“എന്താ സുലോചന ചേച്ചി മോളിപ്പോൾ ഇവിടെയാണോ..”
മുക്കിലുള്ള പ്രഭാകരേട്ടന്റെ പലചരക്കു കടയിൽ വെച്ചാണ് പരിചയക്കാരിയായ പ്രസന്ന ആ വിശേഷം ചോദിച്ചത്.
“അങ്ങനെ ഒന്നുമില്ല. അവൾക്ക് രണ്ടു ദിവസം ഇവിടെ നിൽക്കാനൊരു കൊതി. സ്വന്തം വീട്ടിൽ കുറച്ചു ദിവസം ഒന്ന് നിൽക്കുന്നതിനു ആരോടൊക്കെ സമാധാനം പറയണം..”
“ഏയ് ഞാൻ വേറൊന്നും ഉദ്ദേശിച്ചല്ല ചോദിച്ചത്. മോളേ ഈയിടെയായിട്ട് വീട്ടിൽ കാണുന്നത് കൊണ്ട് ചോദിച്ചതാ.അല്ലാതെ എനിക്കെന്താ..”
അവർ മുഖം വീർത്തു കെട്ടി സാധനം വാങ്ങിച്ചു കൊണ്ട് കടയിൽ നിന്നിറങ്ങി പോയി.
വീട്ടിൽ വന്ന പാടെ കയ്യിലിരുന്ന സാധനങ്ങൾ അടങ്ങിയ സഞ്ചി മേശപ്പുറത്തേയ്ക്ക് ഇട്ടിട്ട് സുലോചന ചാടിത്തുള്ളി.
‘ഞാൻ ആരോടൊക്കെ സമാധാനം പറയണം.. കല്യാണം കഴിപ്പിച്ചു വിട്ട പെണ്മക്കൾക്ക് രണ്ടോ മൂന്നോ ദിവസം സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നതിന് നാട്ടുകാരുടെ അനുവാദം കൂടി വാങ്ങിക്കണോ. എങ്ങോട്ട് ഇറങ്ങിയാലും ഇതേയുള്ളോ ആളുകൾക്ക് ചോദിക്കാൻ. ഇവർക്കൊക്കെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരായോ.. ”
കടയിൽ നിന്ന് വന്ന അമ്മ തനിയെ നിന്ന് ഉറഞ്ഞു തുള്ളുന്നത് കണ്ട ഇളയ മകൾ നിത്യ അച്ഛനെ വിളിച്ചോണ്ട് വന്നു.
അയാളും കണ്ടു അവളുടെ ദേഷ്യവും ചാട്ടവും.
“അല്ലാ സുലു നിനക്കിത് എന്താ പറ്റിയത്. കടയിൽ നിന്ന് വന്നേച്ച് നീയിതാരോടാ ഈ കിടന്നു ചാടുന്നത്..”
“എന്റെ മനുഷ്യാ നിങ്ങൾക്ക് വല്ലതും അറിയാണോ. ആളുകളു മൊത്തോം എന്നോടല്ലേ വിശേഷം ചോദിക്കുന്നത്.
മൂത്ത മോളെന്താ ഇപ്പൊ ഇവിടെയാണോന്നാ എല്ലാർക്കും അറിയേണ്ടത്. ഞാൻ ഓരോ ദിവസവും പറഞ്ഞു മടുത്തു. അകത്തു കേറി അടയിരിക്കുന്ന അവൾക്ക് ഇത് വല്ലതും അറിയണോ..”
“എടീ ഒന്ന് പതുക്കെ പറ. മോള് കേൾക്കും. ഇതും കൂടി കേട്ടിട്ട് വേണം അവളിനി വേറെ വല്ലോടത്തേക്കും ഇറങ്ങി പോകാൻ..!”
“പിന്നെ.. അവളിനി എങ്ങോട്ട് പോകാനാ. രൂപ ചില്ലറയല്ല കെട്ടു നടത്താൻ ചിലവായത്. വർഷം ഒന്നുപോലുമായില്ല പൊറുതിയും മതിയാക്കി പൊടീം തട്ടി ഇങ്ങ് പോന്നിട്ട്.. പെൺപിള്ളേരായാൽ കുറച്ചൊരു അഡ്ജസ്റ്റമെന്റൊക്കെ ചെയ്യണം. എന്നേ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്..”
പുറത്തെ കോലാഹലങ്ങൾ മുഴുവനും കേട്ട് കൊണ്ട് നീതു മുറിക്കുള്ളിൽ ഇരുന്നു. അവൾക്കറിയാം താനിവിടെ വന്നു നിൽക്കുന്നത് ആർക്കും ദഹിച്ചിട്ടില്ലെന്ന്.
മറ്റെവിടെയ്ക്കെങ്കിലും പോയാൽ തോന്ന്യവാസം കാണിച്ച് എന്ന് പറഞ്ഞു അനാവശ്യം കേൾക്കേണ്ടി വരും.
കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ അതോടെ എല്ലാ കടമകളും കഴിഞ്ഞെന്ന് കരുതുന്നവരോട് എന്ത് പറയാൻ..
ഞാനും രാജീവേട്ടനും പ്രേമിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരൊന്നുമല്ലല്ലോ.. പിന്നെന്താ ഒന്നിലും ഇടപെടാതെ തന്നെ മാത്രം ഇവരൊക്കെ കുറ്റം പറയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നേയില്ല.
കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പോലുമായില്ല.. പെണ്ണ് കാണാൻ വന്ന ആളെയല്ലായിരുന്നു സ്വന്തം വീട്ടിൽ വെച്ച് കണ്ടത്. എന്തൊരു മാറ്റമാണ്.
തന്നോട് എന്തെങ്കിലും സ്നേഹത്തോടെ
ഒന്ന് സംസാരിക്കാൻ പോലും പേടിക്കുന്ന ഒരാൾ. ഇയാൾ എന്തിനാണ് വിവാഹ കഴിച്ചതെന്ന് പോലും ഓർത്തിട്ടുണ്ട്
കെ എസ് എഫ് ഇയിൽ ജോലിയുള്ള പയ്യന്റെ ആലോചന വന്നപ്പോൾ അമ്മയും അച്ഛനുമായിരുന്നു വലിയ നിർബന്ധം.
ഒരു ഗവണ്മെന്റ് ജോലിക്കാരനെ ഈ കാലത്ത് കിട്ടാൻ പുണ്യം ചെയ്യണം. കാണാനും നല്ല വർക്കത്തുണ്ട്. ഒരേയൊരു പെങ്ങളെ കെട്ടിച്ചു വിട്ടു. ബാധ്യതകളൊന്നുമില്ല അമ്മ മാത്രമേയുള്ളൂ, അച്ഛൻ മരിച്ചിട്ട് കുറെ വർഷങ്ങളായി.
കല്യാണം കഴിഞ്ഞപ്പോൾ അമ്മയുടെ കയ്യിലെ ചരടിൽ കെട്ടിയ കളിപ്പാവയാണ് ഭർത്താവ് എന്ന് തിരിച്ചറിഞ്ഞു.
ഒന്നിനും സ്വന്തമായി ഒരഭിപ്രായവും ഇല്ല. എല്ലാം അമ്മ തീരുമാനിക്കും മകൻ അനുസരിക്കും.
ആദ്യരാത്രിയിൽ പോലും വാതിൽ അടച്ചു കൊളുത്താൻ ആൾക്ക് ലജ്ജയായിരുന്നു. അമ്മ എന്ത് വിചാരിക്കുമോ..
വിരുന്നിനു പോകാൻ ഒരുങ്ങുമ്പോഴും,തിയേറ്ററിൽ പോയി സിനിമ കാണാനും അമ്മയെ കൂടെ വരാൻ നിർബന്ധിപ്പിക്കും.വിളിക്കാതിരുന്നാൽ തിരിച്ചു വരുമ്പോൾ കടന്നല് കുത്തി വീർത്ത മുഖത്തോടെ നിൽക്കുന്ന അമ്മയെ കാണേണ്ടി വരും ‘
ഒന്നിനും താൻ മുഖം കറുത്തൊരു അക്ഷരം പോലും പറഞ്ഞിട്ടില്ല.
പക്ഷെ മകന്റെ മനസ്സിൽ തന്നെ കുറിച്ച് അനാവശ്യ സംശയം ഉണ്ടാക്കിക്കൊടുത്ത് തന്നോട് കലഹിക്കുന്നത് രാജീവേട്ടന്റെ ശീലമായി.
ബിഎഡ്ഡ് കഴിഞ്ഞു സർട്ടിഫിക്കറ്റ് കയ്യിൽ ഇരുന്ന് പൂപ്പൽ പിടിക്കുന്നത് കണ്ട് ഒരു ദിവസം ജോലിക്ക് പോകാൻ വാശി പിടിച്ചപ്പോൾ നീയ് എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷെ എന്റെ അമ്മയുടെ അനുവാദം കിട്ടാതെ എങ്ങോട്ടും പോകാൻ പറ്റില്ല എന്നാണ് പറഞ്ഞത്.
“ഞാൻ രാജീവേട്ടന്റെ ഭാര്യയല്ലേ, എന്റെ കാര്യങ്ങൾ ഞാൻ പിന്നെ ആരോടാ ചോദിക്കേണ്ടത്. എന്റെ കഴുത്തിൽ താലി കെട്ടിയത് ഏട്ടനാണ് അല്ലാതെ അമ്മയല്ല..”
പറഞ്ഞു തീരുന്നതിനു മുമ്പ് കവിളിൽ അടി വീണു..
കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്നത് പോലെ തോന്നി. മുഖം പൊത്തിപ്പിടിച്ചു കൊണ്ട് എത്ര നേരം നിന്നെന്ന് ഓർമ്മയില്ല.
മരവിച്ചു പോയ മനസ്സോടെ അന്ന് മുഴുവനും മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു.
തനിക്ക് അടി കിട്ടിയതിൽ വലിയ സന്തോഷത്തിലായിരുന്നു അമ്മ.
“പെണ്ണുങ്ങൾ ആയാൽ അടങ്ങിയൊതുങ്ങി നിൽക്കണം. അവൾക്ക് ജോലിക്ക് പോയിട്ട് കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് വേണമല്ലോ എനിക്കും എന്റെ മോനും കഴിയാൻ..
അവൻ സർക്കാരിന്റെ കാശ് എണ്ണി വാങ്ങുന്നവനാണ്. നല്ല ജോലിയുള്ള എത്ര പെണ്ണുങ്ങളെ പോയി കണ്ടതാണ്. എന്നിട്ടും ഇവളെ മാത്രമേ അവന് പിടിച്ചുള്ളൂ.
ഇനി ഈ വീട്ടിലെ ജോലിയും ചെയ്തങ്ങു മര്യാദയ്ക്ക് നിന്നാൽ അവൾക്ക് കൊള്ളാം..”
അവൾ എല്ലാം കേട്ട് നിശബ്ദയായി ഇരുന്നു.
രാത്രിയിൽ അരികിൽ കിടക്കുന്ന ആള് തന്റെ വിങ്ങുന്ന മനസ്സ് കാണുമെന്നു കരുതി.
അടികൊണ്ട് തിണിർത്ത കവിളുകളിൽ ഒന്ന് തലോടിത്തരുമെന്ന് കരുതി.
പക്ഷെ തനിക്ക് എതിരെ കമിഴ്ന്നു കിടന്നു കൂർക്കം വലിക്കുന്ന ആളിനെ കണ്ട് ഇനി കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്ന് അതോടെ മനസ്സിലായി.
ഒരിക്കൽ രാജീവേട്ടന്റെ ഓഫീസിൽ ഒരു സ്റ്റാഫിന്റെ കല്യാണത്തിന് പോകാൻ ഒരുങ്ങിയിറങ്ങിയപ്പോൾ ആള് പതിവില്ലാതെ തന്നെ സൂക്ഷിച്ചു നോക്കി.
“ഇത്രയും ഒരുങ്ങി പോകേണ്ട കാര്യമൊന്നും ഇല്ല. അല്ലെങ്കിൽ തന്നെ എന്റെ ഭാര്യ ഭയങ്കര സുന്ദരയാണെന്നാണ് ഓഫീസിലെ പറച്ചിൽ. ഇനി ആരെങ്കിലും നിന്നെ പ്രൊപ്പോസ് ചെയ്യുന്നതും കൂടി ഞാൻ കണ്ട് നിൽക്കണോ..”
അത് കേട്ട് വല്ലാതെ വിളറിപ്പോയി.
അന്ന് കൂടെ പോകാനുള്ള താല്പര്യം കൂടി പോയി. ആർഭാടമെല്ലാം കുറച്ചിട്ടും
“എത്ര സിംപിൾ ആയിട്ടാണ് രാജീവ് സാറിന്റെ വൈഫ് ഒരുങ്ങിയിരിക്കുന്നത്.. എന്റെ വീട്ടുകാരിക്ക് കിലോക്കണക്കിന് മെയ്ക്കപ്പ് വേണം എവിടെ എങ്കിലും ഒരുങ്ങിപ്പോകാൻ..”
ഓഫീസിലെ മോഹൻ സാറാണ് അത് പറഞ്ഞു ഉറക്കെ ചിരിച്ചത്.
അത് കേട്ട് ആരുടെയോ പിന്നിലേക്ക് ചുളുങ്ങിക്കൂടി നിന്നിട്ടും രാജീവേട്ടന്റെ എരിയുന്ന കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല..
തിരികെ വീട്ടിൽ എത്തിയിട്ടും അയാളിൽ പതുങ്ങിക്കിടന്ന അസൂയയും ദേഷ്യവും വിട്ടു മാറിയിരുന്നില്ല.
“കാണുന്ന ആണുങ്ങളുടെ എല്ലാം കണ്ണുകൾ ഇവളിൽ മാത്രം നിൽക്കാൻ എന്ത് പ്രത്യേകതയാണ് ഉള്ളത്. ചില പെണ്ണുങ്ങൾക്ക് അല്ലെങ്കിലും ആണുങ്ങളെ വശീകരിക്കാൻ നല്ല കഴിവാണ്..”
“അനാവശ്യം പറയരുത്..ഞാൻ ആരെയും വശീകരിക്കാൻ പോയിട്ടില്ല. അത് ചെയ്തത് ആരാണെന്ന് ഞാൻ ഇന്ന് കണ്ടതാണ് ”
“എന്തവാടി നീയിന്നു കണ്ടത്. പറയടീ..”
അടിക്കാൻ കയ്യും വീശി വന്ന അയാളുടെ കൈ കൂസലില്ലാതെയാണ് തട്ടിമാറ്റിയത്..
“ഇനിയെന്റെ ദേഹത്തു തൊട്ടാൽ വിവരം അറിയും.ഞാൻ നിങ്ങളുടെ ഭാര്യയാണ്, അല്ലാതെ അടിമയല്ല..”
“കേക്കടാ നാണമില്ലാത്തവനെ. പോകുന്നിടത്തൊക്കെ എഴുന്നള്ളിച്ചു കൊണ്ട് പോയിട്ട് ഇപ്പോൾ എങ്ങനെയിരിക്കുന്നു..നീയിനിയും കേൾക്കാൻ ഇരിക്കുന്നേയുള്ളൂ.”
“നിങ്ങളൊറ്റ ഒരുത്തിയാണ് സ്വന്തം മകന്റെ ജീവിതം കുട്ടിച്ചോറാക്കുന്നത്..മകനെ മകന്റെ പാട്ടിനു വിട്ടു കൂടെ.. ആവശ്യമില്ലാതെ എന്തിനാ എരിതീയിൽ എണ്ണയൊഴിക്കുന്നത്..”
“എടീ എന്തുപറഞ്ഞെടീ നീയെന്റെ അമ്മയെ.. ഇനിയീ വീട്ടിൽ ഒരു നിമിഷം നിൽക്കാൻ പാടില്ല. ഇപ്പോൾ ഇറങ്ങിക്കൊള്ളണം ഇവിടെ നിന്ന്. എന്റെ അമ്മ കഴിഞ്ഞിട്ടേയുള്ളൂ എനിക്കാരും..”
ഒരു നിമിഷം എന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.
പറയാൻ പാടില്ലാത്തത് എന്തെങ്കിലും പറഞ്ഞുവെന്ന് തോന്നിയില്ല.
സത്യം മാത്രമേ പറഞ്ഞുള്ളൂ.
ഇറങ്ങിപ്പോയ്ക്കൊള്ളാൻ പറഞ്ഞു കഴിഞ്ഞു.
സാവകാശം അലമാരയിൽ നിന്ന് തന്റെ മാത്രം ഡ്രെസ്സുകൾ എടുത്തു ഒരു വലിയ ബാഗിനുള്ളിൽ കുത്തിത്തിരുകിയിട്ട് ആരോടും യാത്ര പറയാതെ അന്ന്
ആ പടിയിറങ്ങി പോന്നതാണ്.
സ്വന്തം വീട്ടിൽ എത്തിയിട്ടും സ്വസ്ഥത കിട്ടിയില്ല. ഒരു പെണ്ണാണ്, എല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു കൂടണ്ട വീടാണ്. അവര് എന്തെങ്കിലും ഒന്ന് പറഞ്ഞത് കേട്ടാലുടനെ കെട്ടും ഭാണ്ഡവും എടുത്തു പുറപ്പെട്ടോണം..കല്യാണം നടത്തിയതിന്റെ കടം പോലും വീട്ടിയില്ല. ഇനി ആളുകളോട് എന്ത് സമാധാനം പറയും..
അമ്മയ്ക്കായിരുന്നു അപമാനം മുഴുവനും.
ദാ ഇപ്പോൾ നാട്ടുകാരും കൂടി ചോദിക്കാൻ തുടങ്ങിയെന്നു പറഞ്ഞു ബഹളം വെയ്ക്കുന്നു.
അവൾ ഹാളിലേയ്ക്ക് ചെന്നു.
“അമ്മയ്ക്ക് ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ. ഉണ്ടെങ്കിൽ ഈ നിമിഷം പറഞ്ഞോണം.”
“കണ്ടോ കണ്ടോ പെണ്ണിന്റെ ഒരു തന്റേടം കണ്ടോ. ഇതാണ് അവനും അവന്റെയമ്മയ്ക്കും പിടിക്കാത്തത്. അവര് നല്ല കൂട്ടരാണ്. ഒരു ഗവണ്മെന്റ് ജോലിക്കാരനെയും കെട്ടി അടങ്ങിയൊതുങ്ങി കഴിയാനുള്ളതിനു അവിടുള്ളവരെ ഭരിക്കാൻ ചെന്നാൽ എങ്ങനെയാ..”
സഹികെട്ടാണ് അലറിപ്പോയത്.
“ഒന്ന് നിർത്തുന്നുണ്ടോ അമ്മേ.. നിങ്ങൾ എന്നെ പ്രസവിച്ച എന്റെ അമ്മ തന്നെയാണോ.. ഞാൻ അവിടെ കിടന്നു മരിച്ചിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നോ.. നിങ്ങളുടെ അഭിമാനം രക്ഷിക്കാൻ വേണ്ടി ഞാൻ അവിടെ കിടന്നു നരകിക്കണമായിരുന്നോ പറ.. എനിക്കൊരു പ്രശ്നം വരുമ്പോൾ എന്റെ വീട്ടുകാർ കൂടെ നിൽക്കുമെന്ന് കരുതിയതാണ് തെറ്റായിപ്പോയത്..”
സുലോചന അത്രയും പ്രതീക്ഷിച്ചില്ല.
ഭർത്താവും, ഇളയ മകളും തന്നെ കുറ്റപ്പെടുത്തുമ്പോലെ നോക്കുന്നു.
“മോളേ.. നീയെന്തിനാ അവളെ മൈൻഡ് ചെയ്യുന്നത്. ഈ വീട്ടിൽ ചിലവിനു കൊടുക്കുന്നത് ഞാനാണ്. നിനക്ക് എത്ര നാള് വേണമെങ്കിലും ഇവിടെ കഴിയാം.ഞാൻ മരിക്കുന്നത് വരെ നിന്നെ ഞാൻ നോക്കിക്കോളാം. നീ അകത്തോട്ടു കേറിപ്പോ. ഇവളോടൊക്കെ മറുപടി പറയാൻ നിൽക്കണ്ട കാര്യമില്ല..”
സർവ്വവും തകർന്നത് പോലെയാണ് നീതു മുറിയിലേയ്ക്ക് പോയത്.
അവളുടെ പോക്ക് കണ്ട് അയാൾ ഭാര്യയുടെ നേർക്ക് തട്ടിക്കയറി.
“നിനക്ക് നാണമില്ലെടീ, അവള് ആകെ വിഷമിച്ചാണ് ഇങ്ങോട്ട് വന്നത്. അവനും ആ തള്ളയും കൂടി അവളെ അത്രയ്ക്ക് അവിടെയിട്ട് പൊരിപ്പിക്കുന്നുണ്ട്. നീ ന്യൂസൊന്നും കാണുന്നില്ലേ…എത്ര പെൺപിള്ളേരാണ് കെട്ടിച്ചു വിട്ട വീട്ടിലെ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യുന്നത്. ആ സമയത്ത് അവർക്ക് ആരുമില്ലെന്ന തോന്നല് കൊണ്ടാണ് കടുംകൈ ചെയ്യുന്നത്
നീയവളോട് ഇങ്ങനെയൊക്കെ പെരുമാറിയാൽ ഇവിടെങ്ങാനും കൊച്ച് തൂങ്ങി നിൽക്കുന്നത് നിനക്ക് കാണേണ്ടി വരും. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.”
“അതെ.. ഈ അമ്മയിത്തിരി ഓവറാണ് അച്ഛാ..പെണ്മക്കൾ ബാധ്യതയാണെന്ന് കരുതുന്നവരാണ് പിന്നീട് അവരുടെ വിവാഹ ജീവിതത്തിൽ എന്തെങ്കിലും പ്രോബ്ലസ് ഉണ്ടാകുമ്പോൾ അത് അപമാനമാണെന്ന് കരുതുന്നത്.നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടീട്ട് എന്തിനാ അമ്മേ ഇങ്ങനെ ഒരു കല്യാണം. നാളെ എന്റെ ലൈഫിലും എന്തെങ്കിലും സംഭവിച്ചാൽ അമ്മ ഇങ്ങനെ തന്നെ ആയിരിക്കും. ഒരു സംശയവും വേണ്ടാ. ഇതാണ് ഞാൻ പറയുന്നത്, സ്വന്തം കാലിൽ നിൽക്കാറാകുമ്പോഴേ ഞാൻ കല്യാണം കഴിക്കൂ എന്ന്. ചേച്ചിക്ക് ഒരു ജോലിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ലായിരുന്നു..”
അകത്തിരുന്നു പുറത്തെ സംസാരം മുഴുവനും നീതു കേൾക്കുന്നുണ്ടായിരുന്നു.അന്ന് അത്താഴം കഴിക്കാൻ നിത്യ വന്നു വിളിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞു ഉറക്കം നടിച്ച് കിടന്നു.
“അമ്മയുടെ വർത്തമാനം കൊണ്ടാ ചേച്ചി പട്ടിണി കിടക്കുന്നത്.”
അവർ ഒന്നും മിണ്ടിയില്ല. വിളിക്കാൻ ചെന്നാലും അവൾ വരില്ലെന്ന് അവർക്കറിയാം.
പക്ഷെ അച്ഛന് അത് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.
അയാൾ മുറിയിൽ ചെന്ന് മകളെ നോക്കി..
മുറിയിൽ നല്ല ഇരുട്ടായിരുന്നു. സ്വിച്ച് ഓൺ ചെയ്തിട്ട് അയാൾ അവളെ വാത്സല്യത്തോടെ വിളിച്ചു.
“മോളേ..എഴുന്നേറ്റു വാ. ദേ അമ്മ നിനക്ക് ചോറ് വിളമ്പി വെച്ചിരിക്കുന്നു. അത്താഴപ്പട്ടിണി കിടക്കാൻ പാടില്ല. വന്നേ കഴിച്ചിട്ട് കിടന്നുറങ്ങിയാൽ മതി.”
“അച്ഛാ എനിക്ക് വേണ്ടാ. വിശപ്പില്ലാഞ്ഞിട്ടാണ്..”
“അത് പറഞ്ഞാൽ പറ്റില്ല. എല്ലാവരുടെയും ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങൾ വരികയും പോവുകയുമൊക്കെ ചെയ്യും. അതിന് നമ്മൾ ആഹാരത്തോടല്ല പ്രതികാരം ചെയ്യേണ്ടത്.”
അച്ഛൻ കൂടുതൽ ഒന്നും പറയാതമുറി
വിട്ടു പോയി.
പിന്നെ അവൾക്ക് കിടക്കാൻ തോന്നിയില്ല.
പിറ്റേന്ന് രാവിലെ തന്നെ ഒരുങ്ങി ഇറങ്ങി. കയ്യിൽ അവളുടെ കുറെ സർട്ടിഫിക്കറ്റുകളും കരുതിയിരുന്നു.
തിരികെ വന്നപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല. രണ്ടു മൂന്ന് ദിവസങ്ങൾ അവൾ രാവിലെ ആരോടും ഒന്നും പറയാതെ ബാഗുമെടുത്ത് പോകും.
എങ്ങോട്ടാണെന്ന് ആരും ചോദിച്ചുമില്ല, അവളൊട്ടു പറഞ്ഞതുമില്ല.
വരുമ്പോൾ ഉച്ച കഴിയും.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾക്കൊരു കോൾ വന്നു.
അന്ന് അത്താഴം കഴിക്കുമ്പോഴാണ് അവൾ എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞത്.
“എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്.കുറച്ചു ദൂരെയാണ്.
ഒരു പ്രൈവറ്റ് സ്കൂളിലാണ്.ഹോസ്റ്റൽ സൗകര്യമുണ്ട്..നാളെത്തന്നെ പോകണം..”
എല്ലാവരും പരസ്പരം നോക്കി.
“നാളെയോ..?”
“അതെ അച്ഛാ, അവിടെ തന്നെ ഹോസ്റ്റൽ സൗകര്യവുമുണ്ട്. ആർക്കും എന്നെക്കൊണ്ട് ഇനിയൊരു ശല്യവുമുണ്ടാകില്ല..”
ആ വാചകം പറയുമ്പോൾ അവൾ അമ്മയെ ഒന്ന് നോക്കി. അവർക്ക് അത് കൊള്ളുകയും ചെയ്തു.
അന്ന് രാത്രി എല്ലാം പായ്ക്ക് ചെയ്യുമ്പോൾ നിത്യ കൂടെത്തന്നെ ഉണ്ടായിരുന്നു.
“ന്നാലും ചേച്ചി ഇത്ര പെട്ടന്ന് ജോലി കിട്ടി ഇവിടെ നിന്ന് പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..”
“എല്ലാം അങ്ങനെയാണ് മോളേ.. പലതും നമ്മൾ വിചാരിക്കുന്നത് പോലെയല്ല. ചിലതൊക്കെ പ്രതീക്ഷിക്കാതെ നടക്കുമ്പോൾ അതിശയം തോന്നും. ഞാനും ഇപ്പോൾ അങ്ങനെ ഒരു സന്തോഷത്തിലാണ്. എനിക്കിങ്ങനെ ഒരു മാറ്റം അത്യാവശ്യമായിരുന്നു..”
അന്ന് രാത്രി ആരെക്കുറിച്ചും ഒന്നും ഓർക്കാതെ കിടന്നുറങ്ങി.
പുലർച്ചെ പോകാൻ ഒരുങ്ങുമ്പോൾ അച്ഛൻ വന്നു കുറച്ചു കാശ് അവളുടെ കയ്യിൽ പിടിച്ചേൽപ്പിച്ചു.
“ഇതിരിക്കട്ടെ മോളേ.. ഞാനും കൂടെ വരാം. നിന്റെ സ്കൂളൊക്കെ എനിക്കും ഒന്ന് കാണാമല്ലോ..”
“അച്ഛന് ബുദ്ധിമുട്ട് ആകില്ലേ.. ഞാൻ തനിച്ച് പൊയ്ക്കോളാം.”
അവൾ മനഃപൂർവം എല്ലാവരിൽ നിന്നും അകലാൻ ശ്രമിക്കുകയാണ്. ആർക്കും ഒരു ബാധ്യത ആകാതെ നോക്കുകയാണ്.
അച്ഛന് അത് മനസ്സിലായി.
എങ്കിലും അത് ശരിയല്ലല്ലോ.താൻ ജീവനോടെയുള്ളപ്പോൾ അവൾക്ക് ആരുമില്ലാതാകില്ല.
അയാൾ വേഗം പോയി കുളിച്ചു
റെഡിയായി.
അച്ഛനും മകളും കൂടി പോകുന്നത് നോക്കി നിൽക്കുമ്പോൾ സുലോചനയുടെ മുഖം വാടിയിരുന്നു.
അവളിപ്പോഴും തന്നോട് ഒരകൽച്ച സൂക്ഷിക്കുന്നുണ്ട്.
അന്നത്തെ ആ സംസാരത്തിന് ശേഷം അവൾ തന്നോട് മിണ്ടിയിട്ടില്ല.
ഇപ്പോൾ സ്വന്തമായി ജോലി കണ്ടുപിടിച്ചത് പോലും ആ വാശിമൂലമാണ്.അവളുടെ ജീവിതം ഇല്ലാതായിപ്പോകുമെന്നുള്ള പേടികൊണ്ടാണ് ഓർക്കാതെ പലതും വിളിച്ചു പറയുന്നത്. അത് അവൾക്ക് വലിയ വിഷമമായിട്ടുണ്ടെന്നറിയാം.
മകളെ ജോലി സ്ഥലത്തു ആക്കിയിട്ടു തിരികെ മടങ്ങുമ്പോൾ അയാളുടെ മനസ്സ് ശാന്തമായിരുന്നു.
മകൾ കണ്ട് പിടിച്ച സ്കൂൾ അല്പം ദൂരത്താണെങ്കിലും നല്ല ചുറ്റുപാടും സാലറിയുമൊക്കെയുണ്ട്.. വലിയ പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു അത് അവൾക്ക് ഒരു നല്ല ഭാവിയുണ്ടായാൽ മതിയായിരുന്നു.
അവൻ… ആ രാജീവ് എന്റെ മോളുടെ വില അറിയുന്ന ഒരു ദിവസം വരും..
അയാൾ അണപ്പല്ല് ഞെരിച്ചു.
ആഴ്ചകളും മാസങ്ങളും പലതും കടന്നുപോയി.
നീതു പോയതിനുശേഷം വീട്ടിലേക്ക് തിരികെ വന്നത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്. അതും അച്ഛന്റെ നിർബന്ധം കൊണ്ട്.
സ്കൂളിൽ അവധി കിട്ടുമ്പോൾ ഓടി എത്താൻ പറ്റുന്ന ദൂരം അല്ല. വിശേഷദിവസങ്ങൾക്കൊക്കെ സ്കൂളിന് അവധി കിട്ടുമ്പോൾ അവൾക്കൊന്നു വന്നുകൂടെ..
അമ്മ അച്ഛൻ കേൾക്കെ പരിഭവിക്കുന്നത്
നിത്യ കാണാറുണ്ട്.
ഇപ്പോൾ അമ്മയ്ക്ക് ചേച്ചിയെ കാണാൻ കൊതിയാവുന്നുണ്ട്.
ഒരു വരുമാനമൊക്കെ ആയില്ലേ..
ഇനിയിപ്പോൾ ആരെങ്കിലും ചോദിച്ചാലും ധൈര്യമായി പറയാമല്ലോ. മകൾക്ക് ജോലി കിട്ടി ദൂരെയാണെന്ന്..
നിത്യ എല്ലാദിവസവും ചേച്ചിയുമായി നല്ല കോൺടാക്ട് ഉണ്ട്.
എന്നാൽ തങ്ങളുടെ സംസാരം ഒന്നും അമ്മയോട് അറിയിക്കാറില്ല.
ഒരിക്കൽ സ്കൂളിൽ നിന്ന് വന്നിട്ട് മേലു കഴുകാൻ പോയ നേരത്താണ് അവളുടെ ഫോൺ റിങ്ങ് ചെയ്തത്.
അവൾ തിരികെ വരുമ്പോൾ റൂംമേറ്റ്സ് അഞ്ജലി പറഞ്ഞു നീതുവിന്റെ ഫോണിൽ ആരോ വിളിക്കുന്നുണ്ടായിരുന്നു.
അവൾ ഒട്ടും തിരക്കില്ലാതെയാണ് ഫോൺ എടുത്തു നോക്കിയത്.
നിത്യയാണ്.
പെട്ടെന്ന് അവൾ തിരികെ വിളിച്ചു.
” എന്താ മോളെ എന്താ വിശേഷം.. ഞാൻ പോയതാണ്.. ”
” ചേച്ചി ഇവിടെ ഇന്ന് ഒരു വിശേഷം ഉണ്ടായി.. ”
” വിശേഷമോ..എന്ത് വിശേഷം..? ”
” അതോ ഇവിടെ ഇന്ന് ഒരാൾ വന്നിട്ടുണ്ടായിരുന്നു. ചേച്ചി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളാണ്.. ”
പ്രതീക്ഷിക്കാത്ത ആളോ..അതാരായിരിക്കും??
” നീയൊന്നു തെളിച്ചു പറ.. എനിക്ക് ദേഷ്യം വരുന്നു.. ”
” എങ്കിൽ ഞാൻ പറയുന്നത് കേട്ട് ചേച്ചി ശരിക്കും ദേഷ്യപ്പെട്ടോ.. ഇന്ന് വന്നത് ചേച്ചിയുടെ അമ്മായിയമ്മയാണ്.. ”
നിത്യ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി.
” അമ്മായിയമ്മയോ അവരെന്തിനാണ് അങ്ങോട്ട് വന്നത്..? ”
” അതല്ലേ രസം..ചേച്ചിയെ തിരികെ വിളിച്ചുകൊണ്ടുപോകാൻ വന്നതാണ്.. ”
നിത്യ പറഞ്ഞതുപോലെ ശരിക്കും ദേഷ്യം വന്നു.. ഫോൺ വലിച്ചെറിയാൻ തോന്നി.
” എന്നെ വിളിച്ചുകൊണ്ടുപോകാൻ അവർ ആരാണ്. ഡിവോഴ്സ് നോട്ടീസ് അയക്കാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. ആ ഒരു ചടങ്ങും കൂടി കഴിഞ്ഞാൽ പിന്നെ ഞാനും അവരും തമ്മിൽ ഒരു ബന്ധവുമില്ല. അത്രയ്ക്കും അവരെന്നെ അപമാനിച്ചിട്ടുണ്ട്. മകനെ കൊണ്ട് ഇറങ്ങിപ്പോകാൻ വരെ പറയിപ്പിച്ചു. ഇനിയാ വീട്ടിലേക്ക് ഞാൻ തിരിച്ചു ചെല്ലുമെന്ന് ആരും സ്വപ്നം കാണണ്ട.. ”
നിത്യ ഒന്നും പറഞ്ഞില്ല. ചേച്ചിക്കല്ലേ ചേച്ചിയുടെ ജീവിതത്തെക്കുറിച്ച് അറിയൂ..
അന്നു വൈകിട്ട് അച്ഛൻ അവളെ ഫോൺ വിളിച്ചു.
” മോളുടെ അമ്മ വന്നിട്ടുണ്ടായിരുന്നു. നിത്യ എല്ലാം പറഞ്ഞിട്ടുണ്ടായിരിക്കുമല്ലോ.. അവർക്ക് ഇപ്പോൾ നല്ല കുറ്റബോധമുണ്ട്. അതിന്റെ കാരണം എന്താണെന്ന് മോൾക്ക് അറിയുമോ.. അവർ നിന്നോട് ചെയ്ത തെറ്റിനുള്ള കൂലി അവർക്ക് കിട്ടി. ”
നീതു ഒന്നും മനസ്സിലായില്ല.
” അച്ഛൻ പറയുന്നത് എന്താണ് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.. അവർക്ക് എന്ത് കൂലി കിട്ടിയെന്നാണ്.. ”
മോളെ അവന്റെ പെങ്ങൾ ഇല്ലേ ഗ്രീഷ്മ.
ആ കുട്ടി ഭർത്താവിന്റെ വീട്ടുകാരുമായി പിണങ്ങി വീട്ടിൽ വന്ന് നിൽപ്പുണ്ട്. അതു പക്ഷേ അവര് പറഞ്ഞല്ല ഞങ്ങൾ അറിഞ്ഞത്. അവരെ അറിയാവുന്ന പേരൊരാള് ആണ് ഈ കാര്യമെല്ലാം പറഞ്ഞത്. ഗ്രീഷ്മയെ ഭർത്താവും അമ്മയും ചേർന്ന് ഇറക്കിവിട്ടതാണ്. സ്വന്തം വീട്ടിൽ വന്ന് നിന്നപ്പോഴാണ് രാജീവിന്റെ അമ്മയ്ക്ക് ബോധോദയം ഉണ്ടായത്. എന്നോട് അവൾ ചെയ്തത് തിരിച്ചു സ്വന്തം മോളോട് അവരുടെ വീട്ടുകാർക്ക് ചെയ്തു. ഇതാണ് മോളെ ദൈവം ഉണ്ടെന്ന് പറയുന്നത്
നിന്നെ വിഷമിപ്പിച്ചവർക്ക് അതിനുള്ള ശിക്ഷ കിട്ടി. ഇപ്പോൾ അവർ താഴെ വന്നു. ഇവിടെ വന്ന് കരഞ്ഞില്ലെന്നേ ഉള്ളൂ. നിന്നെ കാണാനും നിന്നോട് ക്ഷമ ചോദിക്കാനും വന്നതാണ്. പക്ഷേ ഞങ്ങൾ നീ എവിടെയാണെന്നോ ജോലി കിട്ടിയതോ ഒന്നും പറഞ്ഞിട്ടില്ല. ”
“അതേ അച്ഛാ അമ്മയ്ക്ക് മാത്രമാണോ ബോധോദയം കിട്ടിയത്.. മകന് ഇതുവരെയും ബോധോദയം വന്നില്ലേ..”
“അവന് നാണക്കേട് കാരണം വരാഞ്ഞതാവും. പക്ഷേ മോളെ അവർ ഒരു ഡിമാൻഡ് വച്ചിട്ടുണ്ട്..”
” എന്ത് ഡിമാൻഡ് ആണ് അച്ഛാ.. “?
” അവര് പറഞ്ഞത് രാജീവിന് രണ്ടുമാസം മുമ്പ് സ്ഥലംമാറ്റം കിട്ടി. അവൻ ഒരു വീട് എടുത്തിട്ട് നീയും അവനും കൂടി ഒന്നിച്ച് താമസിക്കട്ടെ എന്നാണ്.. ഇനിയും നിങ്ങളുടെ കാര്യത്തിൽ അവർ ഇടപെടില്ലത്രേ.. ”
” ഇത് അല്പം മുൻപാലോചിച്ചിരുന്നെങ്കിൽ.
അവർ ഒറ്റ ഒരുത്തിയാണ് മകനെ കൂടി വഴിതെറ്റിച്ചത്. അയാൾക്ക് സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാതാക്കിയത് അവരാണ്.”
” എന്തായാലും നിന്റെ അമ്മയ്ക്ക് അവര് പറഞ്ഞ ഡിമാന്റിനോട് താല്പര്യം ആണ്. അവൾ പറയുന്നത് നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് കഴിയുന്നതാണ് നല്ലത്. വെട്ടൊന്ന് മുറി രണ്ടെന്നു പറയുന്നതുപോലെ ബന്ധം വേർപെടുത്തുന്ന കാര്യമൊക്കെ എളുപ്പമാണ് പക്ഷേ കൂടിചേരാനാണ്
പാട്. ”
രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീതുവിന്റെ ഫോണിലേക്ക് മറ്റൊരു കോൾ കൂടി വന്നു. അതൊരു നമ്പര് മാത്രമായിരുന്നു.
എങ്കിലും അവൾ അത് അറ്റൻഡ് ചെയ്തു.
ഫോണിലൂടെ കേട്ട പുരുഷ സ്വരം അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാതെ ഫോൺ കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മറുപുറത്തു നിന്ന് ഒരു അപേക്ഷയാണ് കേട്ടത്.
” എന്നോട് ക്ഷമിക്കണം നീതു.. പറയുന്നത് നീയില്ലാതെ എനിക്ക് പറ്റില്ല. ഞാനിപ്പോൾ വേറൊരു സ്ഥലത്താണ് ജോലി ചെയ്യുന്നത്. നമുക്ക് അവിടെ ഒരു വീട് ഞാൻ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇനി രണ്ടാമതൊരാൾ നമ്മുടെ ജീവിതത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുകയില്ല.. ”
” ഇതൊക്കെ നിങ്ങൾ എന്തിനാണ് എന്നോട് പറയുന്നത്.
നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത്.? ”
” അങ്ങനെ ചോദിച്ചാൽ നമ്മൾ ബന്ധം വേർപിരിഞ്ഞിട്ടില്ലല്ലോ. നീ ഇപ്പോഴും എന്റെ ഭാര്യ തന്നെയല്ലേ.. ”
” ഒരു ഭാര്യ.. ഇത്രയും നാളും ഈ ഭർത്താവ് എവിടെ പോയിരിക്കുകയായിരുന്നു. ഇപ്പോൾ എന്താണ് പുതിയ ഒരു അന്വേഷണം. ”
” എന്റെ അമ്മയ്ക്ക് എല്ലാ തെറ്റുകളും മനസ്സിലായി. ഞാൻ നിന്നോട് അടുക്കുന്നതും,നമ്മൾ ഒന്നിച്ച് എങ്ങോട്ടെങ്കിലും യാത്ര പോകുന്നതുമൊന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല..
അമ്മയെ പിണക്കിയാൽ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ നിന്നോട് അല്പം പരുഷമായി പെരുമാറിയത്. ഇനി അങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. ഞാൻ അമ്മയോട് തുറന്നു തന്നെ പറഞ്ഞു എല്ലാം.. നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് എന്നാണ് അമ്മ പറഞ്ഞത്. ഞാൻ നിന്നെ വിളിക്കാൻ വരട്ടെ. നീ എന്റെ ഒപ്പം വരില്ലേ.. ”
” എനിക്ക് അങ്ങനെ പെട്ടെന്ന് എങ്ങോട്ടും പോകാൻ പറ്റില്ല. ഞാൻ ഇപ്പോൾ ഒരു സ്കൂളിൽ ജോലി ചെയ്യുകയാണ്. ”
” ഞാൻ അതെല്ലാം അറിഞ്ഞു, എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ടുതരികയാണ്. നമുക്ക് മുന്നിൽ ഒരു വലിയ ജീവിതമുണ്ട് അത് നമ്മളായിട്ട് ഇല്ലാതാക്കരുത്. കഴിഞ്ഞെല്ലാം മറക്കണം. എന്നിട്ട് നമുക്ക് മാത്രമായിട്ട് ഒരു പുതിയ ജീവിതം തുടങ്ങാം എന്താ.? ”
അവൾ അല്പനേരത്തേക്ക് ഒന്നും മിണ്ടിയില്ല.
” നീതു നിന്റെ പിണക്കം മാറിയില്ലേ.. എന്നോട് ഇപ്പോഴും ദേഷ്യമാണോ. ”
” ഞാൻ നിങ്ങളെ എങ്ങനെ വിശ്വസിക്കും. വീണ്ടും ഒരിക്കൽ കൂടി കൂടെ വന്നു കഴിഞ്ഞാൽ നിങ്ങൾ എന്നെ ഇല്ലാതാക്കുമോ എന്ന് പോലും എനിക്ക് ഭയമുണ്ട്. കാരണം ചുറ്റുപാടും നടക്കുന്നത് അങ്ങനെയുള്ള കാര്യങ്ങളാണ്. ഇപ്പോൾ ഞാൻ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് ജീവിക്കുന്നത്. എനിക്ക് സ്വന്തമായി ഭേദപ്പെട്ട ഒരു വരുമാനം ഉണ്ട്. അത് പെട്ടെന്ന് ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ”
” അതിനർത്ഥം നീ എന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണോ..? ”
” എനിക്ക് ഒന്ന് ആലോചിക്കാൻ സമയം വേണം.. ”
” അത് ഓക്കേ,പക്ഷേ അധികം നീണ്ടു പോകരുത്. ”
അവൾ ഒന്നും പറഞ്ഞില്ല.
” എനിക്ക് നിന്നെ ഒന്ന് നേരിൽ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. നമ്മൾ പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറിയേക്കാം”
“ഞാൻ വരാം..”
പറഞ്ഞുകഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്.
സ്കൂളിന് രണ്ടുദിവസം അവധി ഉള്ളസമയം നോക്കിയാണ് അവർ കാണാൻ തീരുമാനിച്ചത്.
രണ്ട് മേശയ്ക്ക് ഇരുവശത്തുമിരുന്നവർ കുറെ നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല.
ഒടുവിൽ രാജീവ് തന്നെ മൗനം മുറിച്ചു.
“എന്താ നിന്റെ തീരുമാനം. മടിക്കാതെ പറഞ്ഞോ. ”
“എനിക്ക് ജോലിക്ക് പോകണം.അത് കളയാൻ പറ്റില്ല..”
“അതൊക്കെ നിന്റെ ഇഷ്ടം പോലെയായിക്കോ. ഇനി ഞാൻ ഒന്നിനും തടസ്സം നിൽക്കില്ല..”
“പക്ഷെ, എനിക്ക് സ്കൂളിൽ പോകേണ്ടത് കൊണ്ട് ഒന്നിച്ചു കഴിയുന്ന കാര്യം സംശയമാണ്.. അതെങ്ങനെ സാധിക്കും. നമ്മൾ രണ്ടു പേരും രണ്ടിടത്താണ് വർക്ക് ചെയ്യുന്നത്. ”
“ഞാൻ എന്തായാലും ഒരു വീട് എടുത്തിട്ടുണ്ട്. എനിക്ക് തന്നെ കുക്ക് ചെയ്യാനൊക്കെ അതാണ് സൗകര്യം.
തനിക്ക് സ്കൂളിന് അവധി ഉള്ളപ്പോഴൊക്കെ അങ്ങോട്ട് വരാമല്ലോ. എന്താ..?”
“ഓക്കേ, അത് നല്ല ഐഡിയ ആണ്.”
“എങ്കിൽ തനിക്ക് ഞാൻ എടുത്ത വീട് കാണണ്ടേ..”
“അതിന് ഇന്നിനി ടൈം ഉണ്ടോ.”
“ഞാൻ തന്നെ ഇവിടേയ്ക്ക് കൊണ്ട് വിട്ടാൽ പോരെ..”
അവൾ ഒന്നും മിണ്ടിയില്ല. മനസ്സിൽ എന്തോ ഒരു ഭയം.. തന്നെ കൂട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനോ മറ്റോ പ്ലാൻ ഉണ്ടോ.. സ്വന്തം ഭർത്താവ് ഒക്കെയാണ്. പക്ഷെ, ഇത്രയും നാള് അകന്നിരുന്നിട്ട് പെട്ടന്ന് ഒരു നാൾ സ്നേഹം കാണിച്ചു വന്നാൽ കണ്ണടച്ചു വിശ്വസിക്കാമോ..
“ഞാൻ വേറൊരു ദിവസം വരാം. ഇന്ന് ഇനി എനിക്ക് കുറെ തുണികൾ വാഷ് ചെയ്യാനുണ്ട്..”
“തനിക്ക് എന്നെയിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലേ..
നിന്റെ കണ്ണിൽ നോക്കിയാലറിയാം ആ ഭയം. ”
അവളൊന്ന് ഞെട്ടി. മനസ്സ് വായിക്കാൻ ഇയാള് എന്നാണോ പഠിച്ചത് ..
അയാൾ പെട്ടന്ന് എന്തോ ഓർത്തത് പോലെ ഫോണിലെ ഗാലറിയിൽ നിന്ന് ഒരു വീഡിയോ അവളുടെ ഫോണിലേക്ക് ഇട്ടു കൊടുത്തു.
“ദാ അതൊന്ന് കണ്ട് നോക്കൂ..
ഞാൻ എടുത്ത വീടാണ്.”
അവൾ വീഡിയോ കണ്ടു. കൊള്ളാം നല്ല വീടാണ്. ഇതിന് റെന്റ് എത്രയാണ്. ”
“ഏയ് അതൊന്നും നീയറിയണ്ട.. എപ്പോൾ വേണമെങ്കിലും നിനക്കങ്ങോട്ട് വരാം.. എങ്കിൽ നമുക്ക് ഇറങ്ങിയാലോ..”
അയാൾ അവളെ ഹോസ്റ്റലിൽ കൊണ്ട് പോയി വിട്ടിട്ട് തിരികെ പോയി.
അന്ന് അച്ഛനെ വിളിച്ചു രാജീവ്മായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞു.
“അവൻ വീട് എടുത്തതൊക്കെ സത്യം തന്നെയാണ്.ഞാൻ അവനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോൾ അമ്മയും മകനും ഒത്തിരി മാറിയെന്നാണ് അറിയാൻ കഴിഞ്ഞത്.നമുക്ക് ഒരവസരം കൂടി കൊടുത്തുകൂടെ..”
“കാര്യമൊക്കെ ശരിയാണ്.. പരീക്ഷണത്തിന് കൊടുക്കേണ്ടത് എന്റെ ജീവിതമാണ്..
എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഒന്നും അറിഞ്ഞില്ല എന്ന് ആരും പറയരുത്..”
അയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല..
മുമ്പുള്ള ജീവിതാനുഭവളാണ് അവളെ അത്തരത്തിൽ പറയിപ്പിക്കുന്നതെന്ന് അയാൾക്കറിയാം
അന്ന് ഒരു ഞായറാഴ്ച്ച..നീതു മിസ്സിന് ഒരു വിസിറ്റർ ഉണ്ടെന്ന് വാർഡൻ ഫോണിലൂടെ വിളിച്ചു പറഞ്ഞു.
മുടി അഴിച്ചിട്ട് അലസമായി ബെഡ്ഡിൽ കിടന്നു മൊബൈലിൽ എന്തോ വായിക്കുകയായിരുന്നു അവൾ.
പെട്ടന്ന് എഴുന്നേറ്റു ഡ്രസ്സ് നേരെ പിടിച്ചിട്ട്, കണ്ണാടിയിൽ നോക്കി മുഖവും മുടിയും ശരിയാക്കി അവൾ താഴെക്കിറങ്ങി ചെന്നു.
വിസിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളിനെ കണ്ട് ഒന്ന് ഞെട്ടി.
ഒട്ടും പ്രതീക്ഷിക്കാത്ത ആൾ..
രാജീവ് ഇയാൾ എങ്ങനെ ഇവിടെ എത്തി..
അച്ഛൻ ആയിരിക്കുമോ സ്ഥലം പറഞ്ഞു കൊടുത്തത്. അല്ലാതെ ആരാണ്..
അവൾക്ക് കടുത്ത കോപമാണ് വന്നത്.
ഒരു വിധത്തിലും ആരും താൻ ജോലി ചെയ്യുന്ന ഇടം കണ്ടു പിടിക്കരുതെന്ന് ആഗ്രഹിച്ചിരുന്നതാണ്.
“എന്താ നീയിങ്ങനെ നോക്കുന്നത്. ഞാൻ എങ്ങനെ ഇവിടെ എത്തിയെന്നാണോ..?”
അവളുടെ മുഖത്തെ വിളർച്ച ശ്രദ്ധിച്ച അയാൾ ചോദിച്ചു.
മറുപടിയും അയാൾ തന്നെ കൊടുത്തു.
“ഞാൻ നിന്റെ അച്ഛനെ വിളിച്ചിരുന്നു. ആദ്യമൊക്കെ അറിയില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ എന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥലം എനിക്കൊന്ന് കാണണ്ടേ..”
“കണ്ടിട്ട് എന്തിനാ..”
“നീയെന്താ ഇങ്ങനെ ചോദിക്കുന്നത്. നമ്മൾ പിണക്കമൊക്കെ മാറ്റിയതല്ലേ. ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതല്ലേ..”
“ഒക്കെ ശരി തന്നെ.. പക്ഷെ ഈ ജോലി കളഞ്ഞിട്ട് എനിക്ക് നിങ്ങളുടെ ഒപ്പം താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണല്ലോ.”
“നീ ജോലി കളയണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. എനിക്ക് നിനെയൊന്ന് കാണാൻ കൊതി തോന്നി വന്നതാണ്. അത് ഇഷ്ടപ്പെട്ടില്ലേ.”
അവളൊന്നും മിണ്ടാതെ നിന്നു.
“താൻ പോയി വേഗം റെഡിയായി വന്നേ. നമുക്ക് പുറത്ത് ഒന്ന് പോയിട്ട് വരാം.”
ഈയാളിന്റെ ഉള്ളിൽ എന്താണ്.. തന്നോടുള്ള യഥാർത്ഥ സ്നേഹം എങ്ങനെയാണ് തിരിച്ചറിയുക.കൂടെ പോയാൽ മറ്റു പലതിനും നിർബന്ധിച്ചെന്ന് വരും. അത് വേണോ..
അവൾക്കാകെ കൺഫ്യൂഷൻ ആയി.
അവൾ മനസ്സില്ലാമനസ്സോടെയാണ് റെഡിയായി വന്നത്.
അന്ന് അയാൾ അവളെയും കൊണ്ട് ഒരു പുതിയ സിനിമ കാണാനാണ് പോയത്. ഇടയ്ക്ക് അയാളുടെ കൈ തന്റെ ചുമലിൽ സ്പർശിക്കുമ്പോൾ തീക്കൊള്ളി കൊണ്ടത് പോലെ അവൾ പതുങ്ങി.
സിനിമ കാണലും കഴിഞ്ഞു ഹോട്ടലിൽ കയറി ഫുഡ് ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ അയാൾ ചോദിച്ചു.
“നമുക്ക് ഒരു റൂം എടുത്താലോ..”
അവൾ ഞെട്ടലോടെ തല വെട്ടിച്ചു.
“ഇല്ല, അത് പറ്റില്ല. എനിക്ക് ഹോസ്റ്റലിൽ സമയം കഴിയുന്നതിനു മുൻപ് എത്തണം.”
“വാർഡന് അറിയാമല്ലോ ഞാൻ തന്റെ ഹസ്ബൻഡ് ആണെന്ന്. പിന്നെന്താ.. അതും പോരെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആകുമെന്ന് വിളിച്ചു പറയാം. എത്ര നാളായെടോ നമ്മൾ ഒന്നിച്ച് ചിലവഴിച്ചിട്ട്.. ഞാൻ ഒരു പുരുഷനല്ലേ.. എനിക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും.നിനക്കറിയോ, നീ വീട്ടിൽ നിന്ന് പോയതിൽ പിന്നെ ഞാൻ പട്ടിണിയാണെന്ന്. വയറു മാത്രം നിറഞ്ഞാൽ പോരല്ലോ ഒരാണിന്. ഇപ്പോൾ ഞാൻ നിന്റെ മുന്നിൽ താഴ്ന്ന് തന്നത് പോലും എന്റെ കയ്യിലെ തെറ്റ് കൊണ്ടാണെന്നു ബോധ്യമുള്ളത് കൊണ്ടാണ്. എന്നിട്ടും നീയോ.. നിനക്കിപ്പോഴും എന്നോട് വെറുപ്പും അകൽച്ചയുമാണ്. ഇത്രയും ദൂരം ഞാൻ ഓടിപ്പാഞ്ഞു വന്നത് തന്നെ നിന്നോട് ഒപ്പം ഒരു ദിവസം മുഴുവനും സ്പെൻഡ് ചെയ്യാൻ വേണ്ടിയാണ്. അത് നീ മറക്കരുത്..”
“ഞാൻ അത്രയ്ക്ക് അനുഭവിച്ചത് കൊണ്ടാണ് നിങ്ങളിലുള്ള എന്റെ വിശ്വാസം പൊയ് പോയത്.. ഇനിയുമൊരു വിവാഹജീവിതം വേണ്ടെന്ന് പോലും ഞാൻ ഉറപ്പിച്ചതുമാണ്. പക്ഷെ, എന്റെഅച്ഛന് വേണ്ടി മാത്രം ഞാൻ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായതാണ്.”
അയാൾ പെട്ടന്ന് എഴുന്നേറ്റ് അവളോട് പറഞ്ഞു.
“ശരി എങ്കിൽ ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ട് വിട്ടേക്കാം. ഇനി ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കാം. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത് മറന്ന് കളഞ്ഞേക്ക്..”
അയാളുടെ മുഖത്തെ കാളിമ കണ്ടപ്പോൾ അവളുടെ ഉള്ളിലെവിടെയോ ഒരു നീറ്റൽ ഉണ്ടായി..
ഈ വിഷമം സത്യമായിരിക്കട്ടെ എന്നാശിച്ചു..ഇത്രയൊക്കെ താഴ്ന്ന് തന്നയാളിന് തന്നോട് സ്നേഹം ഇല്ലാതെ വരുമോ.. അയാളുടെ ഭാര്യയാണ് താനിപ്പോഴും.
അവളും കൂടെ എഴുന്നേറ്റു.
ബാഗിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു.
“മാഡം..ഞാൻ വരുമ്പോൾ കുറച്ചു ലേറ്റ് ആകും..ഹസ്ബന്റിനോടൊപ്പം വീട് വരെ ഒന്ന് പോയതാണ്..”
അവർ ഓക്കേ പറഞ്ഞതും അവൾ ഫോൺ കട്ടാക്കി ബാഗിൽ വെച്ചു.
രാജീവ് അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ട് വിശ്വാസം വരാത്തത് പോലെ അവളെത്തന്നെ നോക്കി നിന്നു.
“എന്താ ഇനി പോകരുതോ..?”
അവളുടെ ഗൗരവത്തിലുള്ള ചോദ്യം കേട്ട് അയാൾ ചിരിച്ചു.
ആ ചിരി അവൾ കാര്യമാക്കിയില്ല.
“പിന്നെ, ഈ പരിപാടി ഇനി മേലിൽ ആവർത്തിക്കരുത്..”
“ഇല്ല മേഡം, ഞാൻ ഇനി ഇതാവർത്തിക്കില്ല..”
അയാളുടെ മുഖം കണ്ട് അവൾക്ക് ചിരി വന്നു. എങ്കിലും പുറത്ത് കാട്ടാതെ അവൾ പിറുപിറുത്തു.
“അന്തസ്സോടെ വീട്ടിലേക്ക് ക്ഷണിക്കുകയല്ല, പകരം കണ്ട ഹോട്ടലിലും മറ്റു മുറിയെടുക്കുന്നത് എന്തൊരു അപമാനമാണ്. ഏതെങ്കിലും പരിചയക്കാര് കണ്ടാൽ എന്ത് പറയും..”
“സ്വന്തം ഭർത്താവ് ആണെന്ന് പറയും.എന്താ അല്ലേ…”
“ആഹ് ആർക്കറിയാം ഭർത്താവ് പോലും.. ഇത്രയും നാളില്ലാത്ത ഭർത്താവ് ഇപ്പൊ എവിടുന്ന് വന്നു. ..”
അയാൾ എന്തോ മറുപടി പറയാൻ തുടങ്ങി. പിന്നെ വേണ്ടെന്ന് വെച്ചിട്ട് അവൾക്ക് വേണ്ടി കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു പിടിച്ചു.
അവർ പരസ്പരം കലഹിച്ചു കൊണ്ട് തന്നെ ആ യാത്ര തുടർന്നു..
അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു..!
ഇണക്കങ്ങളും, പിണക്കങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു യഥാർത്ഥ ജീവിതത്തിന്റെ തുടക്കം..
✍️എസ് എം
