“നിന്റെ അമ്മയെ പോലൊരു പെണ്ണാവാൻ നിനക്കൊന്നും ഈ ജന്മം പറ്റില്ലെന്ന് എനിയ്ക്കറിയാം ചാരു… കാരണം നിന്റെയീ പ്രായത്തിലുള്ളവരെല്ലാം ഇന്ന് സ്വന്തം താൽപ്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്നവരാണ്… പക്ഷെ നിന്റെ അമ്മ അവരൊരു സ്ത്രീരത്നം തന്നെയാണ്….
ഇന്നീ നാട് മുഴുവൻ അവരെ, നിന്റെ അമ്മയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ സ്നേഹിയ്ക്കുന്നുണ്ടെങ്കിൽ നീയൊന്നോർത്ത് നോക്ക് നിന്റെ അമ്മ എത്ര നല്ലവളാണെന്ന്…. എത്രമാത്രം വലിയവളാണെന്ന്…
സത്യത്തിൽ നിന്നെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചതു തന്നെ നീ ആ അമ്മയുടെ മകൾ ആയതുകൊണ്ടാണ്… നിന്നെ വിവാഹം കഴിച്ചാൽ എനിയ്ക്കും അവരെ അമ്മ എന്ന് വിളിക്കാലോ എപ്പോഴും അവരോടു ചേർന്ന് അവരുടെ സ്നേഹമനുഭവിച്ച് ജീവിക്കാലോ… ”
മുന്നിലെ ടേബിളിൽ വെയിറ്റർ കൊണ്ടു വെച്ച ബ്രൂകോഫി തണുത്ത് അതിൽ ഈച്ച രണ്ടെണ്ണം വീണിട്ടും അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ തന്റെ അമ്മയോടുള്ള ഇഷ്ടം നിർത്താതെ വാക്കുകളിലൂടെ തന്നോട് പറഞ്ഞു കൊണ്ടേ ഇരിയ്ക്കുന്നവനെ ചുണ്ടിലെ ചിരി മായാതെ നോക്കിയിരുന്നു ചാരുത…
ഇതിന്നും ഇന്നലെയുമൊന്നും കേട്ടു തുടങ്ങിയതല്ല….
അമ്മയുടെ സൽപേരിന്റെ അടിയിൽപെട്ട് താൻ ഞെരിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളേറെയായി…. തന്റെ പ്രവർത്തികളും സ്വഭാവവുമെല്ലാം അമ്മയുമായ് താരതമ്യം ചെയ്യുന്നതും അമ്മയുടെ ഏഴയലത്ത് വരില്ല മകളെന്നതും കേട്ട് തഴമ്പിയ്ക്കുന്നതും ശീലമായിരിയ്ക്കുന്നു …… ജീവിതത്തിന്റെ ഭാഗമായിരിയ്ക്കുന്നു….
“ചാരു അപ്പോ ശരിയെന്നാൽ… തന്നെ എനിയ്ക്കിഷ്ടപ്പെട്ടെന്ന് ഞാൻ വീട്ടുക്കാരോട് പറഞ്ഞോളാം… ബാക്കി കാര്യങ്ങളൊക്കെ വീട്ടുകാർ തമ്മിലാവട്ടെ… എത്രയും വേഗം നമ്മുടെ കല്യാണം നടത്താൻ വേണ്ടത് അവരുചെയ്തോളും…
ശരിയെന്നാൽ കാണാം… ബൈ..”
തനിയ്ക്കൊന്നും തിരിച്ചു പറയാനവസരം നൽകാതെ, ഗൗതമിനെ പറ്റി തനിയ്ക്കുള്ള അഭിപ്രായമെന്തെന്നു പോലും തിരക്കാതെ സ്വന്തം ഭാഗമെല്ലാം പറഞ്ഞു തീർത്ത് മടങ്ങി പോവാനൊരുങ്ങുന്ന കിഷോറിനെ ശ്വാസമയച്ചു വിട്ടൊന്ന് നോക്കി ചാരുത….
ആറടിയോളം പൊക്കത്തിലും അതിനു ചേർന്ന വണ്ണത്തിലുമൊരുത്തൻ….
സോഫ്റ്റ് വെയർ എൻജീനിയർ ഗൗതം ഗോപിനാഥ്….
അതിസുന്ദരൻ എന്നു വേണമെങ്കിലും പറയാം അവനെ….
അലസമായവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾക്ക് പോലുമുണ്ടൊരു വല്ലാത്ത ചന്തവും ഭംഗിയും….
“മിസ്റ്റർ ഗൗതം ഗോപിനാഥ്…. വൺ മിനിറ്റ് പ്ലീസ്…
തനിയ്ക്ക് മുമ്പിൽ നിന്ന് തിരിഞ്ഞു നടക്കുന്നവനെ പിൻവിളി വിളിയ്ക്കുമ്പോൾ ചാരുതയുടെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പും മുഖത്ത് പതിവിലുമേറെ ഗൗരവവും ഉണ്ടായിരുന്നു….
തന്റെ പിൻ വിളി കേട്ട് തിരിഞ്ഞു നോക്കുന്നവന്റെ മുഖത്തെ ചോദ്യഭാവം കണ്ടു തന്നെ അവനെ ഒന്നുഴിഞ്ഞ് നോക്കി ചാരുത…
“നിങ്ങൾ പറഞ്ഞതു പോലെ തന്നെ ഈ പെണ്ണുകാണൽ അവസാനിപ്പിച്ച് ഞാനും തിരികെ മടങ്ങുകയാണ് ഗൗതം എന്റെ വീട്ടിലേക്ക്….. ചെറിയൊരു വ്യത്യാസമെന്തെന്ന് വെച്ചാൽ ഞാനെന്റെ വീട്ടിൽ ചെന്ന് പറയുക തന്നെ എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ്… അതു കൊണ്ടു തന്നെ പിന്നെയതിലൊരു തീരുമാനത്തിന്റെ ആവശ്യം വരില്ലല്ലോ അല്ലേ…. ശരിയെന്നാൽ….. ”
തന്റെ ഭാവത്തിലും നോട്ടത്തിലും ആകെ അമ്പരന്നു നിൽക്കുന്ന ഗൗതത്തെ ഇമ ചിമ്മാതെ നോക്കി പറഞ്ഞ് ചാരുത തിരിഞ്ഞെങ്കിലും ഇത്തവണ അവളുടെ കയ്യിൽ പിടിച്ചവളെ തടഞ്ഞു നിർത്തിയത് അവൻ തന്നെയാണ്….
അവനെ തനിയ്ക്കിഷ്ടപ്പെട്ടില്ലെന്നു താൻ പറഞ്ഞതിന്റെ ഞെട്ടലവന്റെ മുഖത്തും കണ്ണിലും കണ്ട ചാരുതയുടെ മുഖമൊന്ന് അവനോടുള്ള പുച്ഛത്താൽ കോടി….
സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിയ്ക്കുന്നവന്റെ തലയ്ക്കുള്ള അടിയാണ് തന്റെ വാക്കുകൾ… അതിന്റെ ഞെട്ടലാണവന്…
“എന്നെ നിനക്ക് ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞാൽ…. എന്താ ചാരു അതിന്റെ അർത്ഥം…?
ഞാൻ കാഴ്ചയിലും പ്രൊഫഷനിലും നിന്നെക്കാൾ കേമനല്ലേ…. പിന്നെന്താ….?
” എനിയ്ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലാന്ന് ഞാൻ പറഞ്ഞിട്ടുണ്ടേൽ അതിനർത്ഥം ഒന്നേയുള്ളു ഗൗതം….
എന്റെ ഭർത്താവിന്റെ സ്ഥാനത്തേയ്ക്ക് എന്റെ പുരുഷനായ് എനിയ്ക്ക് നിങ്ങളെ വേണ്ടെന്ന്…. എന്റെ ഇഷ്ടത്തിന്നും താൽപര്യത്തിനും അനുസരിച്ചുള്ള ഒരാൾ അല്ല നിങ്ങളെന്ന്…
ഇനിയിതിൽ കൂടുതൽ സംസാരം വേണ്ടല്ലോ ഗൗതം… ശരിയെന്നാൽ… എവിടെയെങ്കിലും വെച്ച് കാണാം നമുക്ക്… ആ പിന്നെ പറയാൻ മറന്നു, ഇനി മറ്റൊരു പെൺക്കുട്ടിയെ പെണ്ണുകാണാനും ജീവിതത്തിലേക്ക് കൂട്ടാനുമെല്ലാം ഇറങ്ങി തിരിയ്ക്കുമ്പോൾ ആദ്യം കാണേണ്ടതും ചിന്തിക്കേണ്ടതും അവളെ പറ്റിയാവണം….. അല്ലാതെ അവളുടെ അമ്മയെ പറ്റിയാവരുത് …..കാരണം നിങ്ങൾക്കൊപ്പം ജീവിയ്ക്കുന്നത് ആ പെൺക്കുട്ടിയാണ് അല്ലാതെ ആ പെണ്ണിന്റെ അമ്മയല്ല…
ചുരുക്കി പറഞ്ഞാൽ അമ്മയെ കണ്ടാവരുത് മകളെ കെട്ടുന്നതെന്ന്….. ”
പറയാനുള്ളത് പറഞ്ഞ് തീർത്ത് ഒരു പിൻവിളിയ്ക്കും കാതോർക്കാതെ തലയുയർത്തി പിടിച്ച് ചാരുത ആ കോഫീ ഷോപ്പിന്റെ പടിയിറങ്ങി പോരുപ്പോഴും അവൾക്കു പിന്നിൽ അവൾ പറഞ്ഞ വാക്കുകളുടെ കാഠിന്യത്തിൽ വിളറി നിന്നു പോയ് ഗൗതം… ഒരു വാക്ക് പോലും മറുത്തു ശബ്ദിക്കാൻ കഴിയാതെ….
“പെറ്റതള്ളയെ പറയിപ്പിക്കാനുണ്ടായ നശിച്ച സന്തതി… ഇതൊക്കെ ഈ കുടുംബത്തിൽ എന്റെ മകളുടെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ ഭഗവാനെ…. ”
ചാരുവിന്റെ സ്കൂട്ടി ഗേറ്റു കടന്ന് കൊട്ടാരതുല്യമായ തന്റെ വീടിനടുത്തേയ്ക്ക് ചെന്നതും കേട്ടു അവളെ മിഴിച്ചു നോക്കി ചീത്ത വിളിയ്ക്കുന്ന അമ്മമ്മയെ…
ഇങ്ങനൊന്ന് പ്രതീക്ഷിച്ച് അങ്ങോട്ടു ചെന്നതുകൊണ്ടാവാം അതൊന്നും കേട്ടിട്ടും യാതൊരു ഭാവമാറ്റവും ഉണ്ടായില്ല അവളിലും അവളുടെ പ്രവർത്തികളിലും….
“നിനക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്തത്ര സൗന്ദര്യവും ജോലിയുമുള്ളൊരു ചെറുക്കനെ നിനക്ക് കെട്ടാനായ് ഞങ്ങൾ കണ്ടെത്തി തന്നിട്ടതിന് യാതൊരു വിലയും കല്പിക്കാതെ ഉള്ള അഹങ്കാര വർത്തമാനമെല്ലാം അവനോടു വിളിച്ച് പറഞ്ഞ് ബന്ധം വേണ്ടാന്ന് വെച്ച് വന്നേക്കുവാണവള്…. നീയൊന്നും ഒരു കാലത്തും നന്നാവില്ലെടീ…. നിന്റെ തന്തയുടെ ഗതി തന്നെയാണ് നിനക്കും പറഞ്ഞിട്ടുള്ളത്… അവന്റെ ചോരയല്ലേ… ആ സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ…. ”
ചാരുവിന്റെ മുന്നിലെത്തി വിറച്ചു തുള്ളി അമ്മമ്മ പറയുമ്പോഴും നിസംഗതയോടവരെ നോക്കി നിന്നു ചാരുത…
“ആ ചെക്കനെക്കാൾ എന്തു മേന്മ നിനക്കുണ്ടായിട്ടാണെടി നീയ്യീ ആലോചന വേണ്ടാന്ന് വെച്ചത്….?
നിന്നെപോലൊരുവളെ കെട്ടാൻ അവനെ പോലെ മികച്ച ഒരുവൻ വന്നതു തന്നെ അത്ഭുതമാണ്…. എന്നിട്ടതാണവള് വലിച്ചെറിഞ്ഞത്… എന്തുണ്ടായിട്ടാണോ എന്തോ….?
ദേഷ്യമൊതുങ്ങാതെ ചോദിയ്ക്കുന്നവരെ അപ്പോൾ മാത്രമൊന്ന് മുഖമുയർത്തി നോക്കി ചാരു…
“എനിയ്ക്ക് താലിക്കെട്ടാനൊരുവനെയല്ല അമ്മമ്മേ ഞാൻ അന്വോഷിക്കുന്നത്….
മറിച്ച് എന്നെ താലിക്കെട്ടി ഭാര്യയാക്കി സ്നേഹത്തോടെ ഈ ജീവിതം മുഴുവൻ ചേർത്തു പിടിയ്ക്കാൻ കഴിയുന്നൊരുവനെയാണ്…
അതിനെ പറ്റി ഞാൻ പറഞ്ഞാൽ പക്ഷെ നിങ്ങളമ്മയ്ക്കും മോൾക്കും മനസ്സിലാവില്ലെന്നാണ് എനിയ്ക്ക് തോന്നുന്നത്…. കാരണം ആഗ്രഹിച്ചഎന്തും ഇടിച്ചു കയറി പിടിച്ചു വാങ്ങി
സ്വന്തമാക്കുന്നതും ആവശ്യം കഴിഞ്ഞാൽ കറിവേപ്പില പോലെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞുമാണല്ലോ നിങ്ങൾക്കെല്ലാം ശീലം…. എന്റെ അച്ഛനെ സ്വന്തമാക്കി വലിച്ചെറിഞ്ഞതുപോലെ….”
ഉള്ളിലെ അമർഷമടക്കിയവൾ പറഞ്ഞു തീർത്തതും അവളുടെ മുഖത്തിനു നേരെയൊരു വലം കൈ വേഗത്തിൽ അടിയ്ക്കാനായ് വീശി വന്നു…. എന്നാലാ അടി മുഖത്തു പതിയും മുമ്പാ കയ്യിൽ കയറി പിടിച്ചു കഴിഞ്ഞിരുന്നു ചാരുതയും…..
തനിയ്ക്ക് നേരെ കൈ വീശിയവളെ തലയുയർത്തി നോക്കി ചാരുത
മതിലകത്ത് രാധിക…. ചാരുതയുടെ അമ്മ….
നാല്പതുകളിലും ഒളിമങ്ങാത്ത സൗന്ദര്യവും ആരെയും കയ്യിലെടുക്കാൻ തക്ക വാക്ക് സാമർത്ഥ്യവും ഉള്ളവൾ…
നാട്ടുകാർക്ക് ഏറെ വേണ്ടപ്പെട്ട സാമൂഹ്യ പ്രവർത്തക… ദാനധർമ്മിഷ്ഠ…. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജനങ്ങൾക്കിടയിൽ രാധികയ്ക്ക്…
എന്നാലിതൊന്നുമല്ലാത്തൊരു രാധികയുണ്ട്…. പുറത്താർക്കും അറിയാത്ത പുറത്താരും അറിയാതിരിക്കാൻ രാധിക അത്രമേൽ ശ്രദ്ധിക്കുന്നൊരു രാധിക… ആ രാധികയിൽ
ദയവോ സ്നേഹമോ കനിവോ ആരോടും ഇല്ല… സ്വന്തം വിജയത്തിനും ഇഷ്ടത്തിനും സൽപ്പേരിനും വേണ്ടി എന്തു വൃത്തിക്കേടും ക്രൂരതയും ചെയ്യുന്നൊരു രാധിക…അവളെ പുറമെ നിന്നു കാണുന്നവരൊരിക്കലും അറിയുന്നില്ല തങ്ങളിഷ്ടപ്പെടുന്നതും ആരാധിക്കുന്നതും അഴുക്കുചാലിന്റെ ദുർഗന്ധം പേറുന്നൊരുവളെയാണെന്ന്… അതവരറിയുന്ന അന്ന് തീരും മതിലകത്ത് രാധികയുടെ തേർവാഴ്ചയും….
‘ എന്നെ തല്ലാനായ് പോലും നിങ്ങളെന്റെ ശരീരത്തിൽ തൊടുന്നത് എനിയ്ക്ക് ഇഷ്ടമല്ല… ഇഷ്ടമല്ലെന്നു മാത്രമല്ല വെറുപ്പുമാണ്…. മറ്റുള്ളവർക്ക് നിങ്ങൾ ദൈവമാണെങ്കിൽ എനിയ്ക്ക് നിങ്ങൾ പിശാചാണ്… എനിയ്ക്ക് മാത്രമല്ല എന്റെ അച്ഛനും… മറക്കണ്ട….”
തന്റെ കൈക്കുള്ളിലുള്ള രാധികയുടെ കൈവിട്ട് അവർക്കു നേരെ വിരൽ ചൂണ്ടി ചാരുത പറഞ്ഞതും ദേഷ്യത്തിലവളെ നോക്കി നിന്നു രാധിക….
ആ നോട്ടത്തെ പറ്റെ അവഗണിച്ച് വീടിനുള്ളിലേയ്ക്ക് കയറിയ ചാരുത ഒന്നു നിന്നു അകത്ത് തന്നെ നോക്കി നിസ്സഹായതയോടെ ചിരിയ്ക്കുന്ന ആളെ കണ്ട്….
പ്രഭാകരൻ…. ചാരുതയുടെ അച്ഛൻ….
തനിയ്ക്ക് പറന്നുല്ലസിക്കാനായ് രാധിക ആദ്യം വെട്ടിയരിഞ്ഞ ചിറക് അത് അയാളുടേതാണ്…
എന്തായി മോളെ പോയിട്ട്….?
തനിയ്ക്ക് അരികിലെത്തിയവളോട് ചോദിയ്ക്കുമ്പോൾ അയാൾക്ക് അവൾ പറയാതെ തന്നെ അറിയാമായിരുന്നു അവളുടെ മറുപടി…
‘പതിവുപോലെ തന്നെ അമ്മയുടെ വലിയൊരു ആരാധകനാണ് കക്ഷി…. അതു കൊണ്ടു ഞാൻ അത് വേണ്ടാന്ന് വെച്ചു…
ഒരു പാട് സ്വപ്നങ്ങളുള്ളൊരുവന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കി രാധികയുടെ വെറും അടിമയാക്കി അച്ഛനെ പോലെ അയാളെയും മാറ്റുന്നത് കാണുന്നതിന് ഞാനൊരു കാരണക്കാരി ആവണ്ട എന്നു വെച്ചു അച്ഛാ…. ”
മുഖത്ത് ഒട്ടിച്ചു വെച്ചൊരു ചിരിയോടെ പറഞ്ഞവൾ നടന്നു പോവുമ്പോഴും തന്റെ പ്രവർത്തിയിലും സ്വഭാവത്തിലും യാതൊരു കുറ്റബോധവും തൊട്ടു തീണ്ടാത്ത മനസ്സുറപ്പോടെ രാധിക അവിടെ തന്നെ നിന്നിരുന്നു… ഒരിക്കലും ഒരു മാറ്റം സ്വയം വരാൻ ആഗ്രഹിക്കാതെ….
ചിലരിങ്ങനെയാണ്…. താൻ മൂലം ആരൊക്കെവേദനിച്ച് ഇല്ലാതായാലും തന്റെ ജീവിതം താനാഗ്രഹിയ്ക്കും പോലെയാവണമെന്ന് മാത്രം കരുതി അതിനായ് ശ്രമിച്ചു കൊണ്ടേയിരിയ്ക്കും…. മാറ്റങ്ങളില്ലാതെ…..സ്വാർത്ഥതയോടെ…..
✍️രജിത ജയൻ
