ഒരിക്കൽ ഈ വീടും ഇവിടെ ഉള്ളവരെയും ഉപേക്ഷിച്ച് പോയ നിനക്കായ് ഇവിടെയിനി ഈ വീടും ഞാനും ഇനിയില്ലെന്ന്…. ബാഗും തൂക്കി വന്നത് എവിടെ….

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സ്വന്തം മോളു തന്നെയല്ലേ… എത്രയാണെന്നു വെച്ചാ കണ്ടില്ലെന്ന് നടിയ്ക്കുന്നത്….. നീ അവളെ കൂടെ കൂട്ടാൻ തീരുമാനിച്ചത് നന്നായി രാജീ… പരസ്പരമൊരു താങ്ങായ് പഴയതു പോറല ഇനിയങ്ങോട്ടും ഒരുമ്മിച്ച് ജീവിക്കാലോ നിങ്ങളമ്മയ്ക്കും മകൾക്കും…. അല്ലാതെ ആ ചെക്കന്റെ കൂടെ ഇനിയും അവളെ എങ്ങനെ എന്തു വിശ്വസിച്ച് നിർത്തും….
നീയെടുത്ത തീരുമാനമാണ് ഏറ്റവും നല്ലത് ….

രാവിലെ അമ്പലത്തിൽ പോയ് തൊഴുതിറങ്ങും വഴി അടുത്തുള്ള ചെറിയ പലചരക്ക്‌ കടയിൽ ഒന്നു രണ്ട് സാധനങ്ങൾ വാങ്ങാൻ കയറിയ രാജി അവിടെയുള്ള കുമാരേട്ടന്റെ സംസാരം കേട്ടതും മറുപടിയൊന്നും പറയാതെ നിറഞ്ഞൊന്ന് അയാളോട് ചിരിച്ചവിടെ നിന്നിറങ്ങി വേഗത്തിൽ….

“അമ്മു മോള് വീട്ടിലേക്ക് തിരികെ വരുന്നുണ്ടല്ലേ രാജീ….

വീട് ലക്ഷ്യമാക്കി വേഗത്തിൽ മുന്നോട്ടു നടക്കും തോറും വഴിയിൽ കണ്ട ഒരോരുത്തരും ഇതു തന്നെ ചോദിക്കാൻ തുടങ്ങിയതും രാജിയുടെ നടത്തമൊന്ന് മെല്ലെയായി ഒപ്പം അവളുടെ മുഖമൊന്നിരുളുക കൂടി ചെയ്തു….

“സത്യം പറഞ്ഞാൽ ഇങ്ങനൊന്ന് കേട്ടപ്പോൾ ഞാനാദ്യം വിശ്വസിച്ചില്ല രാജീ…. അത്രമാത്രം തെണ്ടിത്തരമല്ലേ നിന്റെ മോളന്ന് നിങ്ങളോട് കാണിച്ചത്….?
പിന്നോർത്തു ചെയ്തതും പറഞ്ഞതുമൊക്കെ മറക്കാൻ പറ്റുന്നത് നമ്മൾ മനുഷ്യർക്കല്ലേ.. അതും പ്രസവിച്ചു വളർത്തിയ മോളുടെ കണ്ണീരിങ്ങനെ കൺമുന്നിൽ എന്നും കാണുമ്പോൾ പിന്നെന്തു വാശിയും വൈരാഗ്യവും വന്നിരിയ്ക്കുന്നല്ലേ…?

രാജിയുമായ് അത്രയും അടുപ്പമുള്ള മീന ചേച്ചി രാജിയോട് ഓരോന്നു ചോദിക്കുകയും അവരുതന്നെ അതിനുത്തരം സ്വയം പറയുകയും ചെയ്തപ്പോൾ അതുവരെ ഇല്ലാത്ത പോലെ രാജിയുടെ കണ്ണുകളൊന്നു നിറഞ്ഞു… അതു കണ്ടതും കൂടുതലൊന്നും അവളോട് പറയാതെ വേഗത്തിലവിടെ നിന്ന് നടന്നകന്നു മീന ചേച്ചിയും….

“കഴിഞ്ഞു പോയതൊക്കെ ഇത്ര പെട്ടന്ന് മറന്നു പോയോ രാജീ നീ…?
വേണു…. വേണുവിനെയും മറന്നോ നീ ഇത്ര വേഗം….?

ഓരോരുത്തരുടെയും ചോദ്യവും വിശേഷം തിരക്കലും കേട്ട് മടുത്ത് വേഗത്തിൽ വീട്ടിലേക്ക് തിരികെയെത്തി വാതിൽ തുറക്കാനൊരുങ്ങിയ രാജി തനിയ്ക്ക് പുറകിൽ നിന്നു കേട്ട ശബ്ദത്തിലും ചോദ്യത്തിലും ഞെട്ടി തിരിഞ്ഞു നോക്കി….

സതീശേട്ടൻ….

തനിയ്ക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ട് മെല്ലെ പറയുന്നതിനൊപ്പം രാജിയുടെ കണ്ണുകൾ ചെന്നെത്തിയത് അയാളുടെ വലതുവശം നെറ്റിയിലേക്കാണ്…

നീളത്തിലിപ്പോഴും അവിടെയുണ്ട് ആ തുന്നലിന്റെ പാട്….

“സതീശേട്ടൻ എന്താ ചോദിച്ചത്…?
ഞാനെന്റെ വേണുവേട്ടനെ മറന്നോ എന്നോ…?

ശ്വാസം തിങ്ങിയത് ചോദിയ്ക്കുമ്പോൾ രാജിയ്ക്ക്….

“അതെ…. അതു തന്നെയാണ് ഞാൻ ചോദിച്ചത്… എന്താ അതിലിത്ര തെറ്റ്..
എന്റെ വേണുവിനെ നീ മറന്നു… എനിയ്ക്കറിയാം…
അവനെ മറന്നതുകൊണ്ടാണ് കഴിഞ്ഞതെല്ലാം മറന്ന് നീ നിന്റെ മകളെ തിരികെ വീട്ടിലേക്ക് കൂട്ടുന്നത്….”

ശബ്ദമുയർത്തിയത് സതീശേട്ടൻ പറയുമ്പോൾ തന്നെയാണ് അയാളുടെ ഭാര്യ ഗീത അങ്ങോട്ടു വന്നതും ഒരക്ഷരം രാജിയോട് മിണ്ടുകയോ അവളെ ഒന്ന് നോക്കുകയോ ചെയ്യാതെ സതീശേട്ടനെ നിർബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോയതും…

അവരുടെ ആ പ്രവർത്തിയിലും സതീശേട്ടന്റെ സംസാരത്തിലും ആകെ ഉലഞ്ഞു പോയ രാജിയുടെ നോട്ടം പൂമുഖത്തെ മാലയിട്ട വേണുവിന്റെ ചിത്രത്തിലുടക്കി നിന്നു

“എന്റെ വേണുവേട്ടനെ ഞാൻ മറന്നു പോയീന്ന് സതീശേട്ടൻ പറഞ്ഞു വേണുവേട്ടാ….വേണുവേട്ടന് തോന്നുന്നുണ്ടോ അങ്ങനെ….?

നിശബ്ദമവൾ ചോദിയ്ക്കും നേരത്തു തന്നെയാണ് അതിനുത്തരമായൊരു തണുത്ത കാറ്റവളെ തലോടി കടന്നു പോയത്… ഒന്നു കുളിർന്നു രാജി… കാരണം ആ കാറ്റിലപ്പോൾ നിറഞ്ഞു നിന്നത് അവന്റെ ,വേണുവിന്റെ ഗന്ധമായിരുന്നു… സാമിപ്യമായിരുന്നു….

താനിക്കുന്നത്ത് എന്ന ആ ചെറു ഗ്രാമത്തിലെ ആളുകളുടെ അന്നത്തെ ചർച്ച തന്നെ അതായിരുന്നു

പതിനെട്ടാം പിറന്നാളിന് വീട്ടുകാരെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ കുന്നത്തെ പെണ്ണ് തിരിച്ചവളുടെ വീട്ടിലേക്ക് കെട്ടിയവനേം കളഞ്ഞ് വരുന്നു….

കേട്ടവരിൽ പകുതിയിലേറെ പേരുടെ മനസ്സിലും അന്നേരം തെളിഞ്ഞു നിന്നത് അവന്റെ വേണുവിന്റെ മുഖമായിരുന്നു

രാജിയെന്ന ഭാര്യയേയും അമ്മു എന്ന മകളെയും സ്വന്തം പ്രാണനിൽ കുടിയിരുത്തി സ്നേഹിച്ച വേണുവിന്റെ മുഖം….

“ഞാനാണെങ്കിൽ ആ പെണ്ണിനെ അവളിനി എന്റെ ആരായിരുന്നാലും എങ്ങനെ കഷ്ടപാടിൽ ജീവിച്ചാലും എന്റെ വീടിന്റെ പടി കയറാൻ സമ്മതിക്കില്ല… അത്രയ്ക്ക് അവള് കാരണം അനുഭവിച്ചിട്ടുണ്ട് ഞങ്ങളും രാജിയുമെല്ലാം….വേണുവിന്റെ മരണത്തിനും എന്റെ സതീശേട്ടന്റെ ഈ അവസ്ഥയ്ക്കും എല്ലാം കാരണക്കാരി അവളൊരൊറ്റ പെണ്ണാണ്…. നിങ്ങൾക്കും അറിയില്ലേ എല്ലാം… നിങ്ങളും കണ്ടതല്ലേ…”

തനിയ്ക്കടുത്തിരിക്കുന്ന പെണ്ണുങ്ങളോട് കണ്ണീരോടെ സതീശേട്ടന്റെ ഭാര്യ ഗീത ചോദിയ്ക്കുന്നത് ഇപ്പുറം തന്റെ വീട്ടിലിരുന്ന് കേൾക്കുന്നുണ്ട് രാജിയും….

ഒരു വീടുപോലെ ഒരൊറ്റ മനസ്സോടെ കുഞ്ഞു നാൾ തൊട്ടേ ഒന്നിച്ചു വളർന്നു വന്നവരാണ് വേണുവും സതീശനും… മക്കളില്ലാത്ത സതീശന് വേണുവിന്റെ മകൾ അമ്മു സ്വന്തം മകൾ തന്നെയായിരുന്നു…

ഒരേ സമയം രണ്ടച്ഛൻമാരുടെയും രണ്ടമ്മമാരുടെയും സ്നേഹമറിഞ്ഞ് വളർന്നവളാണ് അമ്മു.. ആഗ്രഹിക്കുന്നതും മോഹിക്കുന്നതും കയ്യിൽ കിട്ടി വളർന്നവൾ പക്ഷെ തന്നെ സ്നേഹിച്ചവരെയെല്ലാം വിഡ്ഡികളാക്കി അവളുടെ പതിനെട്ടാം പിറന്നാളിന് വെറു രണ്ടു മാസത്തെ പ്രണയം കൊണ്ട് ഒരുവനൊപ്പം ഇറങ്ങി പോയ്…. അവനാണെങ്കിലോ എല്ലാ ദുശീലങ്ങളും കൂട്ടായുള്ളവനും….

വിവരമറിഞ്ഞ വേണു നെഞ്ചുവേദനയിൽ പുളഞ്ഞ് വീണത് രാജിയ്ക്കും സതീശനും മുന്നിലാണ്

പ്രാണനു വേണ്ടി പിടയുമ്പോഴും വേണു പറഞ്ഞു കൊണ്ടിരുന്നത് അമ്മുവിനെ കാണണമെന്നാണ്…

അമ്മുവിനെയൊന്നു കണ്ടാൽ വേണു തിരികെ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയിൽ അവളെ കാണാൻ ,കണ്ടു കൂട്ടിക്കൊണ്ടുവരാൻപോയതാണ് സതീശേട്ടൻ…

കൂടെ വരില്ല ആരെയും കാണണ്ട എന്ന് പറഞ്ഞ് സതീശേട്ടനു മുമ്പിൽ അമ്മു വാതിലടച്ചതും കൂട്ടുക്കാരന്റെ ജീവനു വേണ്ടി അവളുടെ കാലു വരെ പിടിയ്ക്കാനൊരുങ്ങി സതീശേട്ടൻ…. എന്നാൽ അമ്മുവിനെ പ്രണയിച്ചവൻ അമ്മു നോക്കിനിൽക്കെയാണ് സതീശേട്ടനെ കൈനീട്ടി അടിച്ചതും വീടിന്റെ കോണിലേയ്ക്ക് തള്ളിയിട്ടതും…

അന്നത്തെ വീഴ്ചയിലുണ്ടായ പാടിന്നുമുണ്ട് ആ നെറ്റിയിൽ…. അതിന്റെ കൂടെയാണ് മകളെയൊന്ന് കാണാൻ പോലും പറ്റാതെ നെഞ്ചു പൊട്ടിയുള്ള വേണുവിന്റെ മരണം….

അവളൊരുത്തി കാരണം കഴിഞ്ഞ മൂന്നു വർഷങ്ങൾ ഞങ്ങളനുഭവിച്ചത് അത്ര പെട്ടന്നൊന്നും മറക്കാൻ രാജിയെ പോലെ എനിയ്ക്ക് പറ്റില്ല…. എന്റെ മരണം വരെ പറ്റില്ല….

ഗീത തന്റെ നൊമ്പരം പറഞ്ഞു തീർക്കുമ്പോൾ ഇനിയൊന്നും കേൾക്കണ്ട എന്നതുപോലെ വീടിനകത്തേയ്ക്ക് നടന്നു രാജി

കയ്യിലൊരു ചെറിയ ബാഗുമായ് അമ്മുനിറഞ്ഞ സന്തോഷത്തോടെ സ്വന്തം വീടിന്റെ പടി ചവിട്ടി കയറി

പതിനെട്ടു കൊല്ലം രാജകുമാരിയായ് താൻ ജീവിച്ചയിടം….

ഈ വീടിനെയും ഇവിടെയുള്ളവരെയും വലിച്ചെറിഞ്ഞ് താൻ ചെന്ന് കയറിയ ഇടം അതൊരു വീടായിരുന്നോ….?

പ്രണയത്തിന്റെ പുതുമോടി മാറിയപ്പോഴാണ് ചെന്നു കയറിയ അഴുകുചാലിന്റെ ദുർഗന്ധം താനറിഞ്ഞു തുടങ്ങിയത്….

എല്ലാ വൃത്തിക്കേടുകളുടെയും വിളനിലമായൊരുവൻ…. കള്ളും കഞ്ചാവും പെണ്ണും മാത്രമാണ് ജീവിതമെന്ന് ചിന്തിക്കുന്നവൻ….
അവനെയാണ് താൻ പ്രണയിച്ച് ഭർത്താവാക്കിയത്…

മൂന്നു വർഷം കൊണ്ട് നരകം കണ്ടു താൻ…. ഇനി വയ്യ അവന്റെ അടിമയായ് ജീവിക്കാൻ… തനിയ്ക്ക് ചെന്നു കയറാൻ തന്റെ വീടുള്ളപ്പോൾ താനെത്തിന് അവന്റെ ദുഷ്ടതകൾ സഹിച്ചവിടെ ജീവിക്കണം….?

ആ ഒരു ചിന്തയോടെ വീടിന്റെ ഉമ്മറത്തെത്തിയ അമ്മുവിന്റെ കണ്ണുകൾ മിഴിഞ്ഞു കൺമുന്നിലെ കാഴ്ചയിൽ

കയ്യിലൊരു ബാഗുമായ് എങ്ങോട്ടോ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന രാജി….

“അമ്മ ഇതെങ്ങോട്ടാ പോണത്…?
ഞാനിവിടെ അമ്മയോടൊപ്പം താമസിക്കാൻ വന്നതാണ്….”

ഉള്ളിലെ ആന്തലോടെ രാജിയ്ക്ക് അടുത്തേയ്ക്ക് ചെന്നു പറഞ്ഞവൾ….

‘ആരും വേണ്ടാന്ന് പറഞ്ഞ് സ്വന്തം അച്ഛനെ മരണത്തിലേക്ക് തള്ളിവിട്ട് ഈ വീടിന്റെ പടിയിറങ്ങി പോയ നിന്നെ ഈ വീടിനും എനിയ്ക്കും ഇനിയാവശ്യമില്ല അമ്മൂ… നിനക്ക് നീ വന്നിടത്തേയ്ക്ക് തന്നെ തിരികെ പോകാം… ഇവിടെ നിന്റെയാരും അവശേഷിക്കുന്നില്ല….. ”

തികച്ചും സ്വാഭാവികമായ് രാജി പറയുമ്പോൾ അവരെ തുറിച്ചു നോക്കി അവിടെ തളർന്നിരുന്നവൾ…..

“ഇവിടെയിങ്ങനെ ഇരിയ്ക്കാൻ പറ്റില്ല… ഈ വീടും സ്ഥലവും ഞാൻ വിറ്റതാണ്… ഇതിന്റെ അവകാശികൾ വരും ഇപ്പോൾ… അതിനു മുമ്പ് പോവാൻ നോക്ക് നീ എങ്ങോട്ടാണെങ്കിലും….”

യാതൊരു ദയവുമില്ലാതെ രാജി പറയുമ്പോൾ തലയ്ക്കാരോ കൂടംകൊണ്ടടിച്ച പോലെ തറഞ്ഞിരുന്നു പോയ് അമ്മു….

“അമ്മ ഇത് എന്തൊക്കെയാണീ പറയുന്നത്….?

ആദ്യത്തെ പകപ്പ് വിട്ടൊഴിഞ്ഞതും രാജിയ്ക്ക് നേരെ തിരിഞ്ഞു അമ്മു

“നീയെന്താണോ കേട്ടത് അതു തന്നെയാണ് ഞാൻ പറഞ്ഞത്… ഒരിക്കൽ ഈ വീടും ഇവിടെ ഉള്ളവരെയും ഉപേക്ഷിച്ച് പോയ നിനക്കായ് ഇവിടെയിനി ഈ വീടും ഞാനും ഇനിയില്ലെന്ന്…. ബാഗും തൂക്കി വന്നത് എവിടെ നിന്നാണോ അവിടേയ്ക്ക് തന്നെ മടങ്ങാം നിനക്കെന്ന്….”

ചൊടിച്ചു നിൽക്കുന്നവളുടെ മുഖത്തു നോക്കി ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞു കൊടുത്തു രാജി….

“ഞാനമ്മയുടെ മോളാണമ്മേ…എനിയ്ക്കൊരു തെറ്റുപറ്റിയതിന് ഇങ്ങനെയാണോ എന്നെ ശിക്ഷിയ്ക്കുന്നത്…. ഇവിടെ അമ്മയ്ക്കൊപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ മരണം മാത്രമാണ് എനിയ്ക്ക് മുന്നിലുള്ള ഏക വഴി…”

അമ്മയ്ക്ക് മുമ്പിൽ കെഞ്ചാതെ വേറെ വഴിയില്ല തനിയ്ക്കെന്നുറപ്പായതും ദേഷ്യമുളളിലടക്കി രാജിയ്ക്ക്മുന്നിൽ കെഞ്ചിയവൾ

പക്ഷെ രാജിയിലൊരലിവും അവളോടില്ല

“ഇതുപോലെ നിൻ്റെ അച്ഛൻ്റെ ജീവനു വേണ്ടി മകളായ് കണ്ടു വളർത്തിയ നിൻ്റെ കാലുവരെ പിടിച്ചൊരാൾ ദാ ആ വീട്ടിലുണ്ട്…. അന്നാ മനുഷ്യന് നീയും നീ കൂടെ കൂട്ടിയവനും നൽകിയത് എന്തായിരുന്നെന്ന് ഒന്ന് ചിന്തിച്ചു നോക്ക്….. പിന്നെ മരണം നീ മരിച്ചാൽ ഇനിയെനിയ്ക്ക് ഒന്നുമില്ല കാരണംഎൻ്റെ വേണുവേട്ടൻ്റെ മരണ ദിവസം തന്നെ നീയെൻ്റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരുന്നു…. മരണം ഒരാൾക്ക് ഒരിക്കലല്ലേ ഉള്ളൂ…. നീയെൻ്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പു തന്നെ മരിച്ചു കഴിഞ്ഞു….”

തൻ്റെ സംസാരത്തിൽ ഞെട്ടി ഒഴുകുന്ന മിഴികളുമായ് തന്നെ നോക്കി നിൽക്കുന്നവളെ ഒന്നലസംനോക്കി രാജിയെങ്കിലും താൻ പറഞ്ഞതിലോ ചെയ്തതിലോ യാതൊരു തെറ്റുമില്ലെന്ന ഉറപ്പോടെ അമ്മുവിനെ
കണ്ട ഭാവം നടിയ്ക്കാതെ കയ്യിലെ ബാഗുമായ് അമ്മുവെന്ന മകളെ വളർത്താൻ താനൊരിക്കൽ വേണ്ടാന്നു വെച്ച യാത്രകൾ എന്ന തന്റെ ഇഷ്ടങ്ങളിലേക്ക് നടന്നു നീങ്ങി രാജി…..

അതിനിടയിലൊന്നു തിരിഞ്ഞു നോക്കുമ്പോഴും കാണാം എന്തു ചെയ്യണമെന്നറിയാതെ വീട്ടുമുറ്റത്ത് പകച്ചു നിൽക്കുന്നവളെ….

ഒരിറ്റ് ദയ പോലും തോന്നിയില്ല രാജിയ്ക്ക് അവളോട്….

അവൾക്കു വേണ്ടി മാത്രം ജീവിച്ചൊരുവന്റെ ജീവനെടുക്കാൻ കാരണക്കാരിയായവൾ ഒന്നും നടന്നില്ല ജീവിതത്തിലെന്നു കരുതി തിരിച്ചു വരുമ്പോൾ അവൾക്കായവിടെയൊരു വീട് വേണ്ട എന്നുള്ളത് രാജിയുടെ ഉറച്ച തീരുമാനം തന്നെയാണ്….

തോന്നും പോലെ ഇറങ്ങി പോയവൾക്ക് തോന്നിയപോലെ കയറി വരാനൊരു വീടിന്റെയോ അമ്മയുടെയോ പിൻബലം കൊടുക്കരുത്… അവർക്കായ് ഇനിയൊരു വേഷവും കെട്ടരുത്…. പുകഞ്ഞ കൊള്ളി പുറത്ത് തന്നെ….

മനസ്സിലുറപ്പിച്ച് തന്റെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി രാജി…. ഇനിയൊരു തിരിഞ്ഞുനോട്ടമില്ലാതെ…..

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *