” തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുക എന്നു പറഞ്ഞാലിതാണ്… ഇവിടെ എന്തിന്റെ കുറവായിട്ടാണെടീ നീ ഞങ്ങളുടെയെല്ലാം മുഖത്ത്
കരിവാരിത്തേച്ച് ഇതുപോലൊരു കോളനി ജീവിതം തിരഞ്ഞെടുത്ത് ഇവിടെ നിന്ന് ഇവനൊപ്പം ഇറങ്ങി പോവാനൊരുങ്ങുന്നത്ത്…?
നാടും നാട്ടാരും കേൾക്കേ അലറി വിളിച്ച് തന്നോടു ചോദിയ്ക്കുന്ന അച്ഛമ്മയെ സൂക്ഷിച്ച് നോക്കി വിനീതിന്റെ കൈകളിലെ തന്റെ പിടുത്തം മുറുക്കി അനന്യ…
തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറി കുത്താൻ മാത്രം ഈ വീട്ടിൽ നിന്ന് ഞാനോ എന്റെ കൂടപ്പിറപ്പുകളോ എന്തിന് ഞങ്ങളുടെ അമ്മ പോലും ഇന്നുവരെ ഭക്ഷണം കഴിച്ചിട്ടില്ല അച്ഛമ്മേ…. അതിവിടെ കഴിക്കാൻ ഇല്ലാഞ്ഞിട്ടല്ല…. കഴിക്കുന്നതിനുള്ള നിങ്ങളുടെ കണക്ക് കേൾക്കാൻ വയ്യാഞ്ഞിട്ടാണ്….”
പറയുമ്പോൾ ഇടറുന്ന ശബ്ദത്തെ നിയന്ത്രിച്ചു അനന്യയെങ്കിലും അവളുടെ കണ്ണുകൾ ആ മുറ്റത്തു നിന്ന് അകത്തേയ്ക്ക് പലകുറി സഞ്ചരിച്ചു തന്റെ അമ്മയേയും കൂടപ്പിറപ്പുകളെയും തേടി… ഇറങ്ങി പോവും മുമ്പ് അവരെ ഒന്നു കൂടി കണ്ണു നിറച്ച് കാണാൻ വേണ്ടി….
അറിയാം ഇവരെ ഭയന്ന് ഇവരുടെ മകനെ, തന്റെ അച്ഛനെ ഭയന്ന്അവരൊന്നും ഉമ്മറന്നേക്ക് വരില്ലെന്ന്… താൻ തന്റെ പ്രണയം ഇവിടെ തുറന്നു പറഞ്ഞതു മുതൽ കണ്ണീരിൽ കുതിർന്ന് തുടങ്ങിയിട്ടുണ്ടാവും അവരെന്ന്….
“എന്റെ മകന്റെ അധ്വാനം പറ്റി ജീവിയ്ക്കുമ്പോൾ അവന്റെ അമ്മയായ ഞാൻ പറയുന്ന കണക്കുകൾ നീയൊക്കെ കേൾക്കേണ്ടി വരും… ഇതെന്റെ മകന്റെ വീടാണ്…..
അതെ ഇതെല്ലാം നിങ്ങളുടേതാണ്… ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അച്ഛനും നിങ്ങളുടേതാണ്… അതു കൊണ്ടാണല്ലോ ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഞങ്ങൾ മൂന്നാലു ജന്മങ്ങൾ ഒന്നു ശ്വാസം വിടാൻ പോലും നിങ്ങളെ ഭയന്നിവിടെ ജീവിച്ചു പോരുന്നത്… ഇനിയും വയ്യ എനിയ്ക്ക് അങ്ങനൊരു ജീവിതം…. അതുകൊണ്ട് ഞാനെന്റെ ഇവിടുത്തെ അടിമ ജീവിതം അവസാനിപ്പിക്കുകയാണ്… ഞാനാഗ്രഹിക്കുന്ന ജീവിതം ജീവിക്കാൻ പോവാണ്…”
അച്ഛമ്മയോട് പറഞ്ഞവസാനിപ്പിച്ച് വിനീതിന് നേരെ തിരിഞ്ഞവൾ പോകാമെന്നത് പോലെ….
“അനുഭവിയ്ക്കും നീ… എന്റെ ചെക്കന്റെ കണ്ണീരീ ഭൂമിയിൽ നീ കാരണം വീണിട്ടുണ്ടെങ്കിൽ അതിനുള്ളത് നീയ്യും നിനക്കിനി ജനിയ്ക്കുന്ന തലമുറകളും അനുഭവിയ്ക്കുമെടി…. നശിയ്ക്കും നീയും നിന്നെ കൊണ്ടു പോവുന്ന ഇവനും..
അതൊക്കെ ഞാനെന്റെ ഈ കണ്ണു കൊണ്ടു തന്നെ കാണും… എന്നിട്ടേ ഞാനീ ഭൂമീന്റെ മോളീന്ന് മരിച്ചുപോവുള്ളു… കണ്ടോ നിങ്ങളൊക്കെയത്…”
അവരുടെ വാക്കുകൾ ഒട്ടുംവേദനിപ്പിച്ചില്ല അനന്യയെ… ഓർമ്മ വെച്ച നാൾ മുതൽ ഇതിനെക്കാൾ വലുത് ദിവസേന കേട്ടിരിയ്ക്കുന്നു… പിന്നെയല്ലേ ഇത്…
വിനീതിനോട് ചേർന്ന് ആ വീടിന്റെ ഗേറ്റു കടന്നിറങ്ങുമ്പോൾ താൻ കാരണം ഇനി വേദനിക്കാൻ പോവുന്ന തന്റെ കൂടപിറപ്പുകളെയും അമ്മയെയും ഓർത്താണ് അവൾക്കേറെ വേദനിച്ചത്….
“നശിച്ചു നാറാണക്കല്ല് പിടിച്ചു പോവുമെടി നീയും നിന്നെ കൊണ്ടു പോവുന്ന ഇവനുമൊക്കെ…. ”
തനിയ്ക്ക് മുന്നിൽ നിന്ന് നടന്നു മറയുന്നവരെ നിന്നു പ്രാക്രി അച്ഛമ്മ…
നിവർന്നു നിൽക്കാൻ ആവതില്ലാഞ്ഞിട്ടും നടു ഉമ്മറത്തു നിന്ന് നെഞ്ചിൽ കൈ ചേർത്ത് തന്റെ ചേച്ചിയെ പ്രാകി പറയുന്ന അച്ഛമ്മയെ തടയാനോ അവർക്കടുത്തേയ്ക്ക് ചെല്ലാനോ ധൈര്യമില്ലാതെ അകത്തെ മുറിയിൽ വെറും നിലത്തിരുന്ന് എങ്ങി കരഞ്ഞു അമൃത…
“ചേച്ചി…. ചേച്ചി ചെന്നൊന്ന് മിണ്ടാതെ ഇരിക്കാൻ പറ അച്ഛമ്മയോട്…. അകത്ത് ഇതെല്ലാം കേട്ട് അമ്മ നെഞ്ചു തിരുമ്മി കരയാണ്… ഇനിയും ഇങ്ങനെ കരഞ്ഞാൽ അമ്മയ്ക്ക് ശ്വാസം മുട്ട് വരും ചേച്ചി… ഒന്നു ചെന്ന് നിർത്താൻ പറ അച്ഛമ്മയോട്… വല്യച്ചിയെങ്കിലും രക്ഷപ്പെടട്ടേ ഈ നരകത്തീന്ന് പാവം….”
പത്തിരുപത് വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരൻ ചെറുക്കനൊരുത്തൻ അമൃതക്കടുത്തിരുന്ന് നാലു ചുറ്റും നോക്കി ഭയത്തോടെ ശബ്ദം കുറച്ചവളോടു പറഞ്ഞതും ഒരു കരച്ചിൽ പിടഞ്ഞടിച്ചവളുടെ ഉള്ളിൽ….
കുറ്റി താടിരോമങ്ങൾ നിറഞ്ഞു നിൽക്കുന്ന അനിയന്റെ മുഖത്തേയ്ക്കും ആ മുഖത്താക്കെ നിറഞ്ഞു നിൽക്കുന്ന ഭയത്തിലേക്കും കണ്ണുകൾ ചെല്ലുമ്പോൾ ആരൊടെല്ലാമോ ഉളള ദേഷ്യത്തിൽ എന്തൊക്കയോ തച്ചുതകർക്കാനൊരു ത്വര ചുര മാന്തി അമൃതയുടെ ഉള്ളിൽ…
” പവിത്രൻ മക്കളെ വളർത്തും പോലെ വളർത്തണം മക്കളെയെന്ന് കുടുംബക്കാരും നാട്ടുകാരും എപ്പോഴും എപ്പോഴും പറഞ്ഞതൊടുവിൽ ആരുടെയോ
കണ്ണു പറ്റി പോയി എന്റെ കുടുംബത്തിന്… അതുകൊണ്ടാണിതെല്ലാം നടന്നത്… ഉറപ്പാണെനിയ്ക്കത്… എവിടെ എന്റെ പവിത്രൻ… എനിക്കവനെ കാണണം… ഇതിനൊക്കെ പരിഹാരം കണ്ടേ പറ്റൂ… ഇറങ്ങിപോയവള് മുച്ചൂടും മുടിഞ്ഞ് പോയേ പറ്റൂ…
“ഇതിനൊരു പരിഹാരം ഉണ്ടാക്കണം ആദ്യം… അല്ലെങ്കിൽ ഇനിയും ഉണ്ടാവും ഇതുപോലെ അനർത്ഥങ്ങൾ കുടുംബത്തിൽ… ഒന്നല്ലേ തോന്ന്യാസം കാട്ടി ഇറങ്ങി പോയിട്ടുള്ളു..
പെണ്ണൊന്നു കൂടി ബാക്കിണ്ടല്ലോ പേരുദോഷംകേൾപ്പിക്കാനിയും….. അതെങ്കിലും നേരെയാവണമെങ്കിൽ അതിനു വേണ്ടത് ചെയ്യണമാദ്യം…. പവിത്രനെവിടെ…. അവനെ കാണണമെനിയ്ക്ക്…”
പിച്ചള കെട്ടിയ ഊന്നുവടി നിലത്താഞ്ഞുകുത്തിയുറപ്പിച്ച് അച്ഛമ്മ വീടിനകത്തേക്ക് അച്ഛനെ തിരക്കി കയറുന്നതറിഞ്ഞതും അമൃതയുടെ തോളിൽ മുറുകി ഭയന്ന അപ്പുവിന്റെ വലം കൈ…
തന്നെ ചേർന്നു നിൽക്കുന്ന അപ്പുവിന്റെ കയ്യിൽ തന്റെ കൈ മുറുക്കി അവനെ തന്നോടു ചേർത്തു നിർത്തി സാരമില്ലെന്നതു പോലെയവനെ നോക്കി കണ്ണു ചിമ്മി അമൃത…
അകത്തേയ്ക്ക് മകനെ തിരഞ്ഞ് കയറി വന്ന അച്ഛമ്മയുടെ കണ്ണുകൾ പേരക്കുട്ടികളിൽ പതിഞ്ഞതും ഊന്നുവടിയിലെ അവരുടെ കൈകളൊന്നു മുറുകി… ചുളിവു വീണ് തൂങ്ങിയ അവരുടെ മുഖത്ത് ദേഷ്യം തിളച്ചു… പ്രായാധിക്യമേറിയ ആ കണ്ണുകൾ അമൃതയിലും അവൾ അവളോടു ചേർത്തു പിടിച്ചിരിയ്ക്കുന്ന അപ്പുവിലും തട്ടിച്ചുരുങ്ങി അവരിൽ തന്നെ തങ്ങി….
“എന്താണെടാ ഇവിടെ നീയൊക്കെ ചേർന്ന് ചെയ്യുന്നത്…. ?
ഈ വീടുമുടിയാൻ ഇതിൽ കൂടുതലിനി എന്തു വേണം….
പവിത്രാ …. എടാ….നീയിത് കാണുന്നില്ലേടാ…?
പ്രായം തികഞ്ഞ പെണ്ണൊരുത്തി ആണൊരുത്തനെ അവളുടെ നെഞ്ചിലേക്ക് ചേർത്തു നിർത്തിയേക്കുന്നത് കാണുന്നില്ലേടാ നീ….?
പറയുന്നതിനൊപ്പം കയ്യിലെ ഊന്നുവടി ശക്തമായ് അമൃതയുടെ ശരീരം നോക്കി വീശുക കൂടി ചെയ്തു അവർ
അയ്യോ ….ചേച്ചീ…..
അച്ഛമ്മ വീശിയ വടിയിൽ കയറി പിടിച്ച് അമൃതയുമായ് പിന്നോക്കം വേഗത്തിൽ ഒഴിഞ്ഞുമാറി അപ്പു… എന്നാൽ വടി വീശിയ ആയത്തിലും അപ്പു അതു പിടിച്ചു വലിച്ചതുകൊണ്ടും അച്ഛമ്മ മുമ്പിലേക്കാഞ്ഞ് ഡൈനിംഗ് ടേബിളിൽ കാൽ തട്ടി നിന്നു…
അയ്യോ….. എന്റെ കൃഷ്ണാ… ന്റെ കാല്…
വേദനയുടെ ചീള് ചിതറി തെറിച്ചവരിൽ നിന്ന്…
അമ്മേ… എന്താ പറ്റീത്… അയ്യോ….
അവരുടെ കരച്ചിലവിടെ ഉയർന്നതും അത്ര നേരം അകത്തെ മുറിയിലായിരുന്ന പവിത്രൻ ഓടി വന്നവരെ പിടിച്ച് അടുത്തുള്ള കസേരയിലേക്കിരുത്തി ആരാഞ്ഞു…
“നിന്റെ മകളും മകനും കെട്ടിപിടിച്ച് നിൽക്കണത് കണ്ടപ്പോൾ എന്താണിവിടെയെന്ന് ഞാനൊന്ന് ചോദിച്ചു പോയ് …. അതിനു നിന്റെ മകളെന്നെ തള്ളിവീഴ്ത്താൻ നോക്കി മോനെ….. ”
നട്ടാൽ കുരുക്കാത്ത നുണ പറയുന്ന അച്ഛമ്മയെ ഭാവമാറ്റങ്ങളില്ലാതെ നോക്കി അപ്പുവും അമൃതയുമെങ്കിലും അവിടെ നടന്നതും നടക്കുന്നതുമെല്ലാം കണ്ടു കൊണ്ടിരുന്ന അയൽവാസികളുടെ കണ്ണുകൾ മിഴിഞ്ഞു അച്ഛമ്മയടെ സംസാരം കേട്ട്…
അച്ഛമ്മയക്കെതിരെ ഒരു ചെറുവിരൽ പോലും അപ്പോൾ അനക്കാത്തവളെ പറ്റിയാണീ നുണ അവർ പറയുന്നതോർത്തവർ..
അമ്മയുടെ വാക്കുകൾ കേട്ടതും പവിത്രന്റെ നോട്ടം അമൃതയിലേക്ക് തിരിഞ്ഞു… അച്ഛനെ തന്നെ നോക്കി നിന്നിരുന്ന അമൃതയുടെ കൈകൾ കൂടുതൽ ശക്തിയിൽ മുറുകി അപ്പുവിന്റെ ചുമലിൽ…
“പെണ്ണായാൽ പെണ്ണിനെ പോലെ അടങ്ങിയൊതുക്കി ജീവിക്കണം…അല്ലാതെ അമ്മാവന്മാരുടെയും ആങ്ങളമാരുടെയും നെഞ്ചിലേക്ക് കയറരുത് പെൺകുട്ടികൾ….
‘ അങ്ങനെ അടക്കിയൊതുക്കി വളർത്താത്തതുകൊണ്ടാണ് നേരത്തെ നിന്റെ മൂത്ത മകളൊരുത്തി തന്നിഷ്ടം കാണിച്ച് ഞാനും നീയുമൊക്കെ നോക്കി നിൽക്കുമ്പോൾ ആ കോളനി ചെക്കന്റെ കൂടെ നമ്മളെയൊന്നും വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോയത്…
ആ നാണക്കേട് ഇനി അവളുടെ മരണം കൊണ്ടല്ലാതെ മാറില്ല… അതിനിടയിലാണ് ഇവിടെ ഇവരുടെ തോന്ന്യാസം… ആങ്ങളയായാലും പെങ്ങളായാലും മുതിർന്നു കഴിഞ്ഞാൽ പിന്നെ പെരുമാറേണ്ടത് അന്യരെ പോലെയാണ്… അല്ലാതെ ഒരാൾ ഒരാളുടെ നെഞ്ചത്ത് കയറിയല്ല….
“ഇതൊക്കെ ഇവളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് നിന്റെ ഭാര്യയാണ് പവിത്രാ… അതിനവൾക്ക് നേരമില്ലല്ലോ ഇവിടെ… വല്യ ദീനക്കാരിയല്ലേ… ഒരു ശ്വാസം മുട്ടുക്കാരി… ആദ്യം ആ നാശത്തിനെ പിടിച്ച് ഈ വീടിന്റെ പടിക്ക് പുറത്താക്കി ചാണക്കം തളിച്ച് ശുദ്ധമാക്കണം വീട്… എന്നാലെ ഈ വീടിനൊരു മേൽഗതി വരൂ… അല്ലെങ്കിൽ ഇതുപോലെ സ്വന്തം ചോരേടെ നെഞ്ചത്തിരിയ്ക്കും പെൺമക്കൾ… ”
വിഷം തുപ്പുന്ന അച്ഛമ്മയുടെ നാവ്.. അതു കേട്ടിട്ടും കേട്ട ഭാവം നടിക്കാതെ അലസമെന്നോണം നിൽക്കുന്ന അച്ഛൻ… വല്ലാതെ നൊന്തു പോയി അമൃതയ്ക്ക്…
സ്വന്തം കൂടപ്പിറപ്പിനെ അതും താനെടുത്ത് വളർത്തിയവനെ ഒന്നു ചേർത്തു പിടിച്ചതിന് കേൾക്കുന്ന പഴികൾ…
ഇന്നെല്ല ഓർമ്മയുറച്ച കാലം മുതലേ അവരിൽ നിന്ന് കേൾക്കുന്ന അപവാദങ്ങൾ…. കുറ്റപ്പെടുത്തലുകൾ…
അപ്പുവിന്റെ ചുമലിരുന്ന അമൃതയുടെ കൈയ്യൊന്നു കൂടിയവന്റെ ചുമലിൽ മുറുകി…
“ഈ വീട്ടിൽ നിന്നാദ്യം അടിച്ചു പുറത്താക്കേണ്ടത് ഞങ്ങളുടെ പാവം അമ്മയെ അല്ല…. നിങ്ങളെയാണ്…. കാലനു പോലും വേണ്ടാത്ത ഭൂമിയ്ക്ക് ഭാരമായ ഞങ്ങളുടെ ജീവിതം ഇങ്ങനെ നരകമാക്കിയ നിങ്ങളെ വലിച്ചു പുറത്തെറിയണം ആദ്യം… ബന്ധങ്ങളുടെ വിലയറിയാത്ത വിഷജീവി….
“വിഷം മാത്രം ചിന്തിക്കുകയും വിഷത്തെക്കാൾ വീര്യത്തിലത് മറ്റുള്ളവരിൽ വേഗത്തിൽ പടർത്തുകയും ചെയ്യുന്ന നിങ്ങളെ ഈ വീട്ടിൽ നിന്ന് പുറത്താക്കിയാൽ തന്നെ ഈ വീടൊരു വീടാവും…. ഞങ്ങളുടെ പാവം അമ്മയുടെ ശ്വാസം മുട്ട് അതും നിങ്ങളാണ്… നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് പോയാൽ തീരാവുന്ന പ്രശ്നങ്ങളേ ഇപ്പോൾ ഞങ്ങൾക്കുള്ളു… ഒന്നൊഴിഞ്ഞു പോയി തരാമോ ഞങ്ങളുടെ ജീവിതത്തിൽ നിന്ന്….?
“വീടിനകത്ത് ശബ്ദം ഉയർത്തുന്നോടി ഒരുമ്പട്ടവളെ….. അതും എന്റെ അമ്മയോട്
അപ്പുവിനെ ചേർത്തു പിടിച്ച് അച്ഛമ്മയ്ക്ക് മുമ്പിലെത്തി ശബ്ദമുയർത്തിയ അമൃതയുടെ നേരെ കയ്യോങ്ങി അലറി പവിത്രൻ
“തൊട്ടു പോകരുതെന്റെ കൊച്ചിനെ…. അച്ഛനാണെങ്കിലും നിങ്ങളുമൊരു ആണാണ്… അവളുടെ കൂടപ്പിറപ്പിനെ അവൾ ചേർത്തു പിടിച്ചത് നിങ്ങൾക്കും നിങ്ങളുടെ അമ്മയ്ക്കും ഏറ്റവും വലിയ കുറ്റമല്ലേ… അപ്പോ പിന്നെ നിങ്ങളെങ്ങനെ തൊടും അവളെ…. തൊടാൻ പറ്റുമോ നിങ്ങൾക്ക്… അതോ വകതിരിവ് നഷ്ടപ്പെട്ടോ അമ്മ വളർത്തിയ അമ്മയുടെ മകന്….?
പവിത്രനും അമൃതയ്ക്കും ഇടയിലേക്ക് കുതിച്ചെത്തി പവിത്രനു നേരെ വിരൽ ചൂണ്ടി ശബ്ദമുയർത്തി ജീവിതത്തിലാദ്യമായ് അനിത….
അവളുടെ ആ ഭാവത്തിലും സംസാരത്തിലും ആകെ ഞെട്ടിയവളെ നോക്കി മറ്റുള്ളവർ
“എന്റെ വീട്ടിൽ എന്റെ മകന്റെ എച്ചിൽ തിന്ന് ജീവിച്ചിട്ടവനോട് ശബ്ദമുയർത്തുന്നോടീ നാശം പിടിച്ചവളെ….. ?
അനിതയുടെ ഭാവമാറ്റത്തിൽ പവിത്രൻ പകച്ചു നിൽക്കേ കസേരയിൽ നിന്നെഴുന്നേറ്റ് അനിതയ്ക്ക് നേരെ കൈ വീശി ചീറി ചെന്നു അച്ഛമ്മ….
ഞങ്ങളുടെ അമ്മയെ തൊട്ടു പോകരുത്…
അനിതയ്ക്ക് മറയായ് അച്ഛമ്മയ്ക്ക് മുമ്പിലേക്ക് കയറി നിന്നു അപ്പുവും അമൃതയും….
അമ്മയിലും മക്കളിലുമായ് തറഞ്ഞു നിന്നു പവിത്രന്റെ കണ്ണുകൾ….
ഇന്നുവരെ അവരുടെയൊന്നും ശബ്ദം ഇത്ര ഉറക്കെ എന്നല്ല ചെറുതായ് പോലും ഉയർന്നു താൻ കേട്ടിട്ടില്ല… തന്റെ മുമ്പിലിങ്ങനെ ഒരിക്കലും വന്ന് നിന്നിട്ടില്ലവർ… ഈ വീടിന്റെയും അവരുടെയും എല്ലാ കാര്യങ്ങളും താനറിഞ്ഞിരുന്നത് തന്റെ അമ്മയിലൂടെ മാത്രമായിരുന്നു…. അമ്മയിലൂടെ അല്ലാതെ അവരെ അറിയാൻ ആഗ്രഹിച്ചിട്ടില്ല താൻ….
പവിത്രന്റെ നോട്ടം അനിതയുടെ കരഞ്ഞു വീർത്ത കൺപോളകളിലും മുഖത്തും തങ്ങി… കഴിഞ്ഞ ഇരുപത്തേഴ് വർഷത്തോളം തനിയ്ക്കൊപ്പം ജീവിക്കുന്നവൾ…
ഇരുട്ടിന്റെ അകമ്പടിയിൽ തന്റെ ശരീരത്തിന്റെ കാമവികാരം തീർക്കാനല്ലാതെ താനവളെ അന്വോഷിച്ചിട്ടേയില്ലെന്നത് ഒരു ഞെട്ടലോടെ പവിത്രൻ തിരിച്ചറിഞ്ഞതും അപ്പോഴാണ്….
ഇക്കണ്ട കാലം ഇല്ലാത്തതുപോലെ അന്നാദ്യമായ് സ്വയം തന്നെയൊന്ന് തിരഞ്ഞു പവിത്രൻ… തനിയ്ക്കുള്ളിലൂടെ…..
താനില്ല തന്റെ ജീവിതത്തിൽ…. തന്റെ ഭാര്യയും മക്കളുമില്ല…. എവിടെയും നിറഞ്ഞു നിൽക്കുന്നത് അമ്മയും അവരുടെ ശബ്ദവും മാത്രം…
“പവിത്രാ നീയെന്താടാ ഒന്നും മിണ്ടാതെ ഇങ്ങനെ തരിച്ച് നിൽക്കുന്നത്…?
നിന്റെ മകളും ഭാര്യയും നമുക്ക് മുന്നിൽ കിടന്ന് കുരച്ച് തുള്ളുന്നത് കാണുന്നില്ലേ നീ…. അടക്കി നിർത്തെടാ അവരെ….. വീട്ടിനുള്ളിൽ ഉയരരുത് പെണ്ണിന്റെ ഒച്ചയെന്ന് പറഞ്ഞടിക്കെടാ അവളുമാരെ… ”
പതിവു ശീലം പോലെ തന്നിൽ വാശിയും ദേഷ്യവും നിറയ്ക്കുന്ന അമ്മയെ ആദ്യം കാണും പോലെ നോക്കി പവിത്രൻ
ആദ്യം അച്ഛമ്മയെ അടിയ്ക്ക് അച്ഛാ… എന്നിട്ടവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്ക് അവരും പെണ്ണാണെന്ന്… ഈ വീട്ടിൽ എപ്പോഴും ഉയർന്നു കേൾക്കുന്നത് അവരുടെ ശബ്ദമാണെന്ന്…
അമ്മയെയും ചേച്ചിയേയും തനിയ്ക്കിരുപുറവും ചേർത്ത് പിടിച്ചവർക്ക് സംരക്ഷണമൊരുക്കി അപ്പു പറഞ്ഞ ഓരോ വാക്കുകളും പവിത്രനെന്ന അച്ഛന്റെ തോൽവികളായിരുന്നു… അച്ഛമ്മ എന്ന സ്ത്രീയുടെ അധികാരത്തിന്റെ മുകളിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു….
തോൽവിയുടെ കയ്പ്പ് രുചി അറിഞ്ഞു തുടങ്ങുകയായിരുന്നു അച്ഛമ്മ… അതറിഞ്ഞ് അനുഭവിച്ചേ അവരീ ഭൂമി വിടു… അത് ഈശ്വരന്റെ തീർപ്പാണ്….
✍️രജിത ജയൻ
