“ആഹ്.. പതിയെ ചേട്ടാ.. വേദനിക്കുന്നു….വേണ്ട കേറില്ല ചേട്ടാ. എനിക്ക് നല്ല വേദനയും ഉണ്ട്…”
അസ്വസ്ഥതയിൽ കവിത മുഖത്തേക്ക് നോക്കവേ നിരാശനായി അനീഷ്.
” ഒരുവട്ടം കൂടി… ഒരേ ഒരു വട്ടം… തനിക്ക് വേദനയെടുക്കാതെ കയറ്റാം ഞാൻ… താനൊന്ന് അഡ്ജസ്റ്റ് ചെയ്യ് ”
അവൻ അപേക്ഷ രൂപേണ ചോദിക്കുമ്പോൾ മനസില്ലാ മനസോടെ സമ്മതിച്ചു അവൾ.
മറുപടി കിട്ടവേ ആവേശത്തോടെ അനീഷ് വീണ്ടും ശ്രമിക്കുമ്പോൾ അമിതമായ വേദനയിൽ മിഴികൾ പൂട്ടിപ്പോയി കവിത..
“ആ…. ”
അവസാനം അമിത വേദനയിൽ വിളിച്ചു പോയെങ്കിലും ശ്രമം വിജയം കണ്ടു.
“കേറി… ”
അത് പറയുമ്പോൾ അനീഷിന്റെ മുഖത്തെ സംതൃപ്തി കണ്ട് വേദനയിലും പുഞ്ചിരി തൂകിപ്പോയി കവിത.
“കേറിയോ… ”
അമ്മയും ആവേശത്തിൽ ചോദിക്കുമ്പോൾ തലയാട്ടി അവൾ.
” എവിടേ.. നോക്കട്ടെ… ”
വലതു കൈ പിടിച്ചുയർത്തി നോക്കുമ്പോൾ അവരുടെ മിഴികൾ തിളങ്ങി.
” കൊള്ളാം മോളെ നല്ല മോഡൽ.. നല്ല ഭംഗി ഉള്ള വള.. നിനക്ക് നല്ലോണം ചേരുന്നുണ്ട് ”
ആ വാക്കുകൾ കവിതയ്ക്കും ഏറെ പ്രിയമായി. വലിപ്പം അല്പം കുറഞ്ഞു പോയിട്ടും ആഗ്രഹിച്ച വള തന്നെ വേണമെന്ന വാശിയിലായിരുന്നു അവൾ. എന്നാൽ സ്റ്റാഫുകൾ പലരായി ശ്രമിച്ചിട്ടും വള കയ്യിൽ കയറിയില്ല… ഒടുവിൽ വിഷമിച്ചിരിക്കുമ്പോൾ ആണ് അനീഷിന്റെ വരവ്. പിന്നുള്ളതെല്ലാം മുന്നേ പറഞ്ഞത് തന്നെ.. ഒരു വേളയിൽ കൈയിൽ കയറില്ല എന്ന് ഉറപ്പിച്ചു കവിത പോലും വേണ്ട എന്ന് പറഞ്ഞപ്പോ വാശിയായി അനീഷിന്. അവളോട് റിക്വസ്റ്റ് ചെയ്ത് കഷ്ടപ്പെട്ടിട്ടാണെലും ആ വള അവളുടെ കയ്യിൽ കയറ്റി അവൻ.
” ചേട്ടൻ വന്നോണ്ട് കാര്യം നടന്നു.. താങ്ക്സ്.. ”
ക്യാഷ് അടച്ചു അനീഷിന് നന്ദി പറഞ്ഞു ഇറങ്ങി കവിത.
“താങ്ക്സ് മാത്രേ ഉള്ളോ.. ”
അനീഷിന്റെ ആ ചോദ്യം കേൾക്കെ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കവിത.. ആ നോട്ടത്തിൽ ഒരു നിമിഷം അവരുടെ മിഴികൾ പരസ്പരം ഉടക്കി. ഉള്ളിലെവിടെയോ ഒരു ചെറിയ സ്പാർക്ക് തോന്നി അനീഷിന്. അവർ നടന്നകലുന്നത് നോക്കി നിന്നു അവൻ
” എന്താണ് മോനെ.. പതിവില്ലാതെ ഒരു താങ്ക്സ് ഒക്കെ.. ”
ഒപ്പം ജോലി ചെയ്യുന്ന കൂട്ടുകാരിൽ ഒരാൾ കുസൃതി ചിരിയിൽ പറയവേ ചിരിച്ചു പോയി അനീഷ്.
” അയ്യയ്യോ.. എന്തൊക്കെയായിരുന്നു വള കയ്യിൽ കയറുന്നില്ല.. ഇഷ്ടപെട്ടത് വാങ്ങാൻ പറ്റാത്തതിൽ വിഷമം ഉടനെ അനീഷ് ദൈവ ദൂതനായെത്തുന്നു. കഷ്ടപ്പെട്ട് കയ്യിൽ കയറ്റി കൊടുക്കുന്നു. ഒടുക്കം പെങ്കൊച്ചിന്റെ കണ്ണിൽ ഒരു നന്ദിയും തെളിയുന്നു.. സംഗതി പെൺകൊച്ചു കൊളളാം വേണേൽ ഒന്ന് പിടിച്ചു കയറിക്കോ കേട്ടോ മോനെ… ”
കൂട്ടുകാരുടെ കമന്റുകൾ വീണ്ടും ഉയർന്നു. അല്പം നാണം തോന്നിയെങ്കിലും ഒരു നിമിഷം കൊണ്ട് കവിതയുടെ മുഖം അനീഷിന്റെ ഉള്ളിൽ കയറിപ്പറ്റിയിരുന്നു.
” മോളെ.. ആ ചെക്കൻ കൊള്ളാമല്ലേ… മറ്റവന്മാര് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ആ മോൻ നടത്തിയത് ”
അമ്മയുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു പോയി കവിത
“കല്യാണാലോചനയ്ക്കുള്ള പ്ലാൻ ആണോ അമ്മേ… ”
” ആ വേണേൽ നോക്കാം കാണാൻ നല്ല ചെക്കൻ.. നല്ല സ്വഭാവം.”
ആ മറുപടി കവിതയ്ക്കും ഇഷ്ടമായി.
‘ ശെരിയാണ് ചേട്ടൻ കൊള്ളാം ആള് മൊഞ്ചനാണ് ‘
അറിയാതെ മനസ്സിൽ ഓർത്തു അവൾ.. അപ്പോഴാണ് അടുത്ത ചോദ്യം അമ്മയിൽ നിന്നും വന്നത്
“മോളെ..ഇഷ്ടപെട്ട വള കഷ്ടപ്പെട്ട് ഇട്ടു. ഇനീപ്പോ ഇത് തിരികെ ഊരി എടുക്കണേൽ എന്ത് ചെയ്യും. ”
” അമ്മേ അതൊക്കെ അന്നേരം നോക്കാം സോപ്പ് വെള്ളം തേച്ചു ഇച്ചിരി ഒന്ന് കഷ്ടപ്പെട്ടാൽ കാര്യം നടക്കും. ”
മറുപടി പറഞ്ഞു പുഞ്ചിരിയോടെ നടന്നു അവർ. ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ വല്യ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. വേഗം തന്നെ ബസ് കിട്ടി വീട്ടിലേക്ക് തിരിച്ചു.
സിറ്റിയിൽ തന്നെ ഒരു പ്രൈവറ്റ് ഫിനാൻസ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ് കവിത. അതേ സിറ്റിയിലെ തന്നെ ജ്വല്ലറി സ്റ്റാഫ് ആണ് അനീഷ്. അന്ന് ആ വള വാങ്ങിയതിൽ പിന്നേ ജോലിക്ക് പോകുമ്പോൾ പതിവായി ഒരു മുഖം കൂടി കണ്ട് തുടങ്ങി അവൾ. അനീഷിന്റെ…..
സ്ഥിരമായി അവൻ അവളുടെ പിന്നാലെ കൂടി ന്ന് തന്നെ പറയാം.. പരിചയമുള്ളത് കൊണ്ടും ഉള്ളിൽ എവിടെയോ ഒരു താത്പര്യം തോന്നിയതിനാലും കാണുമ്പോഴുക്കെ ഒരു പുഞ്ചിരി സമ്മാനിക്കും കവിത. ആദ്യമൊക്കെ അവനാണ് പിന്നാലെ കൂടിയെങ്കിൽ പതിയെ പതിയെ അനീഷിനെ കാണാത്ത ദിവസങ്ങളിൽ പിന്തിരിഞ്ഞു നോക്കി തുടങ്ങി കവിതയും പരസ്പരം മിണ്ടാതെ തന്നെ അവരുടെ ഉള്ളിൽ താത്പര്യങ്ങൾ ഉടലെടുത്തു.
” കവി.. കുറച്ചു ദിവസായി ദേ ആ ചേട്ടൻ നിന്റെ പിന്നാലെ ആണല്ലോ… ലൈൻ വലി ആണോ.. ആള് ചുള്ളനാ കേട്ടോ..”
കൂട്ടുകാരിയുടെ കമന്റിൽ നാണത്താൽ പുഞ്ചിരിച്ചു പോയി കവിത.
ദിവസങ്ങൾ നീങ്ങി പരസ്പരം സംസാരിക്കാറില്ലെങ്കിലും എന്നും കവിത സിറ്റിയിൽ വന്ന് ബസ് ഇറങ്ങി ഓഫീസിലേക്ക് എത്തുന്നത് വരെ പിന്നാലെ കാണും അനീഷ്. പതിയെ പതിയെ അവളും അത് ആസ്വദിച്ചു തുടങ്ങി.
” ഇന്ന് നിന്റെ എസ്‌കോർട്ട് ഇല്ലല്ലോ കവി.. ”
പതിവില്ലാതെ ഒരു ദിവസം അനീഷിനെ കാണാതെയായപ്പോൾ കൂട്ടുകാരിയുടെ കമന്റ് കേട്ട് ചുറ്റുമൊന്നു പരതി കവിത. ശെരിയാണ് അന്ന് ബസ് സ്റ്റോപ്പിൽ അനീഷ് ഇല്ലായിരുന്നു. മാത്രമല്ല നടന്നു ഓഫീസ് എത്തുന്നത് വരെയും അവനെ പിന്നിൽ എവിടെയും കണ്ടില്ല. വല്ലാത്ത നിരാശ തോന്നി കവിതയ്ക്ക് അന്ന്.
” ആള് അങ്ങിനെ വരാതിരിക്കുനതല്ല.. എന്ത് പറ്റിയോ എന്തോ ”
വിഷമത്തിൽ അവൾ ചോദിക്കുമ്പോൾ ചിരിച്ചു പോയി കൂട്ടുകാരി..
” അപ്പോ നീ ആ ചേട്ടന്റെ മുന്നിൽ വീണു ല്ലേ…. ആള് എന്തേലും തിരക്കിൽ പെട്ട് കാണും നാളെ കാണാം. വിഷമിക്കേണ്ട.. ”
ആ ആശ്വാസ വാക്കുകൾക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചത് മാത്രമേ ഉള്ളു കവിത. അന്നത്തെ ദിവസം അവൾക്ക് വളരെ അരോചകമായി തോന്നി എന്നാൽ പിറ്റേന്നും അത് തന്നെയായിരുന്നു അവസ്ഥ.പിറ്റേന്ന് മാത്രമല്ല അടുപ്പിച്ചു പിന്നൊരു അഞ്ചാറു ദിവസം അനീഷിനെ കണ്ടതേ ഇല്ല അവൾ. ഒടുവിൽ സഹികെട്ടു അവനെ തിരക്കി കവിത ആ ജ്വല്ലറിയിലേക്ക് തന്നെ പോയി.
” അനീഷ് ഇവിടുന്ന് പോയല്ലോ… അവന് ഗവണ്മെന്റ് ജോലി കിട്ടി എറണാകുളത്ത് ആണ് ആള്… ”
ആ മറുപടി കവിതയെ ഒരുപാട് വേദനിപ്പിച്ചു. ഒരിക്കൽ പോലും ഇഷ്ടത്തോടെ ഒന്ന് മിണ്ടിയില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ തന്നെ അനീഷിന്റെ സാമീപ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു അവൾ. ഇപ്പോൾ പോയി എന്ന് കേട്ടപ്പോൾ ഉള്ളിൽ അതൊരു വല്ലാത്ത നീറ്റലായി.. അന്നത്തെ ദിവസം ഏറെ വിഷമത്തോടെയാണ് അവൾ വീട്ടിലേക്ക് പോയത്
” പോട്ടെ ടീ.. നിനക്ക് അങ്ങനൊരു ഇഷ്ടം തോന്നിയെങ്കിൽ അന്നേരമേ ആളോട് അങ്ങ് തുറന്നു പറഞ്ഞാൽ പോരായിരുന്നോ.. ഇതിപ്പോ പിന്നാലെ നടന്നിട്ടും നീ വല്യ മൈൻഡ് ഇല്ലാണ്ടായപ്പോ ആൾക്കും മടുത്തു കാണും…. ഇനീപ്പോ അത് ഓർത്തു വിഷമിച്ചിട്ടു കാര്യമില്ല.. ”
കൂട്ടുകാരിയുടെ വാക്കുകൾ ഉള്ളിലൊരു നഷ്ടബോധം ഉളവാക്കി.
” ശെരിയായിരുന്നു.. സംസാരിക്കണമായിരുന്നു മുന്നേ തന്നെ.. ”
എന്നാൽ ഏറെ അസ്വസ്ഥയായി വീട്ടിലേക്ക് എത്തുമ്പോഴാണ് അവിടൊരു സർപ്രൈസ് അവൾക്കായി ഒളിഞ്ഞിരുന്നത്. ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറവേ വീടിന്റെ ഉമ്മറത്തു അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ട് ഒന്ന് ഞെട്ടി കവിത
” അ..അനീഷേട്ടൻ… ”
അതിയായ സന്തോഷത്തിൽ അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു പോയി.
” കേറി വാ മോളെ.. അറിയോ ആളെ… ”
അമ്മയുടെ ചോദ്യം അവളുടെ കാതുകളിൽ പതിച്ചില്ല.. നോട്ടം മുഴുവൻ അനീഷിന്റെ മുഖത്തേക്ക് തന്നെയായിരുന്നു. അതിനിടയിൽ സന്തോഷത്താൽ മിഴികളിൽ നനവ് പടർന്നത് പോലും അറിഞ്ഞില്ല അവൾ.
” മോളെ അനീഷ് നിന്നെ കാണാൻ വന്നതാണ്. നിന്നോട് എന്തോ പറയുവാനുണ്ട് മോന്.. ”
അമ്മ വീണ്ടും പറയവേ പതിയെ ഉമ്മറത്തേക്ക് കയറി കാർത്തിക..
” എടോ.. കുറച്ചു ദിവസം ഇവിടെ ഇല്ലാരുന്നു… ഒരു സർക്കാർ ജോലി കിട്ടി എറണാകുളത്ത് ഹൈ കോർട്ടിൽ ക്ലർക്ക് പോസ്റ്റ് ആണ്.. പെട്ടെന്ന് ജോയിൻ ചെയ്യണമായിരുന്നു ”
അനീഷ് പറഞ്ഞത് കേട്ട് മൗനമായി തലയാട്ടി കവിത. അതോടെ പതിയെ എഴുന്നേറ്റു അവൻ.
” എടോ… ഒരു കാര്യം തന്നോട് ചോദിക്കുവാനാ ഞാൻ വന്നത്. അമ്മയോട് സംസാരിച്ചു അമ്മ ഹാപ്പിയാണ് താനെന്ത് മറുപടി പറയും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു അപ്പോഴാണ് ഷോപ്പിൽ നിന്നും ഫ്രണ്ട്സ് വിളിച്ചു താൻ എന്നെ തിരക്കി അവിടെ ചെന്നിരുന്നു എന്ന് പറഞ്ഞത് അത് കേട്ടത്തോടെ ധൈര്യമായി ”
അത്രയും പറഞ്ഞു കൊണ്ട് കവിതയ്ക്കു അരികിലേക്ക് അനീഷ് കൂടുതൽ അടുത്തു. മറുപടി ഒന്നും പറയാതെ നിന്ന അവളുടെ വലതു കരം പതിയെ കവർന്നു അവൻ.
” കവിതാ.. ഒരുപാട് പേര് നോക്കിയിട്ട് ഇടാൻ പറ്റാത്ത ഈ വള തന്റെ കൈയിൽ കഷ്ടപ്പെട്ട് ഇട്ടു തന്നത് ഞാൻ അല്ലെ.. ഇനിയൊരു സമയം ഇത് ഊരേണ്ടി വന്നാലോ… അന്നും ഞാൻ വേണ്ടേ… ഇനിയെന്നും ഒപ്പം നിന്നോട്ടെ ഞാൻ നിന്റെ സ്വന്തമായി.. ”
ആ ചോദ്യത്തിന് മുന്നിൽ കുളിരു കോരിപ്പോയി അവൾ. മനസിലെ ആഗ്രഹം അത് മുന്നിൽ നിൽക്കുന്നു.. തന്റെ ഒരു സമ്മതത്തിനപ്പുറം ആഗ്രഹിച്ച ജീവിതമാണ് മുന്നിൽ.. മറുപടി പറയുവാൻ കവിതയുടെ ചുണ്ടുകൾ വിറച്ചു..
“ഇഷ്ടമാണേൽ പറയ് മോളെ… ”
അമ്മയുടെ വാക്കുകൾ കൂടുതൽ ധൈര്യമായി.
” ഞാൻ… എനിക്ക് സമ്മതമാണ്.. ”
അറച്ചറച്ച് അത്ര മാത്രമേ പറയുവാൻ കഴിഞ്ഞുള്ളു അവൾക്ക്.. ആ മറുപടി അനീഷിന്റെ മുഖത്ത് തെളിച്ചമാകുമ്പോൾ കേട്ടു നിന്ന അമ്മയുടെ മുഖത്തേക്കും സന്തോഷത്തിരി തെളിഞ്ഞു.
അങ്ങിനെ അനീഷിന്റെയും കവിതയുടെയും പ്രണയം അവിടെ തളിരിട്ട് തുടങ്ങി. ഒക്കേതിനും കാരണമായ ആ വള അപ്പോഴും കവിതയുടെ കരങ്ങളിൽ അഴകായി തിളങ്ങി…
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
