ആരോമൽ തിരിഞ്ഞു നോക്കാതെ വീട്ടിൽ നിന്നും ഇറങ്ങി ഓടി.
എടാ… നിൽക്കടാ അവിടെ… നീയെങ്ങോട്ടാ ഈ ഓടുന്നത്??
ആരോമലിന്റെ അച്ഛൻ സജി പിന്നാലെ വന്ന് ചോദിച്ചു.
ആരോമൽ അതിന് മറുപടി പറയാതെ മുന്നോട്ട് തന്നെ ഓടി.
വയ്യ…വീട്ടിലിരിക്കാൻ വയ്യ….
അവൻ ഓടിയോടി കുന്നിൻചരുവിന്റെ താഴെയുള്ള ചെറിയ അരുവിയുടെയരികിൽ ചെന്നിരുന്നു.
അമ്മ ജോലിക്ക് പോയതാണ്, അടുത്ത് തന്നെയുള്ള സിറ്റിയിലെ ടെക്സ്റ്റൈൽ ഷോപ്പിലാണ് അമ്മ സിന്ധു ജോലി നോക്കുന്നത്.
അച്ഛൻ സജി ഓട്ടോ ഡ്രൈവറാണ്.
അച്ഛന്റെ കൂടെ, വീട്ടിൽ കുറച്ചുനേരമൊരുമിച്ചിരിക്കുന്നതിനെക്കുറിച്ച് ആരോമലിന് ചിന്തിക്കാൻ പോലുമാകില്ല.
അച്ഛൻ ഏത് നേരവും ഉപദേശമാണ്.
അങ്ങനെ ചെയ്യരുത്,ഇങ്ങനെ ചെയ്യരുത്..
അത് ചെയ്യണം ഇത് ചെയ്യണം.
ഓഹ്…. മടുത്തു പോകും.
അച്ഛൻ പറയുന്നതെന്തോ അത് മാത്രമേ ചെയ്യാൻ പറ്റൂ… അല്ലാത്തതൊന്നും ആ വീട്ടിൽ നടക്കില്ല…
ഇത്തിരി നല്ല അരിയുടെ ചോറുണ്ണാൻ കൊതിയാകും. റേഷനരി മാത്രമേ അച്ഛൻ വാങ്ങൂ
കാശില്ലാത്തതുകൊണ്ടൊന്നുമല്ല.
നല്ല അരിയുടെ ചോറ് കഴിച്ചാൽ രുചി പിടിച്ചു പോകും,പിന്നെ അത് മാത്രമേ കഴിക്കാൻ പറ്റൂവെന്ന്.
വല്ലപ്പോഴുമെങ്കിലും ഇത്തിരി മീനോ ഇറച്ചിയോ വാങ്ങി തരില്ല.
പച്ചക്കറി മാത്രം , അതും വീട്ടിൽ
നട്ടുണ്ടാക്കിയ വല്ല ചീരയോ, വഴുതനങ്ങയോ, മാങ്ങയോ… ചക്കക്കുരുവോ അങ്ങനെയൊക്കെ…
സത്യം പറഞ്ഞാൽ രുചികരമായ എന്തെങ്കിലുമൊക്കെ കഴിക്കാൻ വല്ലാത്ത കൊതി തോന്നും.
അമ്മ പുറത്തുകൊണ്ടുപോകുമ്പോൾ അച്ഛനറിയാതെ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു തരും.
മിഠായിയോ പലഹാരമോ ഒക്കെ കഴിക്കാൻ കൊതിയാണ്….
അച്ഛൻ തങ്ങളെ എങ്ങോട്ടും കൊണ്ടുപോവുകയുമില്ല,ഒന്നും വാങ്ങിച്ചു തരികയുമില്ല
ഇപ്പോൾ സ്കൂൾ അടച്ചിരിക്കുന്ന സമയമായതുകൊണ്ട് ഇത്തിരി നേരം ടിവി കാണാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല.
ദൈവത്തിന്റെ അടുത്ത ആളാണ് അച്ഛൻ
ദൈവത്തിന് വേണ്ടി എത്ര പണം ചിലവാക്കാനും അച്ഛന് തെല്ലും മടിയില്ല.
എന്നാൽ വീട്ടിലേക്ക് കാശ് മുടക്കി എന്തെങ്കിലും വാങ്ങാൻ മടിയാണ്.
എത്രയൊക്കെ പിശുക്കി പണം സമ്പാദിച്ചിട്ടും കാര്യമായ നീക്കിയിരുപ്പ് ഒന്നുമില്ല താനും .
ഏതെങ്കിലുമൊക്കെ വഴിയിൽ ആ പണമെല്ലാം ചെലവാകുകയും ചെയ്യും.
ബുദ്ധിയുള്ള പൊന്മാൻ കിണറ്റിലെ മുട്ടയിടൂ എന്നുള്ള പോലെയാണ് അയാളുടെ പ്രവർത്തികൾ…
സിന്ധുവിന് ആദ്യമൊന്നും അയാളുടെ സ്വഭാവം സഹിക്കാൻ കഴിയില്ലായിരുന്നു.
പിന്നെപ്പിന്നെ സിന്ധുവിനതൊരു ശീലമായി…
എന്നാൽ ആരോമൽ വളർന്നുവരും തോറും അച്ഛന്റെ സ്വഭാവം അവന് തീരെ ഇഷ്ട്ടമാകുന്നില്ല
അയാൾ ആണെങ്കിൽ അവനെ അടുത്ത് വിളിച്ചിരുത്തി ഏത് നേരവും ഉപദേശമാണ്.
ദൈവഭക്തി സജിക്ക് വളരെ കൂടുതലാണെങ്കിലും ആർക്കും ഒരു രൂപ പോലും കൊടുത്ത് സഹായിക്കാനുള്ള മനസ്സൊന്നും അയാൾക്കില്ല…
സജി ഭാര്യക്കും മകനും യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കില്ല.
അയാൾ പറയുന്നതനുസരിച്ച് ജീവിക്കാനുള്ള രണ്ടു മനുഷ്യജന്മങ്ങൾ മാത്രമായാണ് അയാൾ ഭാര്യയെയും മകനെയും കാണുന്നത്.
ഇന്നിപ്പോൾ കുറച്ചുനേരം മൊബൈൽ ഫോൺ ഒന്ന് എടുത്തു. അപ്പോൾ തുടങ്ങിയ ഉപദേശമാണ് സഹിക്കെട്ടപ്പോൾ ആരോമൽ ഇറങ്ങി ഓടിയതാണ്.
മടുത്തു ഈ ജീവിതം.
ഏതുനേരവും മറ്റു കുട്ടികളെ നോക്കി പഠിക്ക് അവർ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറയും ഇതെല്ലാം കേൾക്കുമ്പോൾ ആരോമലിന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തും.
അവൻ അരുവിയുടെ അരികിൽ വെറുതെ മലർന്നു കിടന്നു.
ആകാശത്തുകൂടി പാറിപ്പറക്കുന്ന കിളികളെ കണ്ടപ്പോൾ അവന് തോന്നി എന്നെങ്കിലും ഒരിക്കൽ തനിക്കും ഇതുപോലെ സ്വാതന്ത്രത്തോടെ പറക്കാൻ കഴിയുമോ എന്ന്.
അച്ഛൻ ഒന്നിനും സമ്മതിക്കില്ല എന്തിനുമേതിനും നിയന്ത്രണങ്ങളാണ്…
സ്കൂൾ ഒന്ന് തുറന്നാൽ മതിയായിരുന്നു
സ്കൂളിൽ ഇരിക്കുമ്പോഴെങ്കിലും സമാധാനം കിട്ടുമല്ലോ…
അവൻ കുറേ നേരം അങ്ങനെ തന്നെ കിടന്നു.
ആരുടെയോ കാലൊച്ച കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കി.
അച്ഛൻ…
മോനേ…. അയാൾ അവന്റെ അരികിൽ ഇരുന്നു.
നീ നന്നാവാൻ വേണ്ടിയല്ലേ അച്ഛൻ നിന്നെ ഉപദേശിക്കുന്നത്.
വാ….നമുക്ക് വീട്ടിൽ പോകാം.
അവൻ എഴുന്നേറ്റു.
അവർ വീട്ടിൽ എത്തി.
മോനേ…മറ്റന്നാൾ,
നിന്റെ പ്രായത്തിലുള്ള കുട്ടികൾക്കായി
ഒരു ക്ലാസ്സ് വച്ചിട്ടുണ്ട്, ഞാൻ അറിയുന്ന ഒരു സാറാ ക്ലാസ്സ് എടുക്കുന്നത്.
നീയത് അറ്റൻഡ് ചെയ്യണം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ദേഷ്യവും വാശിയും ഒക്കെ തോന്നും അതൊക്കെ അടക്കി നിർത്താനും, അച്ഛനും അമ്മയും പറയുന്നത് കേട്ട് വളരാനും ഒക്കെ ആ ക്ലാസ്സ് നിന്നെ സഹായിക്കും.
അത് കേട്ടതും ആരോമൽ നിസ്സഹായതയോടെ അച്ഛനെ നോക്കി…
അച്ഛനറിയാം മോൻ അച്ഛൻ പറഞ്ഞാൽ അനുസരിക്കില്ലേ??
അവൻ ദയനീയമായി തലകുലുക്കി.
പോകില്ലെന്ന് പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല. നിർബന്ധിച്ചു കൊണ്ട് വിടും.
മറ്റു കുട്ടികളൊക്കെ വെക്കേഷൻ ടൈം ആയാൽ ബന്ധുക്കളുടെ വീട്ടിൽ പോവുകയും, കൂട്ടുകാരുമൊത്ത് കളിച്ചുല്ലസിച്ചു നടക്കുകയും ഒക്കെ ചെയ്യും.
തന്നെ മാത്രം ഒന്നിനും അനുവദിക്കില്ല.
ആ സമയം കൂടെ സ്വഭാവവും പെരുമാറ്റവും നന്നാക്കാനുള്ള ക്ലാസ് ആണെന്ന് പറഞ്ഞ്,
ഓരോ ക്ലാസുകൾക്ക് അയക്കും.
വൈകുന്നേരം സിന്ധു വന്നതും
ആരോമൽ സിന്ധുവിന്റെ അടുത്തെത്തി.
അമ്മേ ഈ അച്ഛന് എന്താ പറ്റിയത്?? ഏത് നേരവും എന്നെ ഉപദേശമാണ്. കേട്ട് കേട്ട് എനിക്ക് തലവേദനയാണ്.
മറ്റന്നാൾ എന്നെ ഏതോ ക്ലാസ്സിന് വിടുകയാണെന്ന്. അമ്മക്കൊന്നു പറയാമോ ഞാൻ എവിടേക്കും പോകുന്നില്ലെന്ന്.
അതേത് ക്ലാസ്സ്?? സിന്ധു ചോദിച്ചു
എനിക്കെങ്ങും അറിയില്ല.ആരോമൽ ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ അച്ഛനോട് പറഞ്ഞോളാം. നീ പോയി കളിച്ചോ..
എന്ത് കളിക്കാൻ കൂട്ടുകാരൊന്നും എന്നെ കൂടെ കൂട്ടില്ല. അവന്മാരെ അച്ഛൻ കഴിഞ്ഞ ദിവസം വഴക്ക് പറഞ്ഞു. അവന്മാരാണത്രെ എന്നെ ചീത്തയാക്കുന്നതെന്നും പറഞ്ഞ്. ഇപ്പോൾ അവർ എന്നെ കൂടെ കൂട്ടില്ല.
സിന്ധു അലിവോടെ അവന്റെ നിറുകയിൽ തഴുകി.
എന്നാൽ മോൻ പോയി സൈക്കിൾ ചവിട്ടിക്കോ…
അതിന് അച്ഛൻ സൈക്കിന്റെ ടയർ പഞ്ചറാക്കി വച്ചിരിക്കുവാ അമ്മേ…
ഞാൻ സൈക്കിൾ ചവിട്ടി സമയം കളയുമെന്നും പറഞ്ഞ്.
ഓഹ്… ഈ മനുഷ്യനെക്കൊണ്ട് മടുത്തല്ലോ സിന്ധു തലയിൽ കൈവച്ചു.
ശരിക്കും എന്താ അമ്മേ അച്ഛൻ ഇങ്ങനെയായത്??
എന്റെ കൂട്ടുകാരുടെ അച്ഛന്മാരൊന്നും ഇങ്ങനെയല്ലല്ലോ എന്റെയച്ഛൻ മാത്രമേയുള്ളൂ ഇങ്ങനെയൊക്കെ…
ആരോമൽ വിഷമത്തോടെ പറഞ്ഞു.
സിന്ധു ആരോമലിന്റെ നിറുകയിൽ തഴുകി.
സാരമില്ല മോനെ അച്ഛൻ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞ്, മോൻ അച്ഛനെ വെറുക്കുവൊന്നും ചെയ്യരുത് കേട്ടോ. അച്ഛൻ ജീവിക്കുന്നത് തന്നെ നമുക്ക് വേണ്ടിയല്ലേ…
ഉം..
സിന്ധു ബാഗ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്തവന് കൊടുത്തു.
ദാ…അച്ഛൻ വരുന്നതിനു മുൻപ് കഴിച്ചോ..
അവൻ ചോക്ലേറ്റുമായി അകത്തേക്ക് പോയി.
പാവം കുട്ടി. സജിച്ചേട്ടനവന് ചോക്ലേറ്റ് വാങ്ങിക്കൊടുക്കാനൊന്നും സമ്മതിക്കില്ല.
എല്ലാത്തിലും മായമാണെന്നാണ് ചേട്ടൻ പറയുന്നത്. അതൊന്നും കുട്ടികൾക്ക് വാങ്ങിക്കൊടുത്തവരെ രോഗി ആക്കരുതെന്ന് പറയും.
ഒന്നാമത് കുഞ്ഞുങ്ങൾക്ക് മധുരമൊക്കെ ഇഷ്ടമാണ്.
ഒരു പ്രായമെത്തിക്കഴിഞ്ഞാൽപ്പിന്നെ ഇതിനോടൊന്നും ഒരു താൽപര്യവും ഉണ്ടാകില്ല. ഇപ്പോൾ കിട്ടണമെന്ന് മോഹിച്ചത് പിന്നീട് കിട്ടിയിട്ട് കാര്യമില്ലല്ലോ
പുറത്തുനിന്നും കാശുകൊടുത്ത്
ഒരു സാധനം സജി ചേട്ടൻ മേടിക്കില്ല എല്ലാത്തിലും മായമാണ് അത് നമ്മുടെ ശരീരത്തിന് ദോഷമാണെന്നാണ് പറയുന്നത്.
ഒരു കണക്കിന് നോക്കിയാൽ അദ്ദേഹം പറയുന്നത് ശരിയാണ്, കുഞ്ഞിന്റെ ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധയൊക്കെയാണ്,
എങ്കിലും, വല്ലപ്പോഴും കുട്ടികൾക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ കുട്ടികൾക്ക് ഇതിനോടെല്ലാം ഒരു കൊതി തോന്നില്ലേ..
ഇനി ഒന്നും വാങ്ങി കൊടുത്തില്ലെങ്കിലും
വേണ്ട, അവന് കുറച്ച് സ്വാതന്ത്ര്യമെങ്കിലും അനുവദിച്ചു കൂടെ
സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കാൻ അനുവദിച്ചു കൂടെ.അതും ചെയ്യില്ല.
ഒരുമാതിരി,കൂട്ടിൽ പിടിച്ചിട്ട കിളിയുടെ അവസ്ഥയാണ്.
സജി ചേട്ടന്റെ പിശുക്കിനെ കുറിച്ച് പറഞ്ഞാൽ അതിനേ നേരം കാണു.. അത്രയ്ക്ക് പിശുക്കനാണ്.
സത്യം പറഞ്ഞാൽ വീടിനകം മുഴുവൻ
ആക്രി സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞദിവസം ആരുടെയോ
ഒരു മേശയുടെ കാൽ ഒടിഞ്ഞത് എടുത്തുകൊണ്ടു വന്നേക്കുന്നു.
എന്നിട്ട് ആ ഒടിഞ്ഞ ഒരു കാലിന്റെ അവിടെ മറ്റൊരു കഷണം എടുത്ത് വച്ച് കെട്ടി വെച്ചിരിക്കുകയാണ്.
ഇതെന്തിനാണ് ഈ പഴഞ്ചൻ സാധനം ഒക്കെ എടുത്തുകൊണ്ട് വീട്ടിലേക്ക് വന്നിരിക്കുന്നത്, ഇത് ചുമ്മാ ആരെങ്കിലും തന്നതാണോ എന്ന് ചോദിച്ചപ്പോൾ 2000 രൂപ മുടക്കി മേടിച്ചതാണത്രേ.
എന്നാൽ പിന്നെ ആ രണ്ടായിരത്തിന്റെ കൂടെ കുറച്ചു കാശും കൂടെ ഇട്ടാൽ നല്ലത് വാങ്ങാൻ പറ്റില്ലേ അതു ചെയ്യില്ല.
വീട്ടിനുള്ളിൽ മുഴുവൻ ഇതുപോലെയുള്ള ആക്രി സാധനങ്ങളാണ്.
ചിലപ്പോഴൊക്കെ വല്ലാത്ത ദേഷ്യം തോന്നും.
സജിചേട്ടൻ പറയുന്നതെന്തോ അത് മാത്രമാണ് ശരി എന്നുള്ള ചിന്താഗതിയാണ്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്
യാതൊരു വിലയുമില്ല
ഈ വീട്ടിൽ പുതുതായി ഒരു സാധനവും വാങ്ങിച്ചിട്ടില്ല ഉപയോഗിക്കുന്ന കട്ടിലും,മിക്സിയും, എന്തിനേറെ പാത്രങ്ങൾ വരെ പഴയതാണ്.
അതും ആരെങ്കിലും ഉപയോഗിച്ച് പഴകിയത് മേടിച്ചു കൊണ്ട് വരുന്നത്.
തനിക്ക് കിട്ടുന്ന സാലറി കൊണ്ട് വീട്ടിലേക്കെന്തെങ്കിലും വാങ്ങിച്ചാൽ അന്ന് മുഴുവൻ തനിക്ക് സ്വയിര്യം തരില്ല. കാശ് ചെലവാക്കാൻ നിനക്ക് ഒരു മടിയുമില്ലെന്നു പറഞ്ഞ് വഴക്കുപറയും.
എങ്കിലും, എന്തെങ്കിലുമൊക്കെ സാധനങ്ങൾ താൻ വീട്ടിലേക്ക് വാങ്ങും.
മോനും സജി ചേട്ടനും താൻ വസ്ത്രങ്ങൾ
വാങ്ങിയാൽ,അന്ന് തന്നെ കണ്ണു പൊട്ടുന്ന ചീത്ത പറയും. നിനക്ക് ഭയങ്കര ധാരാളിത്തമാണെന്ന് പറയും.
സജി ചേട്ടന് ദൂരസ്ഥലങ്ങളിലേക്ക് വല്ലതും ഓട്ടം കിട്ടിയാൽ,അന്ന്താൻ മോനെയും കൂട്ടി പുറത്തുപോയി അവനിഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കും.
സജി ചേട്ടൻ ഓട്ടം കഴിഞ്ഞ് തിരിച്ചെത്തും മുമ്പ് തങ്ങൾ തിരികെ വീട്ടിലെത്തുകയും ചെയ്യും.
എന്തായാലും ഇനി അവനെ വേറെ ക്ലാസുകൾക്ക് ഒന്നും വിടണ്ടന്ന് സജി ചേട്ടനോട് പറയണം.
എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കണം.
ഈ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ ഒന്നുമല്ല അവൻ.
ആരോടും ഒരു വഴക്കിനും പോകില്ലാത്ത നല്ല ക്ഷമയുള്ള മോനാണ് അവൻ.
വേദനിപ്പിക്കുന്ന വാക്കുകൾ പോലും അവനാരോടും പറയില്ല.
അങ്ങനെയുള്ള ഒരു കൊച്ചിനെ ഇനി എന്തിനാണ് സ്വഭാവം നന്നാക്കാൻ ആണെന്നും പറഞ്ഞോരോ ക്ലാസുകൾക്ക് വിടുന്നത്??
സജി ചേട്ടൻ സമ്മതിച്ചാൽ അടുത്തദിവസം അവനെയും കൊണ്ട് തന്റെ വീട്ടിൽ ഒന്ന് പോകണം.
രണ്ടുമൂന്നുദിവസം ആ കൊച്ച് സ്വാതന്ത്ര്യം എന്താണെന്ന് ഒന്നറിയട്ടെ.
അവിടെ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ അയൽവക്കത്തുള്ള സമപ്രായക്കാരായ കുട്ടികളുടെയൊക്കെ കൂടെ അവൻ സന്തോഷമായി ഇരിക്കട്ടെ.
മൂന്നാല് ദിവസത്തേക്ക് ലീവ് എടുക്കാം.
താൻ അങ്ങനെ ലീവ് എടുക്കുന്ന ഒരാൾ ഒന്നുമല്ല, അതുകൊണ്ട് ലീവ് ചോദിച്ചാൽ തരാൻ മുതലാളിക്ക് മടിയൊന്നും കാണില്ല.
ഒന്നുമല്ലെങ്കിലും പത്തു പന്ത്രണ്ടു വർഷമായി താൻ അവിടെ ജോലി ചെയ്യുന്നതല്ലേ…..
രാത്രിയിൽ ഓട്ടം കഴിഞ്ഞ് സജി തിരിച്ചെത്തി.
സിന്ധു… കുടിക്കാൻ ഇത്തിരി വെള്ളം എടുത്തേ…
ദാ… സജി ചേട്ടാ വെള്ളം.
സിന്ധു ഒരു ക്ലാസിൽ ചൂട് വെള്ളം കൊണ്ടുവന്നു കൊടുത്തു.
ഇതെന്താ നീ വെള്ളത്തിൽ ഇട്ടത്??
ജീരകം.
എന്റെ പൊന്നു സിന്ധു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. നമ്മുടെ പറമ്പിൽ എന്തുമാത്രം മഞ്ഞളാ നിൽക്കുന്നത്
ഒരു കഷണം മഞ്ഞൾ പറിച്ചു വെള്ളത്തിലിട്ട് തിളപ്പിച്ചാൽ നല്ലതല്ലേ. പച്ചമഞ്ഞൾ ശരീരത്തിലെ വിഷാംശമൊക്കെ നീക്കം ചെയ്യും.
അല്ലെങ്കിൽ രണ്ടുപേരയിലയോ,
രണ്ട് തുളസിയിലയോ,
അതുമല്ലെങ്കിൽ ഒരു ഇഞ്ചി കഷ്ണമോ എന്തെങ്കിലുമൊക്കെ ഇട്ട് ഇത്തിരി വെള്ളം തിളപ്പിച്ചു കൂടെ നിനക്ക്.
ഈ വെള്ളത്തിനിപ്പോൾ എന്താ കുഴപ്പം??
ഒരു കുഴപ്പവുമില്ല. നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
അയാൾ വെള്ളം കുടിച്ചു.
കൊച്ചെന്തിയെ…??
അവൻ മുറിയിലുണ്ട്.
ദാ അവനായി കൊണ്ടുവന്നതാ കൊടുത്തേക്ക്…
അയാൾ ഒരു പൊതി അവൾക്ക് നേരേ നീട്ടി…
മോനെ ആരോമലേ, ദാ അച്ഛൻ നിനക്കെന്തോ കൊണ്ടുവന്നിട്ടുണ്ട് ഇങ്ങോട്ട് വാ സിന്ധു ഉറക്കെ വിളിച്ചു.
എന്താ അച്ഛാ കൊണ്ടുവന്നത്??
അവൻ സന്തോഷത്തോടെ പൊതി കയ്യിൽ വാങ്ങി
നല്ല നെല്ലിക്കയാ..
നെല്ലിക്കയോ ?? അവൻ കണ്ണ് മിഴിച്ചു.
ആഹ്… ഒന്നാന്തരം നെല്ലിക്കയാ..
ഞാൻ പറിച്ചെടുത്തതാ…
എവിടുന്ന്?.സിന്ധു ചോദിച്ചു.
ഇന്ന് ഓട്ടം പോയ വീട്ടു മുറ്റത്തേക്ക് ചാഞ്ഞ് നിറയെ നെല്ലിക്ക.
ഞാൻ ചോദിച്ച് കുറച്ചങ്ങ് പറിച്ചെടുത്തു. ഇതാവുമ്പോൾ വീട്ടിൽ വളർത്തുന്നതല്ലേ വിഷമൊന്നും ഇല്ലല്ലോ..
എനിക്ക് നെല്ലിക്ക വേണ്ടമ്മ… ആരോമൽ
സിന്ധുവിന്റെ നേരേ പൊതി നീട്ടി.
എടി… അത് കുറച്ച് ജ്യൂസ് അടിച്ചു ചെറുക്കന് കൊടുക്ക്, തലയൊക്കെ തണുക്കും
ആരോമൽ മുറിയിലേക്ക് പോയി.
കണ്ടോ മുതിർന്നവരെ ബഹുമാനം പോലുമില്ലെന്നായി.
അവൻ മുറിയിലേക്ക് കയറി പോയത് കണ്ടോ?? ഇതാ ഞാൻ പറഞ്ഞത്
ഈ പ്രായത്തിൽ പിള്ളേർക്ക് എല്ലാത്തിനോടും ദേഷ്യമാ കണ്ടില്ലേ…
എന്റെ സജി ചേട്ടാ നിങ്ങൾക്കിത് എന്താ പറ്റിയത്? ഏത് നേരവും കൊച്ചിനെ ഓരോന്ന് പറയുന്നു…
സിന്ധൂ….നീ ഒറ്റയൊരാളാ ആ കൊച്ചിനെ ഇങ്ങനെ വഷളാക്കുന്നത്. അവൻ വളരുന്ന പ്രായമാ നമ്മൾ വേണമവനെ സൂക്ഷിക്കാൻ.
അതിന് അവനൊരു കുഴപ്പവുമില്ല.
നല്ല മിടുക്കൻ കൊച്ചാണ്.സ്കൂളിലെ ടീച്ചർമാർക്കൊക്കെ അവനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.
എടീ… പണ്ടത്തെ കാലമല്ല പിള്ളാർക്ക് അമിത സ്വാതന്ത്ര്യം കൊടുത്താൽ അവർ കൈവിട്ടുപോകും.
നിനക്ക് ഒന്നിനെക്കുറിച്ചും ഒരു വിവരവുമില്ല അതാ…
ഓരോ പിള്ളാര് കണ്ട ല. ഹ. രി
ഒക്കെ ഉപയോഗിച്ച് സ്വന്തം തന്തയേയും തള്ളയേയും വരെ ഉപ.ദ്ര.വിക്കും, അവരുടെ ഭാവി നശിക്കും.
നമ്മൾ കണ്ണിലെ കൃഷ്ണമണി പോലെ മക്കളെ വളർത്തണം.സമൂഹത്തിൽ തല ഉയർത്തിപ്പിടിച്ച് നമുക്ക് ജീവിക്കണ്ടേ…??
ഓഹ്… ഈ സജിച്ചേട്ടനോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
സിന്ധു അടുക്കളയിലേക്ക് നടന്നു.
ഞാൻ കുളിച്ചിട്ട് വരാം നീ ആഹാരം എടുത്തു വയ്ക്കു
ആം…
ചെക്കൻ കുളിച്ചോടീ…??
ആഹ് അവൻ നേരത്തെ കുളിച്ചു.
എന്നാൽ ഞാൻ കുളിച്ചിട്ട് വരാം.
അയാൾ കുളിക്കാനായി പോയി
കുളിച്ചിട്ട് വന്നവർ ആഹാരം കഴിക്കാൻ ഇരുന്നു.
സിന്ധു അരി നന്നായി തിളപ്പിച്ച് ഊറ്റിയോ?? അരി പാതി വെന്തപ്പോൾ ഉപ്പിട്ട് നന്നായി തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് വേറെ വെള്ളം ഒഴിച്ച് തിളപ്പിച്ചല്ലേ ചോറ് വെച്ചത്.
അതേയെന്റെ സജിച്ചേട്ടാ…
ആ അങ്ങനെ വേണം ചോറ് വെക്കാൻ. എങ്കിലേ വിഷാംശം പോകൂ…
ഇപ്പോൾ എന്തിലും ഏതിലും മായമാണ്.
സിന്ധു ഒന്നും മിണ്ടിയില്ല..
ഒരു കണക്കിന് നോക്കിയാൽ സജി ചേട്ടൻ പറയുന്നതൊക്കെ ശരിയാണ്, ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പറയുന്നതൊക്കെ.
എന്നാലുംഇങ്ങനെ എപ്പോഴുമെപ്പോഴും ചോദിച്ചുറപ്പുവരുത്തേണ്ട കാര്യമൊന്നുമില്ലല്ലോ.
എന്ത് ചെയ്താലും കുറ്റം,
ചെയ്തില്ലെങ്കിലും കുറ്റം. ചുരുക്കി പറഞ്ഞാൽ സജിച്ചേട്ടൻ വായ തുറക്കുന്നത് തന്നെ കുറ്റം പറയാൻ വേണ്ടിയാണ്.
ഭക്ഷണശേഷം ആരോമൽ മുറിയിലേക്ക് പോയി..
ഇവിടെ നിന്നും രക്ഷപ്പെടണം…
അടുത്ത ദിവസം അമ്മയും താനും അമ്മ വീട്ടിലേക്ക് പോവുകയാണ്.
അവിടെ ചെന്നാൽ അവരുടെയൊക്കെ കണ്ണുവെട്ടിച്ച് എങ്ങോട്ടെങ്കിലും പോകണം.
അച്ഛനോടൊപ്പം ഇനിയും ജീവിക്കാൻ തന്നെ കൊണ്ട് കഴിയില്ല.
അവൻ മനസ്സിൽ ഉറപ്പിച്ചു.
എടീ സിന്ധു….
മറ്റന്നാൾ കൊച്ചിന് ഒരു ക്ലാസ്സുണ്ട് അവൻ പോകില്ലെന്നാണ് ആദ്യം പറഞ്ഞത്, പിന്നെയും ഞാൻ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെയവൻ സമ്മതിച്ചു. എങ്കിലും നീ കൂടി പറയണം കൊച്ചിനോട് പോകണമെന്ന്…
എന്റെ സജി ചേട്ടാ…നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, ആ കൊച്ചിന്റെ സ്കൂൾ അടച്ചിരിക്കുന്ന സമയമല്ലേ അത് സന്തോഷമായി എന്തെങ്കിലും കളിച്ചിവിടെ ഇരിക്കട്ടെ.
നടക്കില്ല സിന്ധു.നടക്കില്ല. എന്റെ മകൻ വഴിതെറ്റിപ്പോകാൻ ഞാൻ സമ്മതിക്കില്ല.
ഇത്തരം ക്ലാസുകൾ വയ്ക്കുന്നതെന്തിനാ, കുഞ്ഞുങ്ങൾക്കു വേണ്ടിയല്ലേ, അപ്പോൾ നമ്മൾ നമ്മുടെ കുട്ടികളെ വിടണം അല്ലാതെ മടി കാണിക്കുകയല്ല വേണ്ടത്.
സജി ചേട്ടൻ പറഞ്ഞതുപോലെ രണ്ടാഴ്ച മുമ്പ് അവൻ ഏതോ ക്ലാസ്സൊക്കെ പോയി അറ്റൻഡ് ചെയ്തതല്ലേ , ഇനി എന്തായാലും വിടണ്ട സജിചേട്ടാ. ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക്
സിന്ധു…നീ ഒരാളാണ് കേട്ടോ കൊച്ചിനെ വഷളാക്കാൻ നോക്കുന്നത്.
സജിചേട്ടാ ഞാൻ നാളെ ഒന്ന് വീട്ടിൽ പോയാലോ എന്ന് ആലോചിക്കുകയാണ്
കൊച്ചിനേം കൂടെ കൊണ്ടുപോകാമെന്നാണ് വിചാരിക്കുന്നത്.
അതെന്തിനാ ഇപ്പോൾ കൊച്ചിനെയും കൊണ്ട് നീ വീട്ടിലേക്ക് പോകുന്നത്?? രണ്ടുമാസം മുമ്പ് നീയൊന്ന് പോയതല്ലേ??
ആഹാ… അതുകൊള്ളാമല്ലോ.
എനിക്കെന്റെ അച്ഛനെയും അമ്മയെയും കാണണ്ടേ?? ഞാനെന്തായാലും പോകും.
ആഹ്….നീ വായ തുറന്നാൽ
എതിര് മാത്രേ പറയുള്ളൂ…
പിന്നെ എങ്ങനെയാ ചെറുക്കനും എതിര് പറയാതിരിക്കുന്നത്.
നിന്നെ കണ്ടല്ലേ അവൻ വളരുന്നത്.
സജിചേട്ടനോട് സംസാരിച്ചു നേരം കളയാൻ എനിക്ക് വയ്യ,ഞാൻ ഉറങ്ങാൻ പോകുവാ…അവൾ കട്ടിലിൽ കിടന്നു.
എടി….ഞാൻ പറയുന്നത് നീയൊന്നും മനസ്സിലാക്ക്.
ഒന്നും പറയണ്ട. ഞാനെന്തായാലും നാളെയൊന്ന് വീട്ടിൽ പോകട്ടെ, ഇനിയിപ്പോ സ്കൂൾ ഉടനെ തുറക്കില്ലേ സജി ചേട്ടാ. പിന്നെ പോകാൻ പറ്റില്ലല്ലോ, ഒന്ന് മനസ്സിലാക്ക്… പ്ലീസ്…
ഉം.. എന്നാൽ പോയിട്ട് ഒരു ദിവസം നിന്നിട്ട് പെട്ടെനിങ്ങുവരണം കേട്ടോ.
സജി പറഞ്ഞു.
ഒരു ദിവസമോ.?
ഞാനെന്തായാലും മൂന്നു ദിവസമവിടെ നിൽക്കും, നാലാമത്തെ ദിവസമിങ്ങു മടങ്ങി പോന്നേക്കാം.
അപ്പോൾ പിന്നെ എന്റെ കാര്യങ്ങളൊക്കെയാര് ചെയ്തു തരും സിന്ധൂ…??
മൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.. പുറത്തൂന്ന് ഭക്ഷണം കഴിക്ക്.
ഡ്രസ്സ് ഒക്കെ കലക്കി തേച്ച് മടക്കി വെച്ചിട്ടുണ്ട്, ആഹാരകാര്യത്തിൽ മാത്രമല്ലേ പ്രശ്നമുള്ളൂ…
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാൽ എനിക്ക് വയറെരിയും സിന്ധു…
എന്നാൽ സജി ചേട്ടൻ രാവിലെ എഴുന്നേറ്റ് ഇത്തിരി ചോറ് വയ്ക്ക്. കുക്കറിലേക്ക് ഒരു നാഴിയരിയിട്ടാൽ പോരെ, മൂന്നാല് വിസിൽ അടിപ്പിച്ചാൽ തന്നെ പെട്ടെന്നരി വെന്ത് കിട്ടും.
അച്ചാർ ഇരിപ്പുണ്ടല്ലോ.അതും കൂട്ടി കഴിക്കണം.
അച്ചാർ മാത്രം കൂട്ടി എങ്ങനെയാടീ ചോറ് കഴിക്കുന്നത്??
കറിയെന്തെങ്കിലും ഉണ്ടാക്കി വച്ചിട്ടു പോകാമെന്ന് വെച്ചാൽ, വളിച്ചു പോകും.
എത്ര കാലങ്ങളായി ഒരു ഫ്രിഡ്ജ് വാങ്ങാമെന്ന് ഞാൻ പറയുന്നു.
സജി ചേട്ടൻ സമ്മതിക്കാഞ്ഞിട്ടല്ലേ.
ഒരു ഫ്രിഡ്ജ് ഉണ്ടെങ്കിൽ ചോറും കറിയും ഒക്കെ ഉണ്ടാക്കി വെച്ചിട്ട് പോകാമായിരുന്നു.
സജി ചേട്ടന് ആവശ്യമുള്ളപ്പോൾ അത് എടുത്ത് ചൂടാക്കി കഴിച്ചാൽ മതിയാരുന്നല്ലോ.
എന്റെ സിന്ധു… ഈ ഭക്ഷണമെല്ലാം ഫ്രിഡ്ജിനകത്ത് വെച്ച്, പിന്നെയും എടുത്ത് ചൂടാക്കി കഴിച്ചാൽ ശരീരത്തിന് ദോഷമാ.
അതെങ്ങനെയാ നിന്നോടൊന്നും ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലല്ലോ.
അയാൾ ലൈറ്റ് അണച്ചു കിടന്നു.
പിറ്റേന്ന് സിന്ധുവും ആരോമലും കൂടി അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ഒന്നര മണിക്കൂർ ബസ് യാത്രയുണ്ട്
സിന്ധുവിന്റെ വീട്ടിലേക്ക്.
ഒറ്റ ബസ് ഉള്ളതുകൊണ്ട് യാത്രയും അത്ര ബുദ്ധിമുട്ടില്ല.
അവർ ബസ്സിറങ്ങി സിന്ധുവിന്റെ നാട്ടിലെത്തി
മോനെ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ??
അതെന്താ അമ്മേ, അമ്മയുടെ വീട്ടിലേക്കല്ലേ നമ്മൾ ചെല്ലുന്നത്, പിന്നെയെന്തിനാ സിറ്റിയിൽ നിന്നും കഴിക്കുന്നത്.??
ഇടയ്ക്ക് ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേടാ…
സിന്ധു അവന്റെ തലമുടിയിഴകൾ ഒതുക്കി വെച്ചു.
മോന് ബിരിയാണി വാങ്ങി തരട്ടെ??
വേണ്ടമ്മ…
അതെന്താ..??
എന്തോ എനിക്ക് കഴിക്കാൻ തോന്നുന്നില്ല.
എന്നാൽ വാ നമുക്ക് ഓരോ ഷേക്ക് കുടിച്ചിട്ട് പോയാലോ.
ഉം….
എന്നാൽ വാ…
ഉം….
സിന്ധു രണ്ട് ഷാർജ ഷേയ്ക്ക് ഓർഡർ ചെയ്തു.
അമ്മേ എനിക്ക് ചോക്ലേറ്റ് ഷേക്ക് മതി
ശരി എന്നാൽ അങ്ങനെ എടുത്തോളൂ കേട്ടോ…അവൾ പറഞ്ഞു.
ഷേക്ക് കഴിച്ചു കൊണ്ടിരിക്കുമ്പോഴും ആരോമലിന്റെ മുഖത്ത് ഒട്ടും പ്രസന്നതയില്ലെന്ന് സിന്ധുവിന് തോന്നി.
മോന് എന്താ പറ്റിയത് ?? മുഖമാകെ വാടി ഇരിക്കുകയാണല്ലോ??
ഒന്നുമില്ലമ്മേ…
വിഷമിക്കേണ്ട കേട്ടോ .
നമ്മളെന്തായാലും വീട്ടിൽ പോയി രണ്ടുമൂന്നുദിവസം അടിച്ചുപൊളിച്ചിട്ടേ തിരിച്ചു വരുന്നുള്ളൂ…അതുപോരെ??
ഉം…
അവൻ അധികമൊന്നും സംസാരിക്കുന്നില്ല.
അല്ലെങ്കിൽ തന്നോട് എപ്പോഴുമെന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ്.
ആഹ് വളർച്ചയുടെ സമയമല്ലേ
അതാകും.
വയസ്സ് പതിമൂന്ന് ആയി.
വഴിയരുകിലൂടെ കൈകോർത്തുപിടിച്ച് നടക്കുമ്പോൾ സിന്ധു പലതും പറഞ്ഞവനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
ഒട്ടും തിടുക്കമില്ലാതെ പതിയെയാണ് അവർ നടന്നത്.
ഒന്നും ചെയ്യാനില്ലാത്ത ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത രണ്ടുമൂന്നു ദിവസങ്ങൾ…
താനും തന്റെ മകനും ഈ ദിവസങ്ങൾ
ആഘോഷമാക്കും.
അവന്റെ സങ്കടങ്ങളൊക്കെ മാറ്റണം.
ഇനിയിപ്പോ സ്കൂൾ തുറക്കാറായല്ലോ, മോന് സ്കൂളിൽ പോകാൻ മടിയുണ്ടോ??
ഇല്ല…
വീട്ടിലിരിക്കുന്നതിലും ഭേദമാ അല്ലേ സ്കൂളിൽ പോകുന്നത്??
ഉം…
അതെ അമ്മ മോനോട് ഒരു കാര്യം പറയട്ടെ ?
എന്താ അമ്മേ
അച്ഛൻ പലകാര്യങ്ങളിലും വാശിയൊക്കെ പിടിക്കുന്നുണ്ടെങ്കിലും അച്ഛന് നമ്മളെ രണ്ടാളെയും ജീവനാണ്, പ്രത്യേകിച്ച് മോനെ അച്ഛന് ഒരുപാട് ഇഷ്ടമാണ്. മോൻ നല്ലവനായി വളരണമെന്നും ഉയർന്ന നിലയിൽ എത്തണമെന്നുമാണ് അച്ഛന്റെ ആഗ്രഹം.
അതുകൊണ്ടാ അച്ഛൻ ആവശ്യമില്ലാത്ത പിടിവാശികൾ കാണിക്കുന്നത്.
മോന് അച്ഛനോട് ദേഷ്യമൊന്നും തോന്നരുത് കേട്ടോ.അച്ഛന് വേറെ ആരുമില്ല നമ്മൾ മാത്രമേയുള്ളൂ…
ഉം….
അവർ സിന്ധുവിന്റെ വീട്ടിലെത്തി.
സിന്ധുവിന്റെ അച്ഛനും അമ്മയും സന്തോഷത്തോടെ ഓടിയിറങ്ങി വന്നു.
വരുന്ന കാര്യം നിങ്ങൾ അറിയിച്ചില്ലല്ലോ.
എന്റെ മോൻ ആകെ ക്ഷീണിച്ചു പോയല്ലോ. എന്തു പറ്റിയെടീ നീ കൊച്ചിന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ?
സിന്ധുവിന്റെ അമ്മ ആരോമലിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ശരിയാ കൊച്ചങ്ങ് മെലിഞ്ഞു പോയി.
സിന്ധുവിന്റെ അച്ഛനും പറഞ്ഞു
വെറുതെ തോന്നുന്നതാന്നേ. അവന് കുറച്ച് പൊക്കം വെച്ചില്ലേ അതാ മെലിഞ്ഞെന്ന് തോന്നുന്നത്.സിന്ധു പറഞ്ഞു
ശരിയാ കേട്ടോടീ…
ഇവന് ഇത്തിരി പൊക്കം വച്ചു . ഇനിയിപ്പോ പെട്ടെന്ന് വലിയ ചേട്ടൻ ആവുമല്ലോ അച്ഛൻ ചിരിയോടെ പറഞ്ഞു.
അവൻ അകത്തേക്ക് കയറി പോയി.
കൂടെ അവരും….
പകൽ അവനെയും കൊണ്ട് അടുത്തുള്ള വീട്ടിലൊക്കെ സിന്ധു പോയി.
ഒരുവീടുപോലെ കഴിഞ്ഞിരുന്ന അയൽവക്കാരുടെ അടുത്തൊക്കെ സിന്ധു വീട്ടിൽവരുമ്പോഴെല്ലാം പോകാറുണ്ട്.
അവിടുള്ള കുട്ടികളുടെ കൂടെ കുറച്ചുനേരം ആരോമൽ കളിക്കാൻ കൂടി, എങ്കിലും അവന് സന്തോഷമില്ലെന്ന് സിന്ധുവിന് തോന്നി.
രാത്രി അത്താഴമൊക്കെ കഴിഞ്ഞ് ആരോമൽ കിടക്കാനായി പോയി.
വീട്ടിൽ നിന്നും പോരുമ്പോൾ ഇടാനുള്ള ഡ്രസ്സ് സ്കൂൾ ബാഗിലാണ് എടുത്തത്.
അവൻ അതു പതിയെ കൈയിൽ എടുത്തു.
ഹാളിൽ ഇരുന്ന് അമ്മയും
അമ്മമ്മയും അച്ചാച്ചനും കൂടെ സംസാരിക്കുകയാണ്.
അവൻ പതിയെ അടുക്കളവാതിൽ ലക്ഷ്യമാക്കി നടന്നു.
എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം. ആരുമറിയാത്ത എങ്ങോട്ടെങ്കിലും…ഓടിപ്പോകണം.
ഇവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് ചെല്ലുന്ന കാര്യമാലോചിക്കാൻ പോലും പറ്റില്ല. ഇനി എന്തൊക്കെ പറഞ്ഞാലും ശരി, തന്റെ അച്ഛന്റെ കൂടെ താൻ ജീവിക്കില്ല.
ഈ നാട്ടിൽ നിന്നും പോകണം.
ആരുമറിയാത്ത മറ്റേതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം…
അവൻ ശബ്ദം കേൾപ്പിക്കാതെ അടുക്കള വാതിൽ തുറന്നു.
പെട്ടന്നാണ് സിന്ധുവിന്റെ കരച്ചിൽ ആരോമൽ ശ്രദ്ധിച്ചത്.
പറ്റുന്നില്ലമ്മേ സജി ചേട്ടനെ അഡ്ജസ്റ്റ് ചെയ്യാൻ സാധാരണക്കാരെ കൊണ്ടൊന്നും കഴിയില്ല.
പുള്ളി പറയുന്നത് മാത്രമാണ് സത്യം മറ്റാരും പറയുന്നതൊന്നും അംഗീകരിക്കില്ല.
കുടുംബജീവിതമെന്നുപറഞ്ഞാൽ ഇങ്ങനെയാണോ ??
അച്ഛനും അമ്മയും പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്നതുപോലെ ആയിരിക്കും എല്ലാവരുടെയും കുടുംബജീവിതമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എനിക്ക് കിട്ടിയ പങ്കാളി ഇങ്ങനെയായി പോയി.
മോനെ ഓർത്തു മാത്രമാ ഞാനവിടെ നിൽക്കുന്നത്.
സജിചേട്ടൻ ഏതുനേരവും കൊച്ചിനോട് ഓരോന്നും പറഞ്ഞു കൊണ്ടിരിക്കും.
ഈ പ്രായത്തിൽ ഏത് നേരവും ഉപദേശിച്ചാൽ ആ കൊച്ചിന് ഇഷ്ടമാകുമോ.
സ്വാതന്ത്ര്യമില്ല, സന്തോഷമില്ല. ആകെയുള്ളത് കുറ്റപ്പെടുത്തൽ മാത്രമാണ്.
രുചിയുള്ള എന്തെങ്കിലും കഴിച്ചിട്ട് എത്രകാലമായെന്നറിയാമോ അച്ഛാ.
നല്ല കുറച്ച് അരി പോലും വാങ്ങി തരില്ല.
ഞാൻ മേടിക്കാൻ സജി ചേട്ടൻ സമ്മതിക്കുകയും ഇല്ല
എന്റെ മോനെ ഓർത്തു മാത്രമാണ് ഞാൻ ജീവിക്കുന്നത് അല്ലായിരുന്നെങ്കിൽ
ഈ ജീവിതം ഞാനെന്നേ അവസാനിപ്പിക്കുമായിരുന്നെന്നോ..
സിന്ധു വിങ്ങിപ്പൊട്ടി….
എത്ര തവണ ഞങ്ങൾ നിന്നോട് പറഞ്ഞതാ നിനക്ക് പറ്റില്ലെങ്കിൽ ഇങ്ങോട്ട് തിരിച്ചു പോരാൻ. അന്നൊന്നും നീയത് കേട്ടില്ല.അച്ഛൻ മകളെ കുറ്റപ്പെടുത്തി.
തുറന്ന വാതിൽ ആരോമൽ പതിയെ ചേർത്തടച്ചു.
വയ്യ…അമ്മയെ ഉപേക്ഷിച്ചിട്ട് പോകാൻ വയ്യ…പാവം അമ്മ. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൻ ബാഗുമായി തിരികെ മുറിയിലേക്ക് പോയി
ഇനിയെന്താണ് ചെയ്യേണ്ടത്??
അവൻ കട്ടിലിൽ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ സിന്ധു മുറിയിലേക്ക് വന്നു.
ആരോമലേ… ഉറങ്ങിയില്ലേ ഇതുവരെ??
ഇല്ല….
അവൾ അവന്റെ അരികിലിരുന്നവനെ മെയ്യോട് ചേർത്തുപിടിച്ചു.
മോന്റെ സ്കൂൾ തുറക്കാറായില്ലേ പുതിയ ബാഗും, ടിഫിൻ ബോക്സും, ഒക്കെ വാങ്ങിക്കണ്ടേ
വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി നമുക്ക് ടൗണിൽ നിന്നും മേടിച്ചു കൊണ്ടുപോകാം കേട്ടോ.
വേണ്ടമ്മേ പുതിയത് വാങ്ങിയാൽ അച്ഛൻ വഴക്ക് പറയും, എനിക്ക് ഈ ബാഗ് ഉണ്ടല്ലോ ഇത് മതി
ഇത് നാല് കൊല്ലം മുൻപ് വാങ്ങിയതല്ലേ
കണ്ടില്ലേ മൊത്തം മുഷിഞ്ഞ് വല്ലാതെനരച്ച് പോയില്ലേ,
നമുക്ക് പുതിയത് മേടിക്കാം.
വേണ്ടമ്മേ പഴയതാണെങ്കിലും സാരമില്ല.
പുതിയതും മേടിച്ചു കൊണ്ട് ചെന്നാൽ അച്ഛന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരും. അതിലും ഭേദം മേടിക്കാതിരിക്കുന്നത് തന്നെയാ….
അമ്മേ… ഞാനൊരു കാര്യം പറയട്ടെ??
എന്താ മോനെ??
നമുക്ക് ഇവിടെ നിന്നാലോ അമ്മേ??
എനിക്ക് വീട്ടിലേക്ക് പോകുന്നത് ഇഷ്ടമല്ല.
സിന്ധു അൽപനേരം ഒന്നും മിണ്ടിയില്ല..
സത്യം പറഞ്ഞാൽ സജി ചേട്ടന്റെ കൂടെ ജീവിക്കാൻ തനിക്ക് മാത്രമേ കഴിയൂ. വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ പണ്ടേ ഇട്ടിട്ട് പോയേനെ…
സജി ചേട്ടൻ വരയ്ക്കുന്ന വരയിലൂടെ വേണം താനും മകനും സഞ്ചരിക്കാൻ.
അയാൾക്ക് അനുസരിപ്പിക്കാൻ മാത്രമുള്ള രണ്ടു മനുഷ്യരാണ് തങ്ങൾ.
സജി ചേട്ടന് സ്നേഹമൊക്കെയുണ്ട് കാര്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉണ്ടെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്..
ആ ഒരു കാരണം കൊണ്ട് മാത്രമാണ് താനിപ്പോഴും അവിടെ പിടിച്ചു നിൽക്കുന്നത്
മോന് അച്ഛനെ ഇഷ്ടമല്ലേ??
സിന്ധു ചോദിച്ചു
ഇല്ല… അവൻ തലകുനിച്ചു.
നമുക്ക് പോകാതിരിക്കാൻ പറ്റുമോ അമ്മേ??
മോനെ നമ്മുടെ വീട് അതല്ലേ…പോകാതിരിക്കാൻ പറ്റില്ല.
ആരോമൽ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
മോൻ ഒന്നുകൊണ്ടും വിഷമിക്കണ്ട കേട്ടോ. മോന് അമ്മയില്ലേ.
അച്ഛനോട് അമ്മ പറഞ്ഞോളാം,
മോനെ ആവശ്യമില്ലാതെ വഴക്ക് പറയരുതെന്ന്.
ഇപ്പോൾ മോൻ കിടന്നുറങ്ങിക്കോ…
ആരോമൽ കിടന്നു.
സിന്ധു ഒരു നിമിഷം അവനെ സങ്കടത്തോടെ നോക്കി. പാവം കുട്ടി ….
അവന് വെറും മൂന്ന് വയസ്സുള്ളപ്പോൾ മുതൽ സജി ചേട്ടൻ നിരന്തരം ഉപദേശമാണ്. ആ പ്രായത്തിലുള്ള കുഞ്ഞിന് എന്ത് മനസ്സിലാകാനാണ്..??
ഇത്തിരിയില്ലാത്ത ഈ കുഞ്ഞിനെയാണോ ഉപദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ,
പണ്ടത്തെപ്പോലെയല്ല കുട്ടികൾക്കിപ്പോൾ ഭയങ്കര ബുദ്ധിയാണ് അവർക്ക് നമ്മൾ പറയുന്നതൊക്കെ പെട്ടെന്ന് മനസ്സിലാകുമെന്നാണ് സജി ചേട്ടൻ പറയുന്നത്.
കതിരിൽ വളം ചെയ്തിട്ട് കാര്യമില്ലത്രേ…
ചെറുപ്പം മുതൽ അവന് ചെറിയ ശിക്ഷകളും നൽകും.
നിസ്സാര കാര്യത്തിന് ഭയങ്കരമായി വഴക്കു പറയും. അങ്ങനെയൊക്കെ വളർന്നതുകൊണ്ടുതന്നെ അവന് ആത്മവിശ്വാസം നന്നേ കുറവാണ്..
എന്തിനും പേടിയാണ്.
വഴക്ക് പറയുമോ വഴക്ക് പറയുമോ എന്നുള്ള ഭയം അവനിലുണ്ട്.
അവൾ അവന്റെ അരികിൽ കിടന്നു.
സിന്ധു നിശബ്ദമായി കണ്ണുനീർ പൊഴിച്ചു.
തന്റെ പ്രായത്തിലുള്ള സ്ത്രീകളൊക്കെ എത്ര സന്തോഷത്തോടെയാണ് കഴിയുന്നത്.
തന്റെ ജീവിതം മാത്രം ഇങ്ങനെയായി പോയി
മൂന്നാമത്തെ ദിവസം സിന്ധു മകനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി
പോകും വഴി ആരോമലിന് സ്കൂൾ ബാഗും,ബോക്സും,പേനയും, ചെരുപ്പും ഒക്കെ വാങ്ങിച്ചിരുന്നു.
അവർ വരുന്നത് നോക്കി സജി വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
ഇന്നെന്താ ഓട്ടം പോയില്ലേ ??
സിന്ധു ചോദിച്ചു
ഓട്ടം കഴിഞ്ഞ് വന്നതേയുള്ളൂ.
ചോറ് കഴിക്കാൻ വേണ്ടി വന്നതാ.
സജി ചേട്ടൻ ചോർ ഉണ്ടാക്കിയോ??
പിന്നെ ചോറുണ്ടാക്കാതെ!
പുറത്ത് പോയി ചോറ് കഴിക്കണമെങ്കിൽ എത്ര രൂപയാകും?? കൂടാതെ വയറും കേടാകും അതുകൊണ്ട് രാവിലെ ഞാൻ ചോർ ഉണ്ടാക്കി.
ഇതെന്താ?? കൈയിലെ കവറുകളിലേക്ക് നോക്കിക്കൊണ്ട് സജി ചോദിച്ചു.
അവന് സ്കൂൾ തുറക്കാറായില്ലേ
ബാഗും ചെരുപ്പും ഒക്കെ വാങ്ങിച്ചത്
എന്റെ പൊന്നു സിന്ധു…
ഇങ്ങനെ ധാരാളം കാണിക്കല്ലേ എന്ന് ഞാനെത്ര തവണ പറഞ്ഞിട്ടുണ്ട്
ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങിക്കൂട്ടും.
അതുകൊണ്ട് ഒന്നും സൂക്ഷിക്കില്ല ഈ ചെറുക്കൻ.
ആരോമൽ തലകുനിച്ച് അകത്തേക്ക് കയറിപ്പോയി
എന്റെ പൊന്നു സജി ചേട്ടാ
ഒന്നുമിണ്ടാതിരിക്ക്
സജിചേട്ടന്റെ കാശുകൊണ്ടൊന്നുമല്ലല്ലോ മേടിച്ചത്.
ഞാൻ പണി ചെയ്തു സമ്പാദിച്ച കാശു കൊണ്ടല്ലേ വാങ്ങിച്ചത്..
ആരുടെ കാശുകൊണ്ടായാലും
ധാരാളിത്തമല്ലേ നീ കാണിച്ചത്
അതു കണ്ടല്ലേ ഈ കൊച്ചു വളരുന്നത്.
സജി ചേട്ടനെ കണ്ടു വളരുന്നതിനേക്കാൾ നല്ലത് എന്നെ കണ്ടുവരുന്നത് തന്നെയാണ്.
സിന്ധു ഒച്ച ഉയർത്തി
സിന്ധു മിണ്ടരുത്….ചെറുക്കൻ കേൾക്കും.
സിന്ധു ദേഷ്യത്തോടെ അകത്തേക്ക് കയറി
അന്ന് സജി ഓട്ടം പോയില്ല.
സിന്ധുവിനെക്കൊണ്ട് വീട്ടിലെ ഓരോരോ ജോലികൾ ചെയ്യിപ്പിച്ചു കൊണ്ടിരുന്നു
അയാളോട് എതിർത്ത് സംസാരിക്കുന്നത് അയാൾക്ക് തീരെ ഇഷ്ടമല്ല.
അതിനുപകരം അയാൾ പണിയെടുപ്പിച്ച് ബുദ്ധിമുട്ടിക്കും
മുറ്റമടിച്ചു കൊണ്ടിരുന്ന സിന്ധുമുറ്റത്തേക്ക് ചൂൽ
ഇട്ടിട്ട് അകത്തേക്ക് കയറി വന്നു വന്നു.
ഇതെന്താ സിന്ധു മുറ്റം മുഴുവൻ അടിച്ചില്ലല്ലോ?? സജി ചോദിച്ചു.
എനിക്ക് സൗകര്യമില്ല അടിക്കാൻ.
മുറ്റമടിച്ചില്ല എന്നുവച്ച് ആകാശമിടിഞ്ഞു വീഴുവൊന്നുമില്ലല്ലോ.
ഇനി അടിക്കണമെന്ന് നിർബന്ധമാണെങ്കിൽ സജി ചേട്ടൻ അങ്ങ് പോയി അടിക്ക്…
സജി അവളെ കണ്ണ് മിഴിച്ചൊന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങി. ചൂലെടുത്ത് മുറ്റമടിക്കാൻ ആരംഭിച്ചു..
ഓഹ്… ഈ മനുഷ്യൻ…. സിന്ധു തലക്ക് കൈകൊടുത്തു.
അല്ല ! ഇതെന്താ സജിയെ നീയാണോ ഇവിടുത്തെ മുറ്റമടിയൊക്കെ?? അയൽവക്കത്തെ വിജയൻ ചേട്ടൻ ചോദിച്ചു
വീട്ടിലെ പെണ്ണുങ്ങൾക്ക് പണിയെടുക്കാൻ മടിയാണെങ്കിൽ എന്ത് ചെയ്യും ചേട്ടാ, നമ്മൾ ചെയ്തല്ലേ പറ്റൂ..
സജി മുറ്റമടിക്കൽ തുടർന്നു.
അത് കേട്ടതും സിന്ധുവിന് വിറഞ്ഞു കയറി…
ക്ഷമിക്കുന്നതിന് ഒരതിരുണ്ട്…
ആരോമലെ നിന്റെ സാധനങ്ങളൊക്കെ എടുക്ക്. ഇനിയൊരു നിമിഷം നമ്മൾ ഇവിടെ നിൽക്കുന്നില്ല.
നീ പറഞ്ഞപോലെ ഇവിടെ നിന്നാൽ ഭ്രാന്ത് പിടിക്കും.
അവൾ ഒരു ബാഗിൽ അവളുടെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ മാത്രം എടുത്തുവച്ചു.
ആരോമലിന്റെ ബാഗിൽ അവനും കുറച്ച് സാധങ്ങൾ എടുത്തു വച്ചു.
സിന്ധു അവന്റെ കൈയ്യും പിടിച്ച് ഇറങ്ങി.
നിങ്ങളിത് എങ്ങോട്ടാ….??
സജി മുറ്റമടിച്ചു കൊണ്ടിരുന്ന ചൂൽ നിലത്തേക്കിട്ടിട്ട് അവരുടെ അടുത്തേക്ക് വന്നു.
ചോദിച്ചത് കേട്ടില്ലേ നിങ്ങൾ എങ്ങോട്ടാണെന്ന്??
സജി ഉറക്കെ ദേഷ്യത്തിൽ ചോദിച്ചു.
ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.
സിന്ധു പറഞ്ഞു.
അതിന് കുറച്ചു മുമ്പല്ലേനിങ്ങൾ വീട്ടിൽ പോയിട്ട് വന്നത്.??
ഇത് എന്നേക്കുമായുള്ള പോക്കാണ്. ഇനി ഇങ്ങോട്ട് മടങ്ങി വരവില്ല. എന്റെ മകനെയും ഞാൻ കൊണ്ടുപോകുന്നു
നീ വന്നപ്പോൾ വെറും കയ്യോടെയാണ് വന്നത്, മകൻ കൂടെയില്ലായിരുന്നു. പോകുമ്പോഴും അങ്ങനെ മതി.
സജി ആരോമലിന്റെ കൈയിൽ പിടിച്ചു.
ഞാൻ ജന്മം നൽകിയ മകനാണ്.
ഞാനിവനെ കൊണ്ടുപോകും.സിന്ധു പറഞ്ഞു.
ഇവന്റെ അച്ഛൻ ഞാനാണ്.
ആരോമലേ നീ അകത്തേക്ക് പോ..
സജി പറഞ്ഞു
ആരോമൽ അച്ഛന്റെ കൈ ശക്തമായി വിടുവിച്ചു..
എനിക്കിനി അച്ഛന്റെ കൂടെ നിൽക്കാൻ പറ്റില്ല. ഞാൻ അമ്മയോടൊപ്പം പോവുകയാണ്.
മകന്റെ വാക്കുകൾ കേട്ടതും സജി ആകെ തകർന്നു
ഇത്രനാൾ ജീവിച്ചത് മകനും ഭാര്യക്കും വേണ്ടി മാത്രമായിരുന്നു, എന്നിട്ടും അവർ പറയുന്നത് കേട്ടില്ലേ
സിന്ധു ആരോമലിന്റെ കയ്യും പിടിച്ച് വഴിയിലേക്കിറങ്ങി
ആദ്യം വന്ന ഓട്ടോ കൈ കാണിച്ച് നിർത്തി അതിൽ കയറിയിരിക്കുമ്പോൾ സിന്ധുവിന്റെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു
സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. ഇനി പറ്റില്ല.
തനിക്കിപ്പോൾ മറ്റെന്തിനേക്കാളും വലുത് തന്റെ മകനാണ്, അവന്റെ സന്തോഷമാണ്.
അവൻ നിറഞ്ഞു ചിരിക്കുന്നത് കണ്ടിട്ട് തന്നെ എത്രകാലമായി.
ഇനിയും അവിടെ നിന്നാൽ അത് തന്റെ മകന്റെ ഭാവിയെ ബാധിക്കും.
പോയതുപോലെ മകളും കൊച്ചു മകനും മടങ്ങി വരുന്നത് കണ്ട് സിന്ധുവിന്റെ അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങിവന്നു.
എന്താ… എന്ത് പറ്റി ?? അമ്മ സിന്ധുവിന്റെ കയ്യിൽ പിടിച്ചു
ഇനിയും പറ്റില്ലമ്മേ അവിടെ നിൽക്കാൻ. ഞാൻ മോനെയും കൊണ്ട് ഇങ്ങോട്ട് പോന്നു.
എന്തായാലും നിങ്ങൾ അകത്തേക്ക് വാ… അച്ഛൻ പറഞ്ഞു.
അവർ അകത്തേക്ക് കയറി.
എന്താ മോളെ ഇപ്പോഴത്തെ പ്രശ്നം?? അച്ഛൻ ചോദിച്ചു
എന്റെ അച്ഛാ… മോന്റെ സ്കൂൾ തുറക്കാൻ പോകുകയല്ലേ.
അവന് ബാഗും ചെരിപ്പും ഒക്കെ വാങ്ങിച്ചത് സജിച്ചേട്ടന് ഇഷ്ടമായില്ല. അതിന് കുറെ ഉപദേശങ്ങളും വഴക്കും.
ആ ദേഷ്യം മുഴുവൻ എന്നെക്കൊണ്ട് പണിയെടുപ്പിച്ചാണ് തീർക്കുന്നത്.
ദാമ്പത്യജീവിതത്തിൽ സമാധാനവും സന്തോഷവും ഇല്ലെങ്കിൽ പിന്നെ എന്തിനാണിങ്ങനെ സഹിച്ചു നിൽക്കുന്നതെന്ന് തോന്നിപ്പോവുകയാണ്.
ആഹ്…. കുറച്ചുദിവസം നമുക്ക് നോക്കാം. അവന്റെ സ്വഭാവത്തിന് കുറച്ചെങ്കിലും മാറ്റം വരുമോയെന്ന് .
സജിച്ചേട്ടന് ഒരുകാലത്തും മാറ്റമുണ്ടാകില്ല അതെനിക്കുറപ്പാണ്. സിന്ധു പറഞ്ഞു.
അങ്ങനെയെങ്കിൽ ഈ ബന്ധം അങ്ങ് ഉപേക്ഷിച്ചേക്കാം. ഇത്രയും സഹിച്ചും ക്ഷമിച്ചും നീയവിടെ നിന്നില്ലേ,ഇനി വേണ്ട. അച്ഛൻ പറഞ്ഞു.
അത് കേട്ടപ്പോൾ മാത്രം സിന്ധുവിന്റെ ഉള്ളൊന്നു പിടഞ്ഞു.
സജിച്ചേട്ടന്റെ സ്വഭാവം അങ്ങനെയൊക്കെയാണെങ്കിലും
തന്നെ ഇതുവരെയും ശാരീരികമായി ഉപദ്രവിക്കുകയൊന്നും ചെയ്തിട്ടില്ല.
സജി ചേട്ടന് താനും, മകനും മാത്രമേയുള്ളൂ.
തങ്ങൾ ഉപേക്ഷിച്ചാൽ പിന്നെ സജി ചേട്ടനാരുണ്ട്…??
പക്ഷേ,ആരോമലിന്റെ മുഖത്ത് വലിയ സന്തോഷമായിരുന്നു.
കൂട്ടിൽ നിന്നും രക്ഷപ്പെട്ട കിളിയുടെ സന്തോഷത്തോടെ അവൻ മുറ്റത്തൂടെയും തൊടിയിലൂടെയും പാറി നടന്നു.
നോക്കിക്കേ അവന്റെ ഒരു സന്തോഷം കണ്ടോ….അച്ഛൻ പറഞ്ഞു.
പാവം ആ കൊച്ചത്രയ്ക്കും അനുഭവിച്ചു.
അമ്മ അതു ശരി വച്ചു.
കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുക എന്ന് കേട്ടിട്ടേയുള്ളൂ അതാ നിന്റെ കെട്ടിയോൻ ചെയ്യുന്നത് അമ്മ സിന്ധുവിനോട് പറഞ്ഞു.
രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി സിന്ധു അവിടെ നിന്നും ജോലിക്ക് പോയി.
ആരോമൽ മുറ്റത്തും അയൽവക്കത്തെ വീട്ടിലും ഒക്കെയായി കളിച്ചു നടന്നു.
💚💚💚💚💚
സജി വല്ലാത്ത ദുഃഖത്തിലായിരുന്നു.
ആരോമലും സിന്ധുവും ഇല്ലാത്ത വീട്ടിലെ മൂകത അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു.
പറ്റില്ല. അവരില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല.
സജിക്ക് അധികം സുഹൃത്തുക്കൾ ഒന്നുമില്ല.
ഉള്ളത് വിരലിലെണ്ണാവുന്ന രണ്ടോ മൂന്നോ പേരാണ്.
കുറച്ച് ദിവസങ്ങളായി സജിയുടെ മുഖത്തെ മ്ലാനത കണ്ടവർ കാര്യം അന്വേഷിച്ചു
ഭാര്യയും മകനും വീട്ടിലേക്ക് പോയി. എന്നോട് പിണങ്ങിപ്പോയതാണ്.
അവർക്ക് ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല. കുടുംബത്തിന്റെ വിലയറിയാതെ പോയതല്ലേ പോകട്ടെ…സജി പറഞ്ഞു
ആഹ്.. അവർ പോയോ?? ഇപ്പോഴെങ്കിലും ആ പെണ്ണിനും കൊച്ചിനും ബോധം വന്നല്ലോ.
വേറെ വല്ലവരുമായിരുന്നെങ്കിൽ പണ്ടേ നിന്നെ ഇട്ടിട്ട് പോയേനെ…
എടാ…. നിന്റേത് ഒരുതരം പ്രത്യേക സ്വഭാവമാ.നീ പറയുന്നത് മാത്രമാണ് ശരി എന്നുള്ള ഒരു ചിന്ത നിനക്കുണ്ട്.
മറ്റുള്ളവർക്ക് തെല്ലും വില കൊടുക്കുന്ന ഒരാളല്ല നീ.
ഇന്നത്തെ കാലത്ത് നിന്നെപ്പോലെ ലോക പിശുക്കനായ മനുഷ്യൻ വേറെയുണ്ടോ എന്ന് തന്നെയറിയില്ല.
ഒരുവൻ പറഞ്ഞു.
ശരിയാ, ഇവന്റെ ഉപദേശം കാരണം നമ്മുടെ ഓട്ടോ സ്റ്റാൻഡിൽ വേറെ ആരും ഇവനോട് മിണ്ടാൻ പോലും വരാറില്ല.മറ്റൊരു കൂട്ടുകാരൻ പറഞ്ഞു.
എടാ പറയുന്നതുകൊണ്ടൊന്നും തോന്നരുത്. നീ ഒരു കൗൺസിലിംഗിന് പോ.
നിന്റെ മനസ്സിൽ ആവശ്യമില്ലാത്ത കുറേയെന്തൊക്കെയോ കിടപ്പുണ്ട്.
ഒരു കാര്യം മാത്രം ഞങ്ങൾ പറയാം കുടുംബം എന്നത് നഷ്ടപ്പെട്ടുപോയാൽ പിന്നെ തിരികെ കിട്ടുന്ന ഒന്നല്ല.
സിന്ധു ആയതുകൊണ്ട് മാത്രമാണ് നിന്നെ ഇത്രയും നാൾ സഹിച്ചത്…
നിന്നെ ഈ നാട്ടിലുള്ളവർ വിളിക്കുന്ന പേര് തന്നെ ഉപദേശിയെന്നാ.
നീ അതൊക്കെ കേൾക്കുന്നുണ്ടോ.??
സജി ഒന്നും മിണ്ടിയില്ല.
എടാ…നീ ഇത്രയും കാശൊക്കെ സമ്പാദിക്കുന്നതല്ലേ, എന്നിട്ട് നിനക്ക് ആകെ രണ്ട് ഷർട്ടല്ലേ ഉള്ളൂ…
കഴിഞ്ഞ നാലഞ്ചു വർഷമായി നീ ഇതേ രണ്ട് ഷർട്ട് മാത്രമാണ് ഉപയോഗിക്കുന്നത്.
ഇങ്ങനെയൊക്കെ പിശുക്കുന്നതെന്തിനാണ്??
തിന്നാതെയും കുടിക്കാതെയും ആർക്കുവേണ്ടിയാ നീ ഉണ്ടാകുന്നത്??
എന്റെ മകന് വേണ്ടി എന്തെങ്കിലുമെനിക്ക് സമ്പാദിച്ചു വെക്കണ്ടേ?? സജി ചോദിച്ചു
എന്നിട്ട് ആ മകൻ എവിടെ??
സജിക്ക് മറുപടി ഉണ്ടായില്ല.
💜💜💜💜💜💜
സിന്ധുവും ആരോമലും ഇല്ലാത്ത ആ വീട്ടിൽ അയാൾക്ക് വല്ലാതെ ശ്വാസംമുട്ടി.
എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നത്…
ഒടുവിൽ കൂട്ടുകാരന്റെ നിർബന്ധത്തിൽ അയാൾ കൗൺസിലിങ്ങിന് പോയി.
കൗൺസിലർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അയാൾ മനസ്സ് തുറന്ന് തന്നെ മറുപടി പറഞ്ഞു.
എല്ലാം കേട്ട ശേഷം കൗൺസിലർ പറഞ്ഞത് താങ്കൾ തീർച്ചയായും ഒരു സൈക്കോളജിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നാണ്.
അത് കേട്ടതോടെ അയാൾക്ക് വല്ലാത്ത ഭയമായി.
നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നുമില്ല.
ഇത് ചികിത്സിച്ചു മാറ്റാവുന്ന മെന്റൽ ഹെൽത്ത് കണ്ടീഷനാണ്….
അയാൾക്ക് സൈക്കോളജിസ്റ്റിന്റെയടുത്ത് പോകാൻ മടിയായിരുന്നു. എങ്കിലും അയാൾ
സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി.
കുറച്ച് ആഴ്ചകൾ കൊണ്ടുതന്നെ അയാളിൽ മാറ്റം വന്നു തുടങ്ങി
അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ലൈറ്റ് ഓഫ് ചെയ്യ്… കറന്റ് ബിൽ കൂടും.”
“ഇത്ര പണം ചെലവാക്കി ഇത് വാങ്ങേണ്ട കാര്യമുണ്ടോ?”
“കുട്ടിയെ ഇങ്ങനെ ലാളിച്ചാൽ നശിക്കും…”
അങ്ങനെ ഓരോ ദിവസവും ഉപദേശങ്ങളും വഴക്കുകളും കൊണ്ട് താനവരെ എപ്പോഴും കുറ്റപ്പെടുത്തിയത് അയാളുടെ ഓർമ്മയിൽ തെളിയും.
എല്ലാം തന്റെ കുഴപ്പമായിരുന്നു.
തനിക്ക് ജീവിതം തിരിച്ചുപിടിക്കണം.
തന്റെ അവസ്ഥ പൂർണ്ണമായും മാറുമെന്നൊന്നും പറഞ്ഞിട്ടില്ല. ചിലപ്പോൾ സ്ട്രെസ്സ് കൂടുമ്പോഴൊക്കെ വീണ്ടുമാ സ്വഭാവം തിരികെ വന്നേക്കാമെന്നാണ് പറഞ്ഞത്.
എങ്കിലും ക്ഷമയോടെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ, തന്റെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് അയാൾക്ക് തോന്നുന്നുണ്ടായിരുന്നു.
ഇല്ലെങ്കിൽ ആരോരുമില്ലാത്ത ഒരനാഥനായിട്ട് ജീവിതം ജീവിച്ചു തീർക്കേണ്ടി വരും.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ സിന്ധുവിന്റെ വീട്ടിലെത്തി.
സിന്ധു ജോലി കഴിഞ്ഞു തിരിച്ചെത്തിയിരുന്നില്ല.
ആരോമൽ സിന്ധുവിനോടൊപ്പമാണ് വരുന്നത്.
അവർ വന്നപ്പോൾ സജി പൂമുഖത്ത് ഇരിക്കുകയായിരുന്നു.
അയാളുടെ ആകെ ക്ഷീണിച്ച രൂപം കണ്ടപ്പോൾ സിന്ധുവിന് അലിവ് തോന്നി.
മോനെ.. അയാൾ ആരോമലിനെ കെട്ടിപ്പിടിച്ചു.
നിനക്ക് അച്ഛനോട് വെറുപ്പാണോ??
അച്ഛന്റെ ആ ചോദ്യത്തിലെ സങ്കടം അവന് സഹിക്കാൻ കഴിഞ്ഞില്ല.
അവൻ അച്ഛനെ കെട്ടിപ്പിടിച്ചു.
സിന്ധൂ… നീ എന്നോട് ക്ഷമിക്കെടീ… ഞാൻ ഇങ്ങനെയൊക്കെയായിപ്പോയി.
പക്ഷെ നിങ്ങളെ ഞാൻ സ്നേഹിച്ചില്ലെന്ന് മാത്രം എന്നോട് പറഞ്ഞേക്കരുത്, എനിക്ക് നിങ്ങളല്ലാതെ മറ്റാരാ ഉള്ളത്…
ഇനി പഴയതൊന്നും ഞാൻ ആവർത്തിക്കില്ല
ഇനി അഥവാ അങ്ങനെയൊക്കെ ഉണ്ടായാൽ നീ തന്നെ എന്നെ സൈക്കോളജിസ്റ്റിന്റെയടുത്തു കൊണ്ടു പോയാൽ മതി.ഇപ്പോൾ നിങ്ങൾ എന്റെ കൂടെ വാ…
ഞങ്ങൾ വരാം അച്ഛാ… ആരോമൽ പറഞ്ഞു.
നമുക്ക് പോകാം അമ്മേ അച്ഛൻ പാവമല്ലേ…?? അവൻ സിന്ധുവിനോട് ചോദിച്ചു.
മ്മ് പോകാം… സിന്ധു തലയാട്ടി…
പൊയ്ക്കോ മോളെ… തെറ്റ് തിരുത്താൻ ഒരവസരം കൊടുക്കണം…സിന്ധുവിന്റെ അച്ഛനും അമ്മയും പറഞ്ഞു.
സജിക്കൊപ്പം ഓട്ടോയിൽ കയറി ഇരിക്കുമ്പോൾ സിന്ധു ആരോമലിന്റെ മുഖത്തേക്ക് നോക്കി.
അവന്റെ മുഖത്ത് ടെൻഷനൊന്നുമില്ല.
അവന്റെ അച്ഛനെ അവൻ വെറുത്തിട്ടൊന്നുമില്ല…വെറുത്തിരുന്നെങ്കിൽ അച്ഛൻ വന്ന് വിളിക്കുമ്പോൾ അവൻ പോരാൻ തയ്യാറാവില്ലായിരുന്നു.
മോനേ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ?? മോനെന്താ വേണ്ടത്?? സജി ചോദിച്ചു.
അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി ചിരിച്ചു.
ഒന്നും വേണ്ടച്ചാ… എല്ലാം മായമാ നമുക്ക് വീട്ടിൽ പോയി കഞ്ഞി കുടിക്കാം..
മകന്റെ കളിയാക്കൽ കേട്ട് സജി പൊട്ടിച്ചിരിച്ചു.
ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ അയാളിപ്പോൾ ശ്രമിക്കുന്നുണ്ട്.
തന്റെ പിടുത്തം വിട്ട് പോകുന്നെന്ന് തോന്നുന്ന നേരം അയാൾ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുന്നുമുണ്ട്.
അതുകൊണ്ട് അയാളെ കൂടുതൽ പരിഗണിക്കാനും ബഹുമാനിക്കാനും സിന്ധുവും ആരോമലും ശ്രമിക്കുന്നുമുണ്ട്…..
അല്ലെങ്കിലും അടിച്ചമർത്താൻ ശ്രമിക്കും തോറുമല്ലേ അകൽച്ച കൂടുന്നത്…
ശുഭം.
✍️അഞ്ജു തങ്കച്ചന്
