“എടാ…ഒരു ചെറിയ പെണ്ണ് കേസാണ്.. പക്ഷെ പേടിക്കാനൊന്നുമില്ല.. പതിനാല് ദിവസം റിമാൻഡ് കിട്ടും അത് കഴിയുമ്പോ നിന്നെ വെളീൽ ഇറക്കിക്കോളാം ”
എസ് ഐ അനിരുദ്ധൻ കാര്യങ്ങൾ വിവരിക്കുമ്പോൾ ഒരു നിമിഷം ചിന്താകുലനായി നകുലൻ .
” എന്റെ സാറേ.. പെണ്ണ് കേസിത് ആദ്യമാണ്.. എനിക്കിതിന്റെ ലൂലാമാലകൾ ഒന്നും അറിയില്ല.. അകത്ത് ആയിപ്പോവോന്നും അറിയില്ല.. അഞ്ചു ലക്ഷം രൂപ വേണം കാശ് കയ്യിൽ കിട്ടിയാൽ കേസ് ഞാൻ ഏറ്റോളാം ”
അറുത്തു മുറിച്ചു പറഞ്ഞു കൊണ്ട് അനിരുദ്ധിനെ ഒന്ന് പാളി നോക്കി അവൻ. ആദ്യമായാണ് ഇത്രയും വലിയൊരു തുക ആവശ്യപ്പെടുന്നത്. എന്നാൽ കാര്യത്തിന്റെ ഗൗരവം അറിയാവുന്ന അനിരുദ്ധന് അതൊരു പ്രശ്നമായിരുന്നില്ല..
” ഓ തരാം.. അഞ്ചു തന്നെ തരാം.. അവര് കാശുകാരാണ്…. ചെറുക്കൻ ചോരത്തിളപ്പിൽ ഒരു പെണ്ണിനെ കേറി പിടിച്ചു. അതൊന്ന് തലേന്ന് ഒഴിക്കണം അതിനാ നിന്റെ സഹായം വേണ്ടത് ഓക്കേ ആണേൽ നീ വാ ഇപ്പോ തന്നെ സ്റ്റേഷനിൽ സറണ്ടർ ആക്.. ”
” സാറേ ഞാൻ വരാം.. പക്ഷെ കോടതിയിൽ പോണേനു മുന്നേ കാശ് എന്റെ പെമ്പ്രന്നോത്തിയെ എൽപ്പിക്കണം അല്ലേൽ നകുലൻ വാക്ക് മാറും അറിയാലോ സാറിന് എന്നെ.. ”
ആ മറുപടി നല്ലതുപോലെ ചൊടിപ്പിച്ചെങ്കിലും തത്കാലം ശാന്തനായി അനിരുദ്ധൻ.
” ഓ അതൊക്കെ വേണ്ടത് പോലെ ചെയ്യാം നീ നേരെ സ്റ്റേഷനിലേക്ക് വാ.. ”
മറുപടി പറഞ്ഞു കൊണ്ട് ജീപ്പിലേക്ക് കയറി അനിരുദ്ധൻ. സ്റ്റേഷനിലേക്കുള്ള യാത്രയിൽ അവന്റെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ കണ്ട നമ്പർ അയാളുടെ മിഴികൾ വിടർത്തി.
” ആ ഇച്ചായാ… ആള് റെഡിയാണ്.. സംഗതി അവൻ ഏറ്റോളും… പക്ഷെ ചെമ്പ് ഇച്ചിരി ചിലവാകും.. എട്ടു ലക്ഷം ആണവൻ ചോദിക്കുന്നത് അതും കോടതിയിൽ ഹാജരാകുന്നതിന് മുന്നേ തുക കയ്യിൽ കിട്ടണമെന്ന്.”
ക്ഷണനേരം കൊണ്ട് അഞ്ചു എട്ടായപ്പോൾ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ അതിശയത്തിൽ ഒന്ന് നോക്കി. മറു തലയ്ക്കൽ എല്ലാം സമ്മതമെന്ന് കോൾ കട്ട് ആക്കിയ ശേഷം അനിരുദ്ധന്റെ മുഖത്തെ സന്തോഷത്തിൽ നിന്നും മനസിലാക്കി അവൻ.
” സാർ അഞ്ചല്ലേ അവൻ ചോദിച്ചേ.. സാറ് കേറ്റിപിടിച്ചു ല്ലേ… ”
” പിന്നല്ലാണ്ട്.. നമുക്ക് എന്തേലും കിട്ടണ്ടേ.. നിന്നെയും ഞാൻ പരിഗണിക്കും വിഷമിക്കണ്ട.. ”
ഡ്രൈവറിന്റെ മുഖം തെളിയാൻ ആ വാക്കുകൾ മതിയായിരുന്നു പക്ഷെ അപ്പോഴും ഒരു സംശയം അവനിൽ ബാക്കിയായി.
” സാറേ.. ഇത് കുരുക്ക് അല്ലെ.. പെണ്ണ് കേസാണെന്നല്ലേ നകുലനോട് പറഞ്ഞേക്കുന്നെ.. പക്ഷെ ആ അച്ചായന്റെ മോൻ ഉപദ്രവിച്ചത് ഒരു കൊച്ച് കുഞ്ഞിനെയല്ലേ… കേസ് കോടതിയിലെത്തുമ്പോൾ നകുലന്റെ ശിഷ്ട ജീവിതം ജയിലിലായി പോകില്ലേ…”
” പോട്ടെടാ… ഇവനൊക്കെ ഈ നാട്ടിൽ തെണ്ടി നടന്നിട്ട് എന്താണ് ഉപയോഗം.. ഇതല്ലേൽ മറ്റൊരു കേസ് പിടിച്ചു അവൻ എന്തായാലും ജയിലിൽ കേറും.. കാശിനു വേണ്ടി… അവന്റെ പണി തന്നെ ഇതല്ലേ… പിന്നെ അഞ്ചു ലക്ഷം കൊണ്ട് കയ്യിൽ വച്ച് കൊടുത്താൽ അവന്റെ പെമ്പ്രന്നോത്തിയുടെ വായും അടയും… ”
ഒന്ന് നിർത്തി വാച്ചിലേക്ക് നോക്കി അനിരുദ്ധൻ.
“സമയം ഉച്ചയാകുന്നു.. ഇന്ന് അവന്റെ അറസ്റ്റ് റിപ്പോർട്ട് ചെയ്ത് എഫ് ഐ ആർ ഇട്ടാൽ നാളെ കോടതിയിൽ വിടാം എഴുത്തും വായനയും കാര്യവിവര ബോധവുമൊന്നുമില്ലാത്തത് കൊണ്ട് അവിടെ നടക്കുന്നതൊന്നും അവന് മനസിലാകില്ല.. എന്ത് ചോദിച്ചാലും തലയാട്ടാൻ പറഞ്ഞു പഠിപ്പിച്ചു വിട്ടാൽ മതി. ഈ കേസിൽ സറണ്ടർ ആകാൻ ഇവനെക്കാൾ നല്ലൊരു പൊട്ടൻ വേറെ ഇല്ല ”
ആ വാക്കുകൾ കേട്ട് മറുപടിയൊന്നും പറഞ്ഞില്ല ഡ്രൈവർ.
‘പതിനഞ്ചു ദിവസം കൊണ്ട് അഞ്ചു ലക്ഷം’
വലിയ സന്തോഷത്തിലായിരുന്നു നകുലൻ. എന്നാൽ താൻ തല വയ്ക്കാൻ പോകുന്ന വലിയ കെണിയെന്താണെന്ന് അവന് മനസിലായിരുന്നില്ല.
കാര്യങ്ങൾ വേഗത്തിൽ നടന്നു ഉച്ചയ്ക്ക് ശേഷം നകുലൻ പോലീസ് സ്റ്റേഷനിൽ എത്തി. അന്ന് വൈകിട്ട് തന്നെ അവന്റെ ഭാര്യയുടെ കയ്യിൽ അഞ്ചു ലക്ഷം രൂപയുമെത്തി. ഏറെ സന്തോഹത്തോടെയാണ് പിറ്റേന്ന് നകുലൻ കോടതിയിലേക്ക് കയറിയത്. കുറ്റം അയാൾ ഏറ്റു പറഞ്ഞു. കോടതിയിൽ നടപടികൾ നടക്കവേ ഒന്നും മനസിലാകാതെ എല്ലാവരേം നോക്കി ചിരിച്ചു നിന്നു അവൻ. ഇടയ്ക്ക് അനിരുദ്ധനെ ഒളി കണ്ണിട്ട് നോക്കുമ്പോൾ ‘ഒന്നുമില്ല.. ‘ എന്നാ അയാളും ആംഗ്യം കാട്ടി.
എതിർ ഭാഗം വക്കീൽ കത്തി കയറുന്നുണ്ടായിരിന്നു. ഇടയ്ക്ക് എപ്പോഴോ ‘ജീവപര്യന്തം ‘ എന്നൊരു വാക്ക് അയാളുടെ വായിൽ നിന്നും വീണ് കേൾക്കവേയാണ് നകുലന്റെ ശ്രദ്ധ വാദത്തിലേക്ക് തിരിയുന്നത്.
” ഒരു കൊച്ചു കുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടിയ പ്രതിയ്ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് ഞാൻ കോടതിയോട് അഭ്യർത്ഥിക്കുന്നത്. ”
ആ വാക്കുകൾ കേൾക്കെ ഒന്ന് നടുങ്ങി നകുലൻ.
” കൊച്ച് കുഞ്ഞോ.. ഏത് കുഞ്ഞ്.. ഞാൻ ഒരു കുഞ്ഞിനോടും ഒന്നും ചെയ്തില്ല. ”
ആ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ നകുലനിലേക്ക് തിരിഞ്ഞു.
” ചെയ്തില്ലേ.. തനിക്ക് എന്താ ഭ്രാന്ത് ആണോ.. അഞ്ചു വയസ്സ് പ്രായം ഉള്ള കുഞ്ഞിനെ ഉപദ്രവിച്ചിട്ട് ഇപ്പോ ചെയ്തില്ല എന്നാണോ ”
എതിർഭാഗം വക്കീലിന്റെ ആ ചോദ്യം കേൾക്കെ സംശയത്തിൽ അനിരുദ്ധനെ ഒന്ന് നോക്കി നകുലൻ ആ നിമിഷം അനിരുദ്ധൻ ആകെ വിയർത്തു തുടങ്ങിയിരുന്നു.
” സാറേ… ദൈവ ദോഷം പറയരുത്. ഞാൻ ഒരു കുഞ്ഞിനേയും ഉപദ്രവിച്ചിട്ടില്ല. ഒരു പെങ്കൊച്ചിനെ കേറി പിടിച്ചെന്നാ എസ് ഐ സാറ് പറഞ്ഞെ.. അല്ലാണ്ട് കുഞ്ഞൊന്നുമല്ല.. ”
ഇത്തവണ പരുങ്ങിയത് അനിരുദ്ധനാണ്.
” ഇതെന്താണ് ഇവിടെ നടക്കുന്നത്… ചെയ്ത കൃത്യം എന്തെന്ന് പോലും പ്രതിയ്ക്ക് അറിയില്ലേ.. ഈ പ്രതി ഫാബ്രിക്കേറ്റഡ് ആണോ.. ”
ചോദ്യം കേട്ട് പ്രതി ഭാഗം വക്കീലും ഒന്ന് പരുങ്ങി.
“എന്റെ സാറേ.. അഞ്ചു ലക്ഷം രൂപ തന്നിട്ട് ഒരു പെണ്ണിനെ ആരോ കേറി പിടിച്ച കേസ് ഏൽക്കാനാ എസ് ഐ സാറ് പറഞ്ഞെ.. പതിനാല് ദിവസം കഴിയുമ്പോ ജന്യത്തിലിറക്കാമെന്നും പറഞ്ഞു.. അതാണ് ഞാൻ ഈ കേസ് ഏറ്റത്… അല്ലാണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല…”
തന്നെ കുരുക്കാൻ നോക്കിയതാണെന്ന് അറിയാവ് നിന്ന നിൽപ്പിൽ നകുലൻ ഉള്ളത് വിളിച്ചു പറഞ്ഞു. അതോടെ പ്രതി ഭാഗം വക്കീലും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിക്കൂട്ടിലായി.
പിന്നേ നാടകീയ രംഗങ്ങൾ പലതും അരങ്ങേറി ഒടുവിൽ കോടതിയെ കബളിപ്പിക്കാൻ നോക്കിയതിനുള്ള ചെറിയ ശിക്ഷ നകുലൻ വാങ്ങുമ്പോൾ അനിരുദ്ധനെതിരെ നടപടി സ്വീകരിക്കാനും കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുവാനും കോടതി തന്നെ ശുപാർശ്ശ ചെയ്തു. പൊട്ടനെന്ന് കരുതി നിസാരനായി കണ്ടവൻ ഒടുവിൽ എല്ലാവർക്കും കുരുക്കിട്ട്.
കോടതിയുടെ പുറത്തിറങ്ങുമ്പോൾ അനിരുദ്ധനെ കണ്ട നകുലൻ പല്ലിറുമ്മി.
” എന്നെ ചതിക്കാൻ നോക്കിയതാ ല്ലേ സാറേ… കൊള്ളാം കണ്ണിച്ചോരയില്ലാത്ത പണിയായിപ്പോയി.. ആ അഞ്ചു ലക്ഷം തിരക്കി ഇനി പോകേണ്ട കേട്ടോ അത് ഞങ്ങൾ മാറ്റി.. എനിക്കിട്ടു തന്ന ഈ പണിക്കുള്ള മറു പണിയായി കണ്ടോ അത് ..”
മറുപടി പറഞ്ഞില്ല അനിരുദ്ധൻ. തല കുമ്പിട്ടു അയാൾ. നകുലൻ പോലീസ് അകമ്പടിയിൽ ജയിലിലേക്ക് പോയി.
” പൊട്ടനാണെന് പറഞ്ഞിട്ട് അവൻ അവസാനം നമുക്ക് എല്ലാർക്കും പണി തന്ന് അല്ലെ സാറേ.. ”
ഡ്രൈവറുടെ നിരാശയിലുള്ള ആ ചോദ്യത്തിനും അനിരുദ്ധന്റെ പക്കൽ മറുപടി ഇല്ലായിരുന്നു അപ്പോഴേക്കും അയാളുടെ ഫോൺ ശബ്ദിച്ചു. പ്രതീക്ഷിച്ചിരുന്നു ആ കോൾ
” അച്ചായാ.. ചെറുതായൊന്നു പണി പാളിയതാ..ഞാൻ അല്ല അവൻ ചതിച്ചതാ… ”
” ഭാ.. നായെ… എന്റെ ചെറുക്കനെ കുടുക്കിയതും പോരാ എന്റേന്ന് എട്ടു ലക്ഷം വാങ്ങി അതിൽ നിന്നും മൂന്ന് മുക്കി അല്ലെ പോരാത്തതിന് നിന്റെ പങ്ക് സെപ്പറേറ്റ് വേറെയും… മര്യാദക്ക് വൈകിട്ടിനകം എന്റെ കാശ് ഇവിടെ കിട്ടണം ഇനി എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം ”
കോൾ കട്ട് ആകുമ്പോൾ ആകെ കുഴഞ്ഞു അനിരുദ്ധൻ.
” അഞ്ച് ഇനി ഞാൻ എവിടുന്ന് ഒപ്പിക്കും ദൈവമേ… ”
കലക്ക വെള്ളത്തിൽ മീൻ കിടക്കാൻ നോക്കിയതിനു കിട്ടാവുന്ന മാക്സിമം പണി തന്നെയാണ് അനിരുരുദ്ധന് കിട്ടിയത്. പതിനാല് ദിവസത്തിൽ അഞ്ചു ലക്ഷം സ്വപ്നം കണ്ട നകുലന്റെ മുന്നിൽ ഇനിയുള്ളത് മുന്നൂട്ടി അറുപത്തഞ്ച് ദിവസങ്ങൾ ആണ്.
കേസിൽ സത്യസന്ധമായ അന്വേഷണമുണ്ടാകും കുറ്റവാളിയ്ക്ക് തക്ക ശിക്ഷയും കിട്ടും…
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
