്തരവും വന്നു.

“സാറേ.. നിങ്ങളാണ് ഞങ്ങടെ ഹീറോ…. ”

ഒരുമിച്ചു ചേർന്ന് അഭിമാനത്തോടെ ഒരു സല്യൂട്ട് നൽകിയാണ് മറ്റു പോലീസുകാർ അലക്സിന് മുന്നിൽ തങ്ങളുടെ സന്തോഷം അറിയിച്ചത്. പുഞ്ചിരിയോടെ ഇരിക്കുമ്പോൾ അവന് വല്ലാത്ത സംതൃപ്തി തോന്നി.

” നന്നായി മോനെ.. വളരെ കൃത്യമായി നീ കാര്യങ്ങൾ കൈകാര്യം ചെയ്തു… നീതി നടപ്പിലായി അമ്മയ്ക്ക് നിന്നെ ഓർത്തു അഭിമാനമാണ്..”

അമ്മയുടെ ആ വാക്കുകൾ ഏറെ സന്തോഷം നൽകി അലക്സിന്.

പണ്ടാരോ പറഞ്ഞ പോലെ ഒരു പോലീസുകാരൻ കച്ച കെട്ടി ഇറങ്ങിയാൽ നടപ്പിലാകാത്ത നീതിയൊന്നുമില്ല നമ്മുടെ നാട്ടിൽ….

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *